ad
Deshabhimani

മഥുര ബോട്ട് ദുരന്തം: മുങ്ങിയ ബോട്ട് കണ്ടെത്തി; അഞ്ച് പേരെ ഇപ്പോഴും കാണാനില്ല

mathura boat accident

വീഡിയോ സ്ക്രീൻഷോട്ട്

വെബ് ഡെസ്ക്

Published on Apr 11, 2026, 11:38 AM | 2 min read

മഥുര: ഉത്തർപ്രദേശിലെ മഥുരയിൽ ബോട്ട് മറിഞ്ഞ് പത്ത് പേർ മരിച്ച സംഭവത്തിൽ അപകടത്തില്‍പ്പെട്ട് മുങ്ങിത്താണ ബോട്ട് കണ്ടെത്തി. അഞ്ച് വിനോദ സഞ്ചാരികളെ ഇപ്പോഴും കണ്ടെത്തിയിട്ടില്ല. വെള്ളിയാഴ്ച യമുന നദിയിലുണ്ടായ അപകടത്തിൽ 22 പേർക്ക് പരിക്കേറ്റിരുന്നു. ബോട്ടിനുള്ളിൽ മൃതദേഹങ്ങളൊന്നും കുടുങ്ങിക്കിടപ്പില്ലെന്ന് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ശനിയാഴ്ച പുലർച്ചെയാണ് ബോട്ട് കണ്ടെത്തിയത്. ആഴത്തിലുള്ള ചതുപ്പിൽ കുടുങ്ങിയ നിലയിലായിരുന്നു ബോട്ട്. കാണാതായവർക്കുള്ള തിരച്ചിൽ തുടരുകയാണ്.


അപകടത്തിൽ പരിക്കേറ്റവരുടെ നില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്. മൃതദേഹങ്ങളുടെ പോസ്റ്റ്‌മോർട്ടം പരിശോധന പൂർത്തിയാക്കി അതത് സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങൾ നടന്നുവരികയാണെന്ന് ഡിഐജി പറഞ്ഞു.ബോട്ട് യാത്രകളിൽ സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കുകയും അപകടത്തിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കുകയും ചെയ്യുമെന്നും അധികൃതർ പറഞ്ഞു.


പഞ്ചാബിൽ നിന്നുള്ള വിനോദസഞ്ചാരികളുമായി പോയ ബോട്ടാണ് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് വൃന്ദാവനത്തിലെ യമുനയിൽ മറിഞ്ഞത്. ഏകദേശം 40 യാത്രക്കാരുമായി യമുനാനദിയിൽ സർവീസ് നടത്തിയ ബോട്ട് ശക്തമായ ഒഴുക്കിൽപ്പെട്ട് പോണ്ടൂൺ പാലത്തിൽ ഇടിച്ചാണ് അപകടമുണ്ടായത്. അനുവദനീയമായതിലും കൂടുതൽ ആളുകൾ ബോട്ടിൽ കയറിയതായും റിപ്പോർട്ടുകളുണ്ട്.


കേശി ഘട്ടിന് സമീപമായിരുന്നു അപകടം. ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് പ്രദേശത്ത് അടുത്തിടെ ഒരു പോണ്ടൂൺ പാലം പൊളിച്ചുമാറ്റിയതായും, നദിയിൽ ചില പോണ്ടൂൺ ഡ്രമ്മുകൾ അവശേഷിച്ചതായും, അതിലൊന്നിലാണ് ബോട്ട് ഇടിച്ചതതെന്നും അധികൃതർ പറഞ്ഞു. ശക്തമായ കാറ്റിനെ തുടർന്ന് ബോട്ട് ശക്തമായി ആടിയുലയുകയും പോണ്ടൂൺ പാലത്തിൽ ഇടിക്കുകയും മറിയുകയും ചെയ്തതായി നാട്ടുകാർ പറയുന്നു.


കവിതാ റാണി (49), ചരൺജിത് (40), സപ്‌ന ഹൻസ് (55), റികേഷ് ഗുലാത്തി, മധുര് ബെൽ, ആശാ റാണി, പിങ്കി ബെൽ, അഞ്ജു ഗുലാത്തി, ഇഷാൻ കതാരിയ, മിനു ബൻസാൽ എന്നിവരാണ് മരിച്ചത്. മണിക് ടണ്ടൻ, പങ്കജ് മൽഹോത്ര, ഋഷഭ് ശർമ്മ, യാഷ് ഭല്ല, മോണിക്ക എന്നിവരെയാണ് കാണാതായത്.


പഞ്ചാബിലെ ലുധിയാനയിൽ നിന്നും മുക്ത്‌സറിൽ നിന്നുമുള്ള 150 ഓളം തീർത്ഥാടകരുടെ സംഘത്തിൽ പെട്ടവരായിരുന്നു ഇവർ. വൃന്ദാവനം സന്ദർശിക്കാനെത്തിയപ്പോഴാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽപ്പെട്ട 22 പേരെ ഉടൻ തന്നെ രക്ഷപ്പെടുത്തി വിവിധ ആശുപത്രികളിലേക്ക് മാറ്റി. നിലവിൽ സംഭവ സ്ഥലത്ത് പൊലീസ്, അഗ്നിശമന സേന, പ്രാദേശിക മുങ്ങൽ വിദഗ്ധർ, എൻഡിആർഎഫ് എന്നിവരടങ്ങുന്ന സംഘങ്ങളും തെരച്ചിൽ നടത്തുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home