print edition ഇരമ്പിയെത്തി രാജ്യം; ഡൽഹിയിൽ യുവജനരോഷം

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ സമരംചെയ്ത യുവജനങ്ങളെ പൊലീസ് തല്ലിച്ചതയ്ക്കുന്നു ഫോട്ടോ: പി വി സുജിത്

കെ പി അക്ഷയ്
Published on Jul 21, 2026, 12:00 AM | 2 min read
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് ഇരമ്പിയ യുവജന പ്രക്ഷോഭത്തിൽ വിറച്ച് മോദി സർക്കാർ. വിദ്യാർഥികളും യുവാക്കളും അണിനിരന്ന പാർലമെന്റ് മാർച്ചിൽ ഡൽഹി സ്‌തംഭിച്ചു. ദേശീയപതാകയും ഭഗത്‌സിങ്, മഹാത്മാഗാന്ധി, ബി ആർ അംബേദ്കർ എന്നിവരുടെ ചിത്രങ്ങളുമായി ഇരച്ചെത്തിയ യുവജനസമുദ്രത്തിന് മുന്നിൽ സംഘപരിവാർ അമ്പരന്നു.
പാർലമെന്റിന്റെ സുരക്ഷാ കവാടങ്ങൾ അടച്ചുപൂട്ടി കേന്ദ്രസേനയും ഡൽഹി പൊലീസും നടത്തിയ അടിച്ചമർത്തൽ ശ്രമം പ്രക്ഷോഭകർ ധീരമായി മറികടന്നു. പൊലീസിന്റെ നരനായാട്ടിൽ പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ നൂറുകണക്കിന് പേർക്ക് പരിക്കേറ്റു. നിരവധി പേരെ അറസ്റ്റ്ചെയ്‌തു. അഭിനേതാക്കളായ പ്രകാശ് രാജിനും ശബാന ആസ്‌മിക്കും നേരെയും സേനകൾ പാഞ്ഞടുത്തു. വാങ്‌ചുക്കിന്റെ ഭാര്യ ഗീതാഞ്ജലി ആങ്‌മോയെ ക്രൂരമായി ആക്രമിച്ചു.
ജന്തർമന്തറിലെ സമരപ്പന്തലുകൾ അടിച്ചുതക ർത്തു. എന്നിട്ടും ഡൽഹിയില്‍ രാത്രിയും യുവജനങ്ങള്‍ പ്രക്ഷോഭം തുടർന്നു. പ്രക്ഷോഭകര്‍ക്ക് പിന്തുണയറിയിച്ച് വൈകിയും കൂടുതല്‍ പേര്‍ സമരവേദയിലേക്കെത്തി. സിപിഐ എം ജനറല്‍സെക്രട്ടറി എം എ ബേബി, സിപിഐ എം ലോക്സഭാ കക്ഷി നേതാവ് കെ രാധാകൃഷ്ണന്‍, വി ശിവദാസന്‍ എംപി, എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് ആദർശ് എം സജി തുടങ്ങിയവര്‍ രാത്രിയും ജന്തര്‍മന്തറില്‍ തുടരുന്നു.
കോക്രോച്ച് ജനതാ പാർടിയുടെയും എസ്‌എഫ്‌ഐ അടക്കമുള്ള സംഘടനകളുടെയും ആഹ്വാനപ്രകാരം ലക്ഷക്കണക്കിനാളുകളാണ് മാർച്ചിനെത്തിയത്. എച്ച്‌കെഎസ് സുർജിത്ത് ഭവനിൽനിന്നും നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും എസ്‌എഫ്‌ഐ പ്രവർത്തകർ മാർച്ച്‌ചെയ്‌തു. ജന്തർമന്തറിലേക്കുള്ള യുവപ്രവാഹത്തിൽ കേന്ദ്രസർക്കാരിന്റെ കണക്കുകൂട്ടൽ പിഴച്ചു. ഇന്റർനെറ്റ് വിലക്കി.
മെട്രോ സ്റ്റേഷനുകൾ അടച്ചു. അടിച്ചമർത്തൽ ശ്രമങ്ങൾ വിജയിക്കില്ലെന്നുറപ്പായതോടെ കേന്ദ്രം ചർച്ചയ്‌ക്ക് തയ്യാറായി. സിജെപി വക്താക്കളായ അശുതോഷ് രംഗ, സൗരവ് ദാസ് എന്നിവർ കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നദ്ദയുമായി കൂടിക്കാഴ്‌ച നടത്തി. പ്രധാൻ ഉടൻ രാജിവയ്ക്കണം, അല്ലെങ്കിൽ പുറത്താക്കണം എന്നുൾപ്പെടെയുള്ള ആവശ്യങ്ങളടങ്ങിയ നിവേദനം കൈമാറി. ഉചിതമായ തലത്തിൽ ആവശ്യങ്ങൾ ചർച്ച ചെയ്യാമെന്ന് നദ്ദ പറഞ്ഞു. ചർച്ചയിൽ ഉറപ്പൊന്നും ലഭിച്ചില്ലെന്നും ആവശ്യങ്ങൾ അംഗീകരിക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്നും സൗരവ് ദാസ് പറഞ്ഞു.
ധർമേന്ദ്ര പ്രധാനുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കൂടിക്കാഴ്‌ച നടത്തി. ചർച്ചയ്‌ക്ക് തയ്യാറായതോടെ സിജെപി സ്ഥാപകൻ അഭിജീത്ത് ദീപ്‌കെ നിരാഹാരം അവസാനിപ്പിച്ചു. നീറ്റ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് ഉത്തരാഖണ്ഡിൽ ആത്മഹത്യചെയ്‌ത റിയ ഥാപ്പയുടെ പിതാവും മുൻ സൈനികനുമായ രാജേഷ് ഥാപ്പ അഭിജീത്തിന് നാരങ്ങാനീര് നൽകി. എസ്‌എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് ആദർശ് എം സജി, ഐഷി ഘോഷ്, ഐസ അഖിലേന്ത്യാ പ്രസിഡന്റ് നേഹ ബോറ എന്നിവരും നിരാഹാരം അവസാനിപ്പിച്ചു. അതിനിടെ, പൊലീസ് ക്രൂരതയിൽ പ്രതിഷേധിച്ച് നിരാഹാരം തുടരുമെന്ന് സോനം വാങ്‌ചുക്ക് പ്രഖ്യാപിച്ചു.










0 comments