ad
Deshabhimani

'മണിപ്പൂർ' മുറിവുകൾ തുന്നിക്കൂട്ടാനാവാത്ത മൂന്ന് വർഷങ്ങൾ

Manipur

മണിപ്പൂരിലെ സ്ത്രീകൾക്ക് നേരെ നടന്ന അതിക്രമത്തിനെതിരെ ഡൽഹിയിൽ നടന്ന പ്രതിഷേധത്തിൽ നിന്ന് | Photo Credit: Adnan Abidi/Reuters

വെബ് ഡെസ്ക്

Published on May 03, 2026, 01:06 PM | 3 min read

ന്ത്യയുടെ സപ്തസുന്ദരികളെന്ന് അറിയപ്പെടുന്ന വടക്ക് - കിഴക്കൻ സംസ്ഥാനങ്ങളിലൊന്നാണ് മണിപ്പൂർ. മനോഹരമായ പ്രകൃതി സൗന്ദര്യവും ഹൃദയസ്പർശിയായ ഭൂപ്രകൃതിയും നിറഞ്ഞ ഇംഫാൽ താഴ്‌വരയുടെ എല്ലാ വശങ്ങളും പച്ചപ്പണിഞ്ഞ കുന്നുകളാൽ ചുറ്റപ്പെട്ടിരിക്കുന്നു. ജനവാസകേന്ദ്രങ്ങൾക്കിടയിലുള്ള നെൽവയലുകളിലൂടെ വളഞ്ഞു പുളഞ്ഞൊഴുകുന്ന അരുവികൾ മണിപ്പൂരിലെ സമതലങ്ങളെ കൂടുതൽ മനോ​ഹരമാക്കുന്നു.


37 ലക്ഷം ജനങ്ങൾ അധിവസിക്കുന്ന മണിപ്പൂരിന്റെ സൗന്ദര്യം നഷ്ടപ്പെടാൻ തുടങ്ങിയിട്ട് ഇന്നേക്ക് മൂന്ന് വർഷം പിന്നിടുകയാണ്. 2023 മെയ് മാസത്തിലെ മൂന്നാം തിയതി വൈകുന്നേരം മുതൽ അവിടുത്തെ വീടുകൾക്കും പള്ളികൾക്കും മറ്റു കെട്ടിടങ്ങൾക്കും കലാപകാരികൾ തീയിട്ടതോടെ ഉയർന്ന കറുത്ത പുകപടലങ്ങൾ മനോഹരിയായ മണിപ്പൂരിന് കളങ്കമേൽപ്പിച്ചു. ക്രൂരമായ കൊലപാതകങ്ങൾക്കും ആക്രമണങ്ങൾക്കുമിടയിൽ മണിപ്പൂർ ലോകത്തിന് മുന്നിൽ ഒരു തീരാവേദനയായി മാറി. ഭൂരിപക്ഷ സമുദായമായ മെയ്‌തികളും കുക്കി ഗോത്രവർഗക്കാരും തമ്മിലുള്ള രക്തരൂക്ഷിതമായ വംശീയ കലാപത്തിന്റെ നിഴലിലാണ് മണിപ്പൂരിപ്പോഴും.


2023 മെയ് മൂന്നിന് ചുരാചന്ദ്‌പൂരിൽ ആരംഭിച്ച വംശീയ സംഘർഷം ഒരു ദശാബ്ദത്തിനിടയിൽ ഇന്ത്യ കണ്ട ഏറ്റവും ഭീകരമായ ആഭ്യന്തര കലാപമായി ഇന്നും പുകഞ്ഞുകൊണ്ടിരിക്കുകയാണ്. സമാധാനപൂർവം കഴി‍‍ഞ്ഞിരുന്ന മനുഷ്യർക്കിടയിൽ വിഭജനത്തിന്റെ മതിലുകൾ ഉയർന്നു. ക്യാമ്പുകളിൽ ജീവിതം തള്ളിനീക്കുന്ന ലക്ഷക്കണക്കിന് അഭയാർത്ഥികൾ ഭരണകൂട ഭീകരതയുടെ ജീവിക്കുന്ന രക്തസാക്ഷികളാണ്.


വിഭജനത്തിന്റെ രാഷ്ട്രീയം


വംശീയത ആഴത്തിൽ വേരൂന്നിയ ഒരു നാടായിരുന്നെങ്കിലും ഭരണനേട്ടത്തിനായി ബിജെപിയും സംഘപരിവാറും നടത്തിയ ആസൂത്രിത സംഘർഷമാണ് മണിപ്പൂരിനെ ഇന്നും പിടിച്ചുലച്ചു കൊണ്ടിരിക്കുന്ന കലാപം. മെയ്‌തി - കുക്കി വിഭാഗങ്ങൾക്കിടയിൽ കാലങ്ങളായി നിലനിന്നിരുന്ന ചെറിയ തർക്കങ്ങളെ വലിയൊരു വംശീയ കലാപത്തിൽ നിന്ന് വർ​ഗീയ സംഘർഷമാക്കി മാറ്റുന്നതിൽ ഭരണകൂടം വഹിച്ച പങ്ക് ചെറുതല്ല. കലാപം പൊട്ടിപ്പുറപ്പെട്ട് 48 മണിക്കൂറിനുള്ളിൽ മണിപ്പൂരിലെ ക്രിസ്ത്യൻ ആരാധനാലയങ്ങൾ ആക്രമിക്കപ്പെട്ടത് ഇതിന് തെളിവാണ്.


മെയ്തി വിഭാ​ഗക്കാർക്ക് പട്ടികവർ​ഗ പദവി നൽകി, സംവരണം ഉറപ്പാക്കണമെന്ന ഇംഫാൽ ​ഹൈക്കോടതി വിധി വന്നതോടയാണ് മണിപ്പൂരിൽ കലാപങ്ങൾക്ക് തുടക്കമായത്. സുരക്ഷാ സംവിധാനങ്ങൾക്ക് പിടിച്ചു നി‌ർത്താനാവാത്ത വിധം കലാപം രൂക്ഷമായി. പൊലീസ് സ്റ്റേഷനുകളിൽ നിന്ന് തോക്കുകൾ പോലും കവർച്ച ചെയ്യപ്പെട്ടു. കലാപകാരികൾ പരസ്പരം വെടിയുതിർത്തു. മണിപ്പൂർ വർ​ഗീയ കലാപത്തിന് ഇരയായി.


ഭരണകൂട ഇരട്ടത്താപ്പും വർ​ഗീയതയും


കോൺ​ഗ്രസിൽ നിന്ന് അധികാരക്കസേരക്കായി ബിജെപിയിലെത്തിയ ബിരേൻ സിങ് ആയിരുന്നു അന്ന് മണിപ്പൂരിലെ മുഖ്യമന്ത്രി. ഭൂരിപക്ഷ വിഭാ​ഗമായ മെയ്തികളുടെ പക്ഷത്ത് നിന്നാണ് അന്ന് ബിരേൻ സിങ് പ്രവർത്തിച്ചത്.


സംവരണമടക്കമുള്ള വിഷയങ്ങൾ ഉയർത്തിക്കാട്ടി ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാനാണ് ബിജെപി ഭരണത്തിന്റെ പിൻബലത്തിൽ സംഘപരിവാർ അനുകൂല സംഘടനകളായ ആരംബായ് തെംഗോലും മെയ്‌ത്തീ ലീപുണും ശ്രമിച്ചത്. കുക്കി വിഭാഗത്തിനെതിരെ വിദ്വേഷപ്രചരണം നടത്തി വംശീയവും വർഗീയവുമായ ചേരിതിരിവ് സൃഷ്ടിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചത് ഇവരായിരുന്നു.


ക്രമസമാധാനം പൂർണമായും തകർന്നിട്ടും ബിരേൻ സിംഗ് സർക്കാരിനെ സംരക്ഷിക്കുന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്. രാജ്യം മുഴുവൻ ഉറ്റുനോക്കിയിട്ടും മണിപ്പൂർ സന്ദർശിക്കാനോ സമാധാനത്തിനായി നേരിട്ട് ഇടപെടാനോ പ്രധാനമന്ത്രി തയ്യാറായില്ല എന്നത് വലിയ വിമർശനങ്ങൾക്ക് വഴിതെളിച്ചു.


മണിപ്പൂരിലെ ജനസംഖ്യയുടെ 53 ശതമാനം വരുന്ന ഭൂരിപക്ഷമാണ് മെയ്തി വിഭാ​ഗക്കാർ. ഇതിൽ ഭൂരിഭാ​ഗം പേരും ഹിന്ദുമതം പിന്തുടരുന്നവരാണ്. വളരെ ചെറിയ ഒരു വിഭാ​ഗം ആളുകൾ ക്രിസ്ത്യൻ മതവും, ഇസ്ലാം മതവും സ്വീകരിച്ചവരുമാണ്. എന്നാൽ ​ഗോത്ര വിഭാ​ഗക്കാരായ കുക്കികളും നാ​ഗന്മാരും അധികവും ക്രിസ്ത്യൻ മതത്തിന്റെ ഭാ​ഗമായവരാണ്. ഇവർക്കിടയിലേക്ക് വംശീയ ഉന്മൂലനത്തിന്റെ ചുവടുപറ്റി വർ​ഗീയകലാപത്തിന് തിരികൊളുത്തുകയായിരുന്നു ബിജെപിയും സംഘപരിവാറും.


ഇരയാക്കപ്പെട്ട സ്ത്രീകളും തകർന്നുവീണ ബാല്യങ്ങളും


ഇരുപക്ഷത്തേയും തീവ്രവാദ സ്വഭാവമുള്ള അക്രമിസംഘങ്ങൾ മണിപ്പൂരിനെ വർ​ഗീയ കലാപത്തിനിരയാക്കിയപ്പോൾ ബാക്കിയായത് അനാഥമാക്കപ്പെട്ട ജീവിതങ്ങളാണ്. ഏതൊരു യുദ്ധത്തിലും വംശീയ കലാപത്തിലും ഏറ്റവും വലിയ വില നൽകേണ്ടി വരുന്നത് സ്ത്രീകളും കുട്ടികളുമാണ്. മണിപ്പൂരിലെ തെരുവുകളിലും സ്ഥിതി മറ്റൊന്നായിരുന്നില്ല. അവിടെ ഇന്നും മുഴങ്ങിക്കേൾക്കുന്നത് ഉറ്റവരെ നഷ്ടപ്പെട്ട സ്ത്രീകളുടേയും ഭാവിയെന്തെന്നറിയാത്ത കുരുന്നുകളുടെയും തേങ്ങലുകളാണ്.


ഈ കലാപത്തിലെ ഏറ്റവും കറുത്ത അധ്യായം സ്ത്രീകൾക്കെതിരെ നടന്ന അതിക്രമങ്ങളാണ്. കുക്കി വിഭാഗത്തിൽപ്പെട്ട സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തുകയും കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്ത ദൃശ്യങ്ങൾ പുറത്തുവന്നപ്പോൾ മാത്രമാണ് രാജ്യം ഈ വിഷയത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞത്. ഇന്നും റിപ്പോർട്ട് ചെയ്യപ്പെടാത്ത നൂറുകണക്കിന് കേസുകൾ എങ്ങുമെത്താതെ നീതിക്കായി കാത്തിരിക്കുന്നു.


അതിക്രമങ്ങളെ അതിജീവിച്ചവർ ഇന്നും കടുത്ത മാനസികാഘാതത്തിലാണ്. അവർക്ക് വേണ്ട ചികിത്സയോ സുരക്ഷിതബോധമോ നൽകുന്നതിൽ ഭരണകൂടം പരാജയപ്പെട്ടു. നൂറുകണക്കിന് സ്കൂളുകൾ ഒന്നുകിൽ തകർക്കപ്പെട്ടു, അല്ലെങ്കിൽ അഭയാർത്ഥി ക്യാമ്പുകളായി മാറി. ആയിരക്കണക്കിന് കുട്ടികൾക്ക് വർഷങ്ങളായി കൃത്യമായ വിദ്യാഭ്യാസം ലഭിക്കുന്നില്ല. വൃത്തിഹീനമായ ക്യാമ്പുകളിൽ കഴിയുന്ന കുട്ടികൾക്കിടയിൽ പോഷകാഹാരക്കുറവും പകർച്ചവ്യാധികളും വ്യാപകമാണ്. സ്നേഹത്തിന് പകരം തോക്കുകളെക്കുറിച്ചും ശത്രുതയെക്കുറിച്ചും സംസാരിച്ചു വളർന്നു തുടങ്ങുന്നു എന്നത് ഭയാനകമായ ഭാവിയെ സൂചിപ്പിക്കുന്നു. സ്ത്രീകളുടെ സുരക്ഷയെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന ബിജെപിയും മോദിയും മണിപ്പൂരിലെ സ്ത്രീകളുടെ നിസഹായാവസ്ഥ കാണാതെ പോകുന്നത് നീതികേടാണ്.


മണിപ്പൂർ ഒരു തുടക്കം മാത്രമായിരുന്നു. മൂന്ന് വർഷമായി അവിടെ വംശീയ ഉന്മൂലനവും വർ​ഗീയ കലാപവും തുടരുകയാണ്. രാജ്യമാകെ ബിജെപിയും സംഘപരിവാറും ചേർന്ന് പതിയെ നടപ്പിലാക്കാൻ പോവുന്ന വിഭാ​ഗീയ അജൻഡയുടെ പരീക്ഷണ കേന്ദ്രമായിരുന്നു മണിപ്പൂർ. മൂന്ന് വർഷം പിന്നിട്ടിട്ടും കെട്ടടങ്ങാത്ത വർ​ഗീയ കലാപത്തെ കുറിച്ച് പുറം ലോകമറിയാതിരിക്കാൻ ഇന്റർനെറ്റ് നിരോധിച്ചും പ്രതിഷേധസ്വരങ്ങളെ അടിച്ചമർത്തിയും ബിജെപി ഭരണം തുടരുകയാണവിടെ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home