ad
Deshabhimani

'ഭാര്യ'യുടെ വിവാഹം നടത്തി പണം തട്ടാൻ ശ്രമം; വിവാഹത്തട്ടിപ്പിൽ യുവതിയും കൂട്ടരും അറസ്റ്റിൽ

Marriage

വിവാഹചടങ്ങില്‍ നിന്നുള്ള ദൃശ്യം ( Photo: X)

വെബ് ഡെസ്ക്

Published on May 25, 2026, 05:32 PM | 1 min read

ഭോപ്പാൽ: വിവാഹത്തട്ടിപ്പ് കേസിൽ യുവതി പിടിയിൽ. മധ്യപ്രദേശിലെ മൊറേന സ്വദേശിനിയായ രാധ എന്ന ദിക്ഷ മുഡ്ഗലിയാണ് അറസ്റ്റിലായത്. ​ഗ്വാളിയോർ സ്വദേശിയായ രത്തൻ ശർമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ദിക്ഷ പിടിയിലായത്. ജബൽപുരിലെ സ്വകാര്യ ആശുപത്രിയിൽ ജീവനക്കാരനായ രത്തൻ ശർമയ്ക്ക് കുടുംബം ഏറെക്കാലമായി വധുവിനെ തേടുകയായിരുന്നു. ഇതിനിടെയാണ് ഇവരുടെ അയൽക്കാരനായ സോനു തിവാരി മൊറേന സ്വദേശിയായ അജയ് ചൗഹാനെ പരിചയപ്പെടുത്തിയത്.


തന്റെ സഹോദരിയായ രാധയ്ക്ക് വിവാഹം ആലോചിക്കുന്നുണ്ടെന്ന് അജയ് ചൗഹാൻ, രത്തൻ ശർമയുടെ കുടുംബത്തെ അറിയിച്ചു. തു‌ടർന്ന് യുവതിയുടെ ചിത്രവും കുടുംബംത്തിന് കൈമാറി. കണ്ട് ഇഷ്ടപ്പെട്ടതിനെ തുടർന്ന് മെയ് ഏഴിന് വിവാഹവും നടത്തി. അജയ് ചൗഹാൻ തന്നെയായിരുന്നു വിവാഹത്തിന് നേതൃത്വവും നൽകിയത്. വിവാഹത്തിനായി രത്തൻ ശർമ ഏഴ് ലക്ഷത്തോളം രൂപ ചെലവാക്കുകയും ചെയ്തു. വിവാഹത്തിനുശേഷം വധുവും വരനും ഗ്വാളിയോറിലെ വീട്ടിലെത്തി. എന്നാൽ, വിവാഹശേഷം യുവതിയുടെ പെരുമാറ്റത്തിൽ രത്തൻ ശർമയ്ക്കും വീട്ടുകാർക്കും സംശയം തോന്നി.


യുവതി നിരന്തരം വാട്‌സാപ്പിൽ ചാറ്റ് ചെയ്യുന്നതും സംശയത്തിനിടയാക്കി. തുടർന്ന് യുവതിയുടെ വാട്സ്ആപ്പ് പരിശോധിച്ചപ്പോഴാണ് വിവാഹത്തട്ടിപ്പിന്റെ കാര്യം രത്തൻ ശർമയും കുടുംബവും അറിഞ്ഞത്. സഹോദരനായി വിവാഹം നടത്തിയ അജയ് ചൗഹാൻ യുവതിയുടെ ഭർത്താവായിരുന്നു എന്ന് അറിഞ്ഞതോടെ രത്തൻ ശർമ പൊലീസിൽ പരാതി നൽകുകയായിരുന്നു. വിവാഹത്തട്ടിപ്പിലൂടെ പണം തട്ടിയെടുക്കാനായിരുന്നു പ്രതികളുടെ ശ്രമം. സംഭവത്തിൽ യുവതിയുടെ സഹോദരനായി അഭിനയിച്ച യഥാർഥ ഭർത്താവ് സോനു എന്ന അജയ് ചൗഹാൻ ഉൾപ്പെടെ ആറുപേർ കൂടി പ്രതികളാണ്. ഇതിൽ അജയ് ചൗഹാനെ കസ്റ്റഡിയിലെടുത്തതായും ബാക്കി പ്രതികൾക്കായി തെരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home