ഒഎൻജിസിയുടെ വാതക കിണറ്റിൽ തീപിടിത്തം

ഒഎൻജിസിയുടെ ആന്ധ്രാപ്രദേശിലെ കൊണസീമ ജില്ലയിലെ ഗ്യാസ് ലൈനിൽ വൻ ചോർച്ച. അഗ്നിബാധയും പൊട്ടിത്തെറിയും റിപ്പോർട് ചെയ്തു. ആളപായം ഉണ്ടായതായി വ്യക്തതയില്ല.
ഒഎൻജിസിയുടെ പ്രൊഡക്ഷൻ എൻഹാൻസ്‌മെന്റ് കോൺട്രാക്ടറായ ഡീപ്പ് ഇൻഡസ്ട്രീസ് ലിമിറ്റഡ് നടത്തുന്ന മാൽകിപുരം ഇരുസുമണ്ട ഗ്രാമത്തിലുള്ള ശുദ്ധീകരണ കിണറ്റിലാണ് ചോർച്ചയുണ്ടായത്.
പൊട്ടിത്തെറിയോടെ വലിയ തീപിടിത്തം ഉണ്ടായതായി ഗ്രാമവാസികൾ പറഞ്ഞു. ഇവിടെ മോറി-5 കിണറിൽ തീപിടിത്തമുണ്ടായതായി ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു. അഗ്നിശമന, സുരക്ഷാ നടപടികൾ തുടരുകയാണ്.
ഒഎൻജിസിയുടെ പ്രൊഡക്ഷൻ എൻഹാൻസ്‌മെന്റ് കോൺട്രാക്ടറാണ് ഡീപ്പ് ഇൻഡസ്ട്രീസ്. 1,402 കോടി രൂപയ്ക്ക് 2024 ൽ കരാർ എടുത്ത പദ്ധതിയാണ്.
പ്രദേശത്ത് വൈദ്യുതി വിതരണം മുഴുവനായും വിച്ഛേദിച്ചിരിക്കയാണ്. സ്റ്റൗ പോലുള്ള ഉപകരണങ്ങൾ ഉപയോഗിക്കരുതെന്ന് ജനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്. ഗ്രാമത്തിൽ വെളുത്ത നിറത്തിലുള്ള കട്ടിയുള്ള പുക പടരുന്നത് സോഷ്യൽ മീഡിയകളിൽ പ്രചരിച്ചത് പരിഭ്രാന്തി വർധിപ്പിച്ചു.
കഴിഞ്ഞ വർഷം കൊണസീമ ജില്ലയിലെ മാമിഡികുദുരു മണ്ഡലത്തിലെ പസർലപുടി ഗ്രാമത്തിലും സമാനമായ തീപിടിത്തം ഉണ്ടായിരുന്നു. പുനർനിർമ്മാണ പ്രവർത്തനത്തിനിടെ കിണർ നമ്പർ 21 ൽ ആണ് അപകടം ഉണ്ടായത്.










0 comments