വീടിന് മുന്നിലുണ്ടായ ബഹളം ചോദ്യം ചെയ്തു; മണിപ്പൂരി സംഗീതജ്ഞനെ മർദിച്ചുകൊന്നു

ന്യൂഡൽഹി: വീടിന് പുറത്തുണ്ടായ ബഹളം ചോദ്യം ചെയ്ത മണിപ്പൂരി സംഗീതജ്ഞനെ തല്ലിക്കൊന്നു. ദക്ഷിണ ഡൽഹിയിലെ കിലോക്കരിയിലാണ് മണിപ്പൂരി സംഗീതജ്ഞൻ ചോങ്‌തം വിക്രം സിംഗ് (55) മർദനമേറ്റ് കൊല്ലപ്പെട്ടത്. പ്രമുഖ മണിപ്പൂരി റോക്ക് ബാൻഡായ 'ഫീനിക്സി'ന്റെ മുൻ ലീഡ് ഗിത്താറിസ്റ്റായ വിക്രം സിംഗ്, നിലവിൽ ഡൽഹിയിൽ സംഗീത അധ്യാപകനായി ജോലി ചെയ്തു വരികയായിരുന്നു.
ഞായറാഴ്ച രാത്രി 11.30ഓടെ വീടിനു മുന്നിൽ ശബ്ദമുണ്ടാക്കിയ സംഘത്തോട് ബഹളം വെക്കരുതെന്ന് വിക്രം സിംഗ് ആവശ്യപ്പെട്ടു. തുടർന്നുണ്ടായ തർക്കത്തിൽ പ്രതികൾ അദ്ദേഹത്തെ ക്രൂരമായി മർദക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിക്രം സിംഗിനെ മകൻ യായ്ഫാബ ഉടൻ തന്നെ ഒഖ്‌ലയിലെ ഹോളി ഫാമിലി ആശുപത്രിയിൽ എത്തിച്ചെങ്കിലും തിങ്കളാഴ്ച പുലർച്ചെയോടെ മരണം സംഭവിച്ചു.
ശരീരത്തിലേറ്റ കഠിനമായ ക്ഷതവും തുടർന്നുള്ള രക്തസ്രാവവുമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു. സംഭവത്തിൽ ഉൾപ്പെട്ട ഏഴ് പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്യുകയും പ്രായപൂർത്തിയാകാത്ത ഒരാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഡെലിവറി എക്സിക്യൂട്ടീവുകളായി ജോലി ചെയ്യുന്നവരാണ് പ്രതികൾ. ഭാര്യയും ഒരു മകനുമാണ് അദ്ദേഹത്തിനുള്ളത്.









0 comments