മണിപ്പൂരിൽ വീണ്ടും സംഘർഷം: മൂന്ന് പേർ കൊല്ലപ്പെട്ടു; വീടുകൾക്ക് തീയിട്ടു

ഇംഫാൽ: മണിപ്പൂരിൽ കാങ്‌പോക്‌പി ജില്ലയിലെ ഗ്രാമത്തിനു നേരെ പുലർച്ചെയുണ്ടായ സായുധ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. അക്രമികൾ ഗ്രാമത്തിലെ നിരവധി വീടുകൾ തീയിട്ട് നശിപ്പിച്ചു. ലെത്ഖോംഗം ഹാക്കിപ്പ്, ടിൻമറി ഹാക്കിപ്പ്, ജംഗ്മിൻലാൽ ഹാക്കിപ്പ് എന്നിവരാണ് കൊല്ലപ്പെട്ടത്.
വെള്ളിയാഴ്ച പുലർച്ചെ 4.10 ഓടെയാണ് ന്യൂ കെീഥൽമാൻബി പ്രദേശത്തെ ലോയ്‌ബോൾ ഗ്രാമത്തെ നടുക്കിയ ആക്രമണമുണ്ടായത്. അത്യാധുനിക ആയുധങ്ങളുമായെത്തിയ സംഘം ഗ്രാമത്തിനു നേരെ വെടിയുതിർക്കുകയായിരുന്നു. വെടിയൊച്ച കേട്ട് പരിഭ്രാന്തരായ ഗ്രാമവാസികൾ ജീവനുംകൊണ്ട് ചിതറിയോടി. എന്നാൽ മൂന്ന് പേർക്ക് ജീവൻ നഷ്ടമാവുകയായിരുന്നു.
ആക്രമണത്തിന് പിന്നാലെ ഗ്രാമത്തിലെ വീടുകൾക്ക് നേരെ അക്രമികൾ തീയിടുകയായിരുന്നു. നിമിഷങ്ങൾക്കകം പല വീടുകളും കത്തിച്ചാമ്പലായി. വിവരമറിഞ്ഞ് സുരക്ഷാസേന സ്ഥലത്തേക്ക് തിരിച്ചു.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ലെങ്കിലും, ഇതിന് പിന്നിൽ സായുധ തീവ്രവാദികളാണെന്ന് ഗ്രാമവാസികൾ ആരോപിക്കുന്നു.










0 comments