print edition യുപി മീററ്റിൽ ദളിത് സ്‌ത്രീയെ വെട്ടിക്കൊന്ന് മകളെ തട്ടിക്കൊണ്ടുപോയി

മീററ്റ്
യുപി മീററ്റിൽ മകളെ അപമാനിക്കുന്നത് തടഞ്ഞ ദളിത് സ്‌ത്രീയെ സവര്‍ണരായ രണ്ടുപേര്‍ വെട്ടിക്കൊന്നു. മകളെ തട്ടിക്കൊണ്ടുപോയി. മീററ്റിലെ കപ്‍സാദ് ഗ്രാമത്തിൽ വ്യാഴാഴ്‌ച രാവിലെയാണ് സംഭവം. സുനിത ജാതവ് (50) ആണ് കൊല്ലപ്പെട്ടത്. കടുത്ത പ്രതിഷേധമുയര്‍ന്നതോടെ ശനിയാഴ്‌ച ഹരിദ്വാറിൽനിന്ന് രാജ്പുത്, ഠാക്കൂര്‍ ജാതിക്കാരായ പ്രതികളെ പൊലീസ് പിടികൂടി. ഇരുപതുകാരിയായ പെൺകുട്ടിയെയും രക്ഷപ്പെടുത്തി.
കരിമ്പിന്‍ പാടത്തേക്ക് പോകുന്നതിനിടെയാണ് സുനിതയും മകളും ആക്രമിക്കപ്പെട്ടത്. മകളെ അപമാനിക്കുന്നത് തടഞ്ഞ സുനിതയെ കരിമ്പ് വെട്ടാൻ ഉപയോഗിക്കുന്ന അരിവാള്‍ കൊണ്ട് പ്രധാനപ്രതി പരസ് സോം (23) വെട്ടുകയായിരുന്നു. തുടര്‍ന്ന് പരസും കൂട്ടുപ്രതി സുനിൽകുമാറും ചേര്‍ന്ന് മകളെ തട്ടിക്കൊണ്ടുപോയി. കുടുംബത്തെ സന്ദര്‍ശിക്കാൻ ശ്രമിച്ച പ്രതിപക്ഷ പാര്‍ടി നേതാക്കളെ പൊലീസ് തടഞ്ഞു.
അതേസമയം കുടുംബത്തെ സന്ദര്‍ശിക്കാൻ ബിജെപി നേതാക്കളെ അനുവദിച്ചതായും ആരോപണമുണ്ട്. ഏതെങ്കിലും കേസിൽ പ്രതികള്‍ ദളിത്, ന്യൂനപക്ഷ സമുദായത്തിൽനിന്നായാൽ ബുള്‍ഡോസര്‍രാജ് നടപ്പാക്കുന്ന യുപിയിലെ ബിജെപി സര്‍ക്കാര്‍ സവര്‍ണ ജാതിക്കാര്‍ക്കെതിരെ നടപടിയെടുക്കാൻ മടിച്ചുനിൽക്കുകയാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി.










0 comments