വിവാഹ സൈറ്റുകളിൽ ശാസ്ത്രജ്ഞനായും എഞ്ചിനീയറായും പ്രൊഫൈലുകൾ ; യുവതികളിൽ നിന്ന് ലക്ഷങ്ങൾ കവര്‍ന്നയാൾ പിടിയിൽ

മുംബൈ:ഐഎസ്ആർഒ ശാസ്ത്രജ്ഞനായും പിഡബ്ല്യുഡി ഉദ്യോഗസ്ഥനായും നടിച്ച് നിരവധി സ്ത്രീകളെ ലൈംഗികമായും സാമ്പത്തികമായും ചൂഷണം ചെയ്ത 34-കാരനെ നവി മുംബൈ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. അലിബാഗ് സ്വദേശിയായ ആദർശ് പ്രശാന്ത് മഹ്ത്രെയാണ് ആണ് പിടിയിലായത്. ഡോക്ടർമാരും എഞ്ചിനീയർമാരും ഉൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസം നേടിയ പ്രൊഫഷണലുകളെയാണ് ഇയാൾ വലയിൽ വീഴ്ത്തിയത്.
15 ൽ അധികം പ്രൊഫൈലുകൾ
പതിനഞ്ചിലധികം വ്യാജ പേരുകളിൽ ഷാദി ഡോട്ട് കോം,ഭാരത് മാട്രിമോണി തുടങ്ങിയ സൈറ്റുകളിൽ അക്കൗണ്ടുകൾ ഉണ്ടാക്കി. ഐഎസ്ആർഒയുടെയും പിഡബ്ല്യുഡിയുടെയും വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ചാണ് പരസ്യം നൽകിയിരുന്നത്. പഞ്ചനക്ഷത്ര ഹോട്ടലുകളിലെ സന്ദർശനം ഉൾപ്പെടെയുള്ള ആഡംബര ജീവിതത്തിന്റെ ചിത്രങ്ങൾ അപ് ലോഡ് ചെയ്തു. ഇതുവഴി സ്ത്രീകളുടെ വിശ്വാസം നേടി. സാവകാശം വലയിൽ വീഴ്ത്തിയാണ് തട്ടിപ്പ്. നല്ല വരുമാനവും ജോലിയുമുള്ള സ്ത്രീകളെ പ്രത്യേകമായാണ് ഇയാൾ തെരഞ്ഞെടുത്തിരുന്നത്.
വിവാഹമുറപ്പിച്ച ശേഷം വസ്തുവകകളിലോ വീടുകളിലോ നിക്ഷേപിക്കാനെന്ന പേരിൽ സ്ത്രീകളെക്കൊണ്ട് ബാങ്ക് ലോണുകൾ എടുപ്പിക്കും. ഈ തുക സ്വന്തം അക്കൗണ്ടിലേക്ക് മാറ്റാൻ സ്നേഹ പൂര്‍വ്വം പ്രേരിപ്പിക്കും. ഇതിനിടെ സ്ത്രീകളെ ലൈംഗികമായും ദുരുപയോഗം ചെയ്യും. നാടകം പിടിക്കപ്പെടും എന്ന ഘട്ടത്തിലാവുമ്പോൾ അപ്രത്യക്ഷനാകുകയുമാണ് ഇയാൾ ചെയ്തിരുന്നത്. ഇതുവരെയായി ഏകദേശം 89.40ലക്ഷം രൂപ ഇത്തരത്തിൽ ഇയാൾ തട്ടിയെടുത്തതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ചൂതാട്ടവും ആഡംബര യാത്രകളും
തട്ടിയെടുത്ത പണം ഉപയോഗിച്ച് ഗോവയിലെ കാസിനോകളിൽ ചൂതാട്ടവും ആഡംബര യാത്രകളും പതിവാക്കിയിരുന്നു. പുതിയ ഇരകളിൽ നിന്ന് ലഭിക്കുന്ന പണം ഉപയോഗിച്ച് മുൻപ് തട്ടിപ്പിനിരയായവരുടെ ലോൺ തിരിച്ചടവുകൾ (EMI)നടത്തിയിരുന്നു. ഇങ്ങനെ ഇയാൾ പിടിക്കപ്പെടാതിരിക്കാൻ ശ്രദ്ധിച്ചിരുന്നു. നേരത്തെ പരാതി നൽകിയ ഇരകൾ തന്നെ ആശയ കുഴപ്പത്തിലായി പരാതിപ്പെടാൻ മടിച്ച സാഹചര്യവും ഉണ്ടായി.
2025ഓഗസ്റ്റിൽ റബാലെ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പരാതിയുടെ അടിസ്ഥാനത്തിൽ നടന്ന അന്വേഷണത്തിലാണ് തട്ടിപ്പ് പരമ്പരയുടെ ചുരുളഴിയുന്നത്.ഫെബ്രുവരി 20-നാണ് ഇയാൾ അറസ്റ്റിലായത്.
മുംബൈ,നവി മുംബൈ,പുണെ,താനെ തുടങ്ങിയ നഗരങ്ങളിലായി നിലവിൽ ഇയാൾക്കെതിരെ ആറ് കേസുകളുണ്ട്.കൂടാതെ 2019മുതൽ ഫോർജറി,പീഡനം തുടങ്ങി നിരവധി കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.










0 comments