ad
Deshabhimani

വിരുന്നിൽ ചിക്കൻ ലെഗ് പീസ് കിട്ടിയില്ല; വിവാഹവേദിയിലുണ്ടായ അടിപിടിയിൽ യുവാവിന് ദാരുണാന്ത്യം

wedding

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on May 11, 2026, 10:21 AM | 1 min read

ഗോരഖ്പൂർ: ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ വിവാഹവിരുന്നിനിടെയുണ്ടായ കൂട്ടത്തല്ലിൽ ഒരു യുവാവ് കൊല്ലപ്പെട്ടു. ചിക്കൻ ലെഗ് പീസ് ലഭിക്കാത്തതിനെച്ചൊല്ലി തുടങ്ങിയ നിസ്സാര കലഹമാണ് കൊലപാതകത്തിൽ കലാശിച്ചത്. വരന്റെ ബന്ധുവായ സുമിത് (25) ആണ് സംഘർഷത്തിനിടയിൽ മാരകമായി പരിക്കേറ്റ് മരണമടഞ്ഞത്.


ഷാപൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. മുനിസിപ്പൽ ജീവനക്കാരന്റെ മകളുടെ വിവാഹവിരുന്നിനിടെയാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. അത്താഴസമയത്ത് ചിക്കൻ വിഭവത്തിൽ ലെഗ് പീസ് ലഭിക്കാത്തതിനെച്ചൊല്ലി അതിഥികൾക്കിടയിൽ വാക്കേറ്റമുണ്ടായി.


വാക്കുതർക്കം പെട്ടെന്ന് തന്നെ കല്ലേറിലും കയ്യാങ്കളിയിലും കലാശിച്ചു. ബെൽറ്റുകളും മുളവടികളും വാളുകളുമായി ഇരുവിഭാഗവും ഏറ്റുമുട്ടിയതോടെ വിവാഹപ്പന്തൽ യുദ്ധക്കളമായി മാറി. സംഘർഷത്തിൽ ഗുരുതരമായി പരിക്കേറ്റ സുമിത്തിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


വെറും മൂന്ന് മാസം മുമ്പായിരുന്നു സുമിത്തിന്റെ വിവാഹം കഴിഞ്ഞത്. ഒരു മൊബൈൽ കടയിലെ ജീവനക്കാരനായിരുന്ന സുമിത്തായിരുന്നു ആ കുടുംബത്തിന്റെ ഏക വരുമാനമാർ​ഗം. സംഭവത്തിൽ മറ്റൊരു യുവാവിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് സുമിത്തിന്റെ കുടുംബം പരാതി നൽകി.


സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇതുവരെ ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സുമിത്തിന്റെ ശരീരത്തിൽ പുറമെ ആഴത്തിലുള്ള മുറിവുകളില്ല. ആന്തരിക അവയവങ്ങൾക്കേറ്റ ക്ഷതമാണോ മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നാലേ വ്യക്തമാകൂ എന്ന് സിറ്റി എസ്പി നിമിഷ് പാട്ടീൽ പറഞ്ഞു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home