ഡിജിസിഎയിൽ നികത്താനുള്ളത് പകുതിയോളം ഒഴിവുകൾ: പാർലമെന്റിൽ സിവിൽ വ്യോമയാന മന്ത്രി

ന്യൂഡൽഹി: സിവിൽ വ്യോമയാന മേഖലയിൽ പകുതിയോളം ഒഴിവുകൾ നികത്താതെ കേന്ദ്ര സര്‍ക്കാര്‍. ഡിജിസിഎ പുനഃസംഘടനയുടെ ഭാഗമായി കഴിഞ്ഞ 3 വർഷത്തിനുള്ളിൽ ആകെ 441 തസ്തികകളാണ് സൃഷ്ടിച്ചതെന്ന് സിവിൽ വ്യോമയാന മന്ത്രി രാംമോഹൻ നായിഡു രാജ്യസഭയില്‍ പറഞ്ഞു. വ്യോമയാന മേഖലയിലെ നിലവിലെ പ്രതിസന്ധി സംബന്ധിച്ച് രാജ്യസഭയിൽ മറുപടി നൽകുമ്പോഴാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 1630 തസ്തികകളാണ് ഡിജിസിഎയ്ക്ക് പുതിയതായി അനുവദിച്ചത്. ഇതിൽ 836 തസ്തികകള്‍ നികത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ നാല് മാസത്തിനുള്ളിൽ 22 ഉദ്യോഗസ്ഥർ ജോലിയിൽ പുതുതായി പ്രവേശിച്ചു. 42 ഉദ്യോഗസ്ഥർക്കുള്ള പ്രൊമോഷൻ നടപടികൾ പൂർത്തിയായി. 62 ടെക്‌നിക്കൽ ഓഫീസർമാർ, 5 ഫ്ലൈറ്റ് ഓപ്പറേഷൻസ് ഇൻസ്‌പെക്ടർമാർ (എഫ്‌ഒഐകൾ), 8 സ്റ്റെനോഗ്രാഫർമാർ എന്നിവരെ തെരഞ്ഞെടുത്തിരുന്നു. 121 ഓപ്പറേഷൻസ് ഓഫീസർമാരുടെ പരീക്ഷ നടത്തി.
ഒഴിവുകൾ പരസ്യം ചെയ്യുമ്പോൾ കൃത്യമായ പ്രതികരണം ലഭിക്കാത്തത്, തെരഞ്ഞെടുത്ത ജീവനക്കാർ ജോലിയിൽ പ്രവേശിക്കാത്തത്, പ്രൊമോഷൻ നൽകാൻ അപര്യാപ്തമായ പ്രവൃത്തി പരിചയ കാലയളവ് തുടങ്ങി നിരവധി കാരണങ്ങളാലാണ് ഒഴിവുകൾ നികത്താനാവാത്തതെന്ന് മന്ത്രി പറഞ്ഞു. ഇത്തരം സാഹചര്യങ്ങളിൽ ഹ്രസ്വകാല കരാർ നിയമനത്തിലൂടെ ജീവനക്കാരെ നിയമിക്കുന്നു.
ഡിജിസിഎയുടെ മാർഗനിർദേശങ്ങൾക്ക് അനുസൃതമായി എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) ആണ് എയർ ട്രാഫിക് കൺട്രോളർമാരുടെ (എടിസിഒ) നിയമനം നടത്തുന്നത്. ആ തസ്തികയിലും ധാരാളം ഒഴിവുകളുണ്ട്. എന്നാൽ എടിസിഒമാരുടെ അഭാവം വ്യോമയാന സുരക്ഷയെ ബാധിച്ചിട്ടില്ലെന്നും നിലവിലുള്ളവരെ കൃത്യമായി വിന്യസിച്ചതിലൂടെ പരിഹരിച്ചെന്നും മന്ത്രി വ്യക്തമാക്കി.
2025ൽ രണ്ട് ഫ്ലൈയിംഗ് ട്രെയിനിംഗ് ഓർഗനൈസേഷനുകൾ ഡിജിസിഎ അംഗീകരിച്ചു. ട്രെയിനിങ്ങിന് 61 വിമാനങ്ങൾ കൂടി ഉൾപ്പെടുത്തി. ഇതോടെ ആകെ വിമാനങ്ങളുടെ എണ്ണം 379 ആയി. കഴിഞ്ഞ 3 വർഷങ്ങളിൽ പരിശീലന വിമാനങ്ങളുടെ എണ്ണം 73% വർധിച്ചു. ചീഫ് ഫ്ലൈയിംഗ് ഇൻസ്ട്രക്ടർ (സിഎഫ്ഐ)/ഡെപ്യൂട്ടി സിഎഫ്ഐകളുടെയും എക്സാമിനർമാരുടെയും എണ്ണത്തിൽ 23.8% വർദ്ധനവ് ഉണ്ടായതായും മന്ത്രി രാജ്യ സഭയിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.










0 comments