ad
Deshabhimani

ഭാര്യയെ അൻപതിനായിരം രൂപയ്ക്ക് വിറ്റു; ഭർത്താവടക്കം ഏഴുപേർ അറസ്റ്റിൽ

sexual assault rape

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on May 28, 2026, 05:47 PM | 1 min read

ബനസ്‌കന്ധ: ഗുജറാത്തിൽ സ്വന്തം ഭാര്യയെ 50,000 രൂപയ്ക്ക് വിലപേശി വിറ്റ ഭർത്താവും കൂട്ടാളികളുമായ ഏഴുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ ബനസ്‌കന്ധ ജില്ലയിലാണ് മനുഷ്യത്വത്തെ ലജ്ജിപ്പിക്കുന്ന ക്രൂരത അരങ്ങേറിയത്. 26 വയസ്സുകാരിയായ യുവതിയെയാണ് സ്വന്തം പങ്കാളി 50000 രൂപയ്ക്ക് വിറ്റത്.


തനിക്ക് ഭാര്യയെ ഇഷ്ടമല്ലാത്തതിനാലാണ് ഒഴിവാക്കാൻ തീരുമാനിച്ചതെന്നും, ഇതിനായി മനുഷ്യക്കടത്ത് സംഘത്തിന് കൈമാറുകയായിരുന്നുവെന്നുമാണ് പിടിയിലായ പ്രതി പൊലീസിനോട് സമ്മതിച്ചത്. സ്ത്രീവിരുദ്ധതയും കുറ്റകൃത്യങ്ങളും ഗുജറാത്തിൽ എത്രത്തോളം വേരൂന്നിയിരിക്കുന്നു എന്നതിന്റെ തെളിവാണ് പ്രതിയുടെ ഈ മൊഴി.


മേയ് 11-നാണ് കേസിനാസ്പദമായ സംഭവം പുറത്തറിയുന്നത്. പാലൻപുരിലെ വസതിയിൽ നിന്ന് ഭാര്യയെ കാണാതായെന്ന് കാണിച്ച് പ്രതി തന്നെയാണ് ആദ്യം പോലീസിൽ പരാതി നൽകിയത്. എന്നാൽ പരാതി നൽകി രണ്ട് ദിവസത്തിനുള്ളിൽ ഇയാളും അപ്രത്യക്ഷമായതോടെ പോലീസിന് സംശയം തോന്നി.


തുടർന്ന് പ്രതിയുടെ പിതാവ് മകനെ കാണാനില്ലെന്ന് കാണിച്ച് മറ്റൊരു പരാതി കൂടി നൽകിയതോടെയാണ് ഡെപ്യൂട്ടി സൂപ്രണ്ട് ജിഗ്നേഷ് ഗാമിറ്റിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ഊർജ്ജിതമാക്കിയത്. ഇൻസ്‌പെക്ടർ ജനറൽ അക്ഷയ് രാജ് മക്വാനയുടെ നിർദ്ദേശപ്രകാരം നടത്തിയ ആസൂത്രിതമായ ചോദ്യം ചെയ്യലിലാണ് ഭർത്താവിന്റെയും സംഘത്തിന്റെയും പൈശാചിക മുഖം പുറത്തുവന്നത്.


സഞ്ജയ് താക്കൂർ, അശോക് താക്കൂർ, സച്ചിൻ ദർബാർ എന്നീ കൂട്ടാളികളുടെ സഹായത്തോടെയാണ് ഇയാൾ ഭാര്യയെ 50,000 രൂപയ്ക്ക് മനുഷ്യക്കടത്ത് സംഘത്തിന് കൈമാറിയത്. തുടർന്ന് പൊലീസ് നടത്തിയ നീക്കത്തിനൊടുവിൽ യുവതിയെ കണ്ടെത്തുകയും പ്രതികളെ വലയിലാക്കി.


മനുഷ്യക്കടത്തിന് ഇരയായ താൻ ഭീകരമായ സാഹചര്യത്തിൽ തടങ്കലിലായിരുന്നുവെന്നും, അവിടെ നിരന്തരം ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്നും യുവതി പൊലീസിന് മൊഴി നൽകി. ഇതിനുപുറമെ, യുവതി ധരിച്ചിരുന്ന സ്വർണ്ണാഭരണങ്ങൾ തട്ടിയെടുത്ത് പ്രതികൾ പ്രാദേശിക ജ്വല്ലറികളിൽ വിറ്റ് പണമാക്കുകയും ചെയ്തു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മനുഷ്യക്കടത്ത്, വഞ്ചന, ലൈംഗിക അതിക്രമം, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ ഗുരുതരമായ വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പിടിയിലായ പ്രധാന പ്രതിക്ക് സമാനമായ ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. വിവാഹിതനായിരിക്കെത്തന്നെ മുൻപും സ്ത്രീകളെ പ്രലോഭിപ്പിച്ചും തട്ടിക്കൊണ്ടുപോയും ഇയാൾ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്നതായാണ് അധികൃതർ വ്യക്തമാക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home