മിന്നൽ പ്രളയം; 200 കോടി രൂപ ആവശ്യപ്പെട്ട് നേപ്പാൾ, കൂടുതൽ ബാധിച്ചത് കുട്ടികളെയെന്ന് യൂണിസെഫ്

PHOTO CREDIT: AFP
കാഠ്മണ്ഡു: രാജ്യത്തെ തകർത്ത മിന്നൽ പ്രളയത്തിനു പിന്നാലെ കാലാവസ്ഥാ നഷ്ടപരിഹാരമായി 20 മില്യൺ ഡോളർ ആവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭയുടെ ലോസ് ആൻഡ് ഡാമേജ് ഫണ്ടി (Loss and Damage Fund)നെ സമീപിച്ച് നേപ്പാൾ. ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലിൽ നേപ്പാളിന്റെ പങ്ക് 0.1 ശതമാനത്തിൽ താഴെയാണെന്നും, എന്നാൽ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഏറ്റവും രൂക്ഷമായ പ്രത്യാഘാതങ്ങൾ രാജ്യം നേരിടുകയാണെന്നും വിദേശകാര്യമന്ത്രി ശിശിർ ഖനാൽ പറഞ്ഞു.
ആഗസ്ത് അവസാനം ടിബറ്റിലും നേപ്പാളിലുമുണ്ടായ മണ്ണിടിച്ചിലിലും മിന്നൽപ്രളയത്തിലും 1300ലധികം പേർക്കാണ് ജീവൻ നഷ്ടമായത്. 5,500-ലധികം പേരെ കാണാതായി. പ്രളയനാശത്തിന്റെ മൊത്തം ചെലവ് 47000 കോടി (5 ബില്യൺ ഡോളർ) യിലധികമാകാമെന്നാണ് പ്രാഥമിക കണക്ക്. 20,000-ത്തിലധികം വീടുകൾ പുനർനിർമിക്കേണ്ടിവരുമെന്നും പ്രധാന ഹൈവേകൾ പുനഃസ്ഥാപിക്കണമെന്നും നദീതീരങ്ങളിലെ ചില ഗ്രാമങ്ങൾ സുരക്ഷിതമായ ഉയർന്ന പ്രദേശങ്ങളിലേക്ക് മാറ്റേണ്ടിവരുമെന്നും സർക്കാർ പറയുന്നു.
കുട്ടികളെയാണ് ദുരന്തം ഏറ്റവും കൂടുതൽ ബാധിച്ചതെന്ന് യൂണിസെഫ് ചൂണ്ടിക്കാട്ടുന്നു. കുറഞ്ഞത് 22,000 കുട്ടികൾക്ക് അടിയന്തരമായി കുടിവെള്ളം, ശുചിത്വ സൗകര്യങ്ങൾ എന്നിവ ആവശ്യമാണ്. കുടിവെള്ള-മലിനജല സംവിധാനങ്ങൾ തകർന്നതും ഷെൽട്ടറുകളിലെ തിരക്കും കാരണം ജലജന്യ- പകർച്ചവ്യാധികൾ പടരാനുള്ള സാധ്യത ഉയർന്നിട്ടുണ്ട്.
അഞ്ചുവയസ്സിന് താഴെയുള്ള ഏകദേശം 2,600 കുട്ടികൾക്ക് പോഷകക്കുറവിനുള്ള ചികിത്സ ആവശ്യമായി വരുമെന്നാണ് കണക്ക്. ഗർഭിണികൾക്കും മുലയൂട്ടുന്ന സ്ത്രീകൾക്കും പ്രത്യേക പോഷക- ആരോഗ്യ സഹായവും ആവശ്യമാണ്. വീടുകളും ബന്ധുക്കളെയും നഷ്ടപ്പെട്ട കുട്ടികളിൽ മാനസിക ആഘാതവും ഗുരുതരമാണെന്ന് യൂണിസെഫ് പറയുന്നു. കുറഞ്ഞത് 107 കുട്ടികൾക്ക് മാതാപിതാക്കളെ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് യൂണിസെഫ് റിപ്പോർട്ട്.
കുട്ടികളുടെ കടത്ത്, ചൂഷണം, ലൈംഗിക അതിക്രമം എന്നിവയ്ക്കുള്ള സാധ്യതയും വർധിച്ചിട്ടുണ്ടെന്നും അതിനാൽ കുട്ടികൾക്ക് സുരക്ഷിത ഇടങ്ങൾ, താൽക്കാലിക പഠന സൗകര്യങ്ങൾ, പോഷകാഹാരം എന്നിവ അടിയന്തരമായി ഒരുക്കണമെന്നും യൂണിസെഫ് ആവശ്യപ്പെടുന്നു








0 comments