20 രൂപ കൈക്കൂലി കേസ്: 30 വർഷത്തിന് ശേഷം നിരപരാധിയെന്ന് വിധി, പിറ്റേദിവസം ബാബുഭായി യാത്രയായി

അഹമ്മദാബാദ്: വെറും 20 രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ മുപ്പത് വർഷം നിയമപോരാട്ടം നടത്തിയ മുൻ പൊലീസ് കോൺസ്റ്റബിൾ ബാബുഭായി പ്രജാപതിക്ക് ഒടുവിൽ നീതി ലഭിച്ചു. എന്നാൽ നിരപരാധിയെന്ന് കോടതി വിധി വന്ന് മണിക്കൂറുകൾക്കുള്ളിൽ അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞു. ഗുജറാത്ത് ഹൈക്കോടതി ഇക്കഴിഞ്ഞ ഫെബ്രുവരി 4-നാണ് ബാബുഭായിയെ കുറ്റവിമുക്തനാക്കി വിധി പുറപ്പെടുവിച്ചത്.
1996ലാണ് അഹമ്മദാബാദിൽ കോൺസ്റ്റബിളായിരുന്ന ബാബുഭായിക്കെതിരെ 20 രൂപ കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ച് അഴിമതി നിരോധന നിയമപ്രകാരം കേസെടുത്തത്. 2004-ൽ സെഷൻസ് കോടതി അദ്ദേഹത്തെ നാല് വർഷം തടവിനും 3000 രൂപ പിഴയ്ക്കും ശിക്ഷിച്ചു. ഇതിനെതിരെ ബാബുഭായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. നീണ്ട 22 വർഷമാണ് ഹൈക്കോടതിയിൽ ഈ അപ്പീൽ കെട്ടിക്കിടന്നത്. സാക്ഷിമൊഴികളിലെ വൈരുദ്ധ്യവും തെളിവുകളുടെ അഭാവവും ചൂണ്ടിക്കാട്ടി കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി.
"എന്റെ ജീവിതത്തിലെ കറ മാഞ്ഞുപോയിരിക്കുന്നു, ഇനി ദൈവം എന്നെ കൊണ്ടുപോയാലും എനിക്ക് സങ്കടമില്ല" എന്നായിരുന്നു വിധി വന്ന ദിവസം അഭിഭാഷകന്റെ ഓഫീസിലിരുന്ന് ബാബുഭായി പറഞ്ഞ വാക്കുകൾ. ആ വാക്കുകൾ അന്വർത്ഥമാക്കും വിധം പിറ്റേദിവസം തന്നെ അദ്ദേഹം ഹൃദയാഘാതം മൂലം അന്തരിച്ചു. തന്റെ പേരിൽ വന്ന കളങ്കം മായ്ച്ചു കിട്ടിയ സന്തോഷത്തിൽ വീട്ടിലെത്തിയ ബാബുഭായിക്ക് പക്ഷേ ആ നീതി കൂടുതൽ കാലം അനുഭവിക്കാൻ വിധിയുണ്ടായില്ല.










0 comments