ad
Deshabhimani

മണിപ്പൂരിൽ 58,000-ത്തിലധികം പേർ ഇപ്പോഴും അഭയാർത്ഥികൾ; കലാപം ഇതര വിഭാഗങ്ങളിലേക്കും

h

Courtesy - Paojel Chaoba/AP Photo

വെബ് ഡെസ്ക്

Published on Apr 22, 2026, 10:34 AM | 2 min read

ഇംഫാൽ: മണിപ്പൂരിൽ മൂന്ന് വർഷത്തോളമായി തുടരുന്ന കലാപത്തിന് അറുതി വരുത്താനാവാതെ സര്‍ക്കാര്‍. ബി ജെ പി സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ 2023 മെയ് 3-ന് ആരംഭിച്ച സംഘർഷം ഇപ്പോൾ ഇതര ഗോത്ര വിഭാഗങ്ങളിലേക്കും പടരുന്ന സാഹചര്യമാണ്. മെയ്തെയ് കുക്കി വിഭാഗങ്ങൾ തമ്മിലുള്ള തര്‍ക്കവും ഏറ്റുമുട്ടലുകളും മൂന്നുവര്‍ഷമായി തുടരുന്നു.


ഇതിനിടെ, കഴിഞ്ഞ മാസം അതിര്‍ത്തി ജില്ലയായ ഉക്രൂലിൽ തങ്കൂൾ നാഗ വിഭാഗവും ആക്രമിക്കപ്പെട്ടു. രണ്ട് നാഗാ വംശജർ കൊല്ലപ്പെട്ടു. കലാപം നാഗാ വിഭാഗങ്ങളിലേക്കും പടരുമോ എന്ന ആശങ്ക നിലനിൽക്കെ കഴിഞ്ഞ ദിവസം സേനാപതി ജില്ലയിൽ നാഗ-കുക്കി വിഭാഗങ്ങൾ തമ്മിൽ സംഘര്‍ഷം ഉടലെടുത്തു. സാധാരണക്കാർക്ക് നേരെ നടന്ന പതിയിരുന്നാക്രമണത്തിന് പിന്നാലെയാണ് ഇരുവിഭാഗങ്ങളും തമ്മിൽ ഏറ്റുമുട്ടൽ ആരംഭിച്ചത്. വെടിവെപ്പും കല്ലേറും ഉണ്ടായതിനെത്തുടർന്ന് സേനാപതിയിൽ സുരക്ഷാസേനയുടെ വൻ സന്നാഹത്തെ വിന്യസിച്ചു. അക്രമം വ്യാപിക്കാതിരിക്കാൻ കർഫ്യൂ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ കടുപ്പിച്ചിരിക്കുകയാണ്.


കലാപത്തിൽ ഇതുവരെ 217 പേർ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്ക്. 58,821 പേർ ആഭ്യന്തരമായി കുടിയിറക്കപ്പെട്ടതായി സംസ്ഥാന ആഭ്യന്തര വകുപ്പ് കണക്കുകൾ പറയുന്നു. സംസ്ഥാനത്ത് ഇതുവരെ 7,894 വീടുകൾ പൂർണ്ണമായും 2,646 വീടുകൾ ഭാഗികമായും തകർക്കപ്പെട്ടു. നിലവിൽ 174 ദുരിതാശ്വാസ ക്യാമ്പുകൾ സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ട്.


ഏപ്രിൽ മാസത്തിന്റെ തുടക്കത്തിൽ ബിഷ്ണുപുർ ജില്ലയിലുണ്ടായ ബോംബാക്രമണത്തിൽ രണ്ട് കുരുന്നുകൾ കൊല്ലപ്പെട്ടത് താഴ്‌വരയിൽ സംഘര്‍ഷത്തിന് പുതിയ മുഖം നൽകി. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ പ്രതിഷേധവുമായി തെരുവിലിറങ്ങി. ഇതിനെത്തുടർന്ന് ഇംഫാൽ ഈസ്റ്റ്, വെസ്റ്റ് ഉൾപ്പെടെ അഞ്ച് ജില്ലകളിൽ സർക്കാർ ഇന്റർനെറ്റ് നിരോധനവും കർഫ്യൂവും ഏർപ്പെടുത്തി.


രാഷ്ട്രപതി ഭരണം അവസാനിപ്പിച്ച് മുഖ്യമന്ത്രി യുംനം ഖേംചന്ദ് സിംഗിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ അധികാരം ഏറ്റുവെങ്കിലും സമാധാന ശ്രമങ്ങൾ എങ്ങുമെത്താതെ തുടരുകയാണ്.


അധികാരം മാറി, വിഭാഗീതയ വിദ്വേഷമായി


2023 മെയ് മാസത്തിൽ കലാപം പൊട്ടിപ്പുറപ്പെടുമ്പോൾ ബിജെപിയുടെ എൻ ബിരേൻ സിംഗ് ആയിരുന്നു മുഖ്യമന്ത്രി. കലാപം നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ട ഇദ്ദേഹം 2025 ഫെബ്രുവരി 9-ന് അദ്ദേഹം രാജിവെച്ചു.


ബിരേൻ സിംഗിന്റെ രാജിയെത്തുടർന്ന് 2025 ഫെബ്രുവരി 13-ന് മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി. ഒരു വർഷത്തോളം സംസ്ഥാനം കേന്ദ്രത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നു. ഈ സമയത്ത് നിയമസഭ പിരിച്ചുവിടാതെ സസ്പെൻഡ് ചെയ്തു നിർത്തുകയായിരുന്നു (Suspended Animation). കലാപം പൂര്‍ണ്ണമായും നിയന്ത്രണ വിധേയമായി എന്നായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അവകാശവാദം.


ഏകദേശം ഒരു വർഷത്തെ രാഷ്ട്രപതി ഭരണത്തിന് ശേഷം, 2026 ഫെബ്രുവരി 4-ന് മണിപ്പൂരിൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ട സർക്കാർ അധികാരമേറ്റു. സംഘര്‍ഷം നിയന്ത്രിച്ച് കൈമാറുന്നു എന്ന പ്രതീതിയിലായിരുന്നു ഇത്. പുതിയ മുഖ്യമന്ത്രി യുംനം ഖേംചന്ദ് സിംഗ് (Yumnam Khemchand Singh). ആണ്. ഇദ്ദേഹം നേരത്തെ നിയമസഭാ സ്പീക്കറായും മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.


തുടര്‍ച്ചയായി കോൺഗ്രസ് ഭരണത്തിലായിരുന്ന സംസ്ഥാനം നേതാക്കളെ മറുകണ്ടം ചാടിച്ചാണ് ബിജെപി പിടിച്ചെടുത്തത്. എൻ ബിരേൻ സിംഗ് കോൺഗ്രസ് നേതാവായിരുന്നു. മന്ത്രിസഭയിലെ മിക്ക അംഗങ്ങളും കോൺഗ്രസിൽ നിന്നും കാലുമാറി എത്തിയവരാണ്. വിദ്വേഷ രാഷ്ട്രീയം പ്രയോഗിച്ച് സംസ്ഥാനം സ്വന്തമായി നിയന്ത്രണത്തിലാക്കാനുള്ള നീക്കം പാളിയാണ് സംഘര്‍ഷത്തിൽ കലാശിച്ചത്. അത് ഇപ്പോഴും തുടരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home