ad
Deshabhimani

ദാവൂദ് ഇബ്രാഹിം തീവ്രവാദിയല്ലെന്ന് മംമ്ത കുൽക്കർ‌ണി; പുലിവാല് പിടിച്ചതോടെ വിക്കി ​ഗോസ്വാമിയെ ആണ് ഉദ്ദേശിച്ചതെന്ന് തിരുത്തും

mamata kulkerni
വെബ് ഡെസ്ക്

Published on Oct 31, 2025, 04:17 PM | 1 min read

ന്യൂഡൽഹി: താൻ നടത്തിയ പ്രസ്താവനയിൽ ഇത്രവലിയ പുലിവാല് പിടിക്കേണ്ടി വരുമെന്ന് ബോളീവുഡ് മുൻ നടി മംമ്ത കുൽക്കർണി കരുതിയിട്ടുണ്ടാകില്ല. എന്തായാലും സം​ഗതി വലിയ വിവാദം തന്നെയായിരിക്കുകയാണ്. അധോലോക നായകൻ ദാവൂദ് ഇബ്രഹാ‌‌മിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് മംമ്തയെ കെണിയിലാക്കിയത്. ദാവൂദ് ഇബ്രാഹിമിന് 1993-ലെ മുംബൈ സ്ഫോടനക്കേസിൽ പങ്കില്ലെന്നും അദ്ദേഹം തീവ്രവാദിയല്ലെന്നുമാണ് മംമ്ത പറഞ്ഞത്. എന്നാൽ പ്രസ്താവന വിവാദമായതോടെ താൻ യഥാർഥത്തിൽ ഉദ്ദേശിച്ചത് മറ്റൊരാളെയാണെന്ന് പറഞ്ഞ്

തടിതപ്പിയിരിക്കുകയാണ് നടി


ഒരു യാത്രയുടെ ഭാഗമായി ഗൊരഖ്പൂരിലെത്തിയപ്പോഴായിരുന്നു മംമ്തയുടെ വാർത്താസമ്മേളനം. വാർത്താസമ്മേളനം പുറത്തുവന്നതിനുപിന്നാലെ നിരവധി പേരാണ് നടിയെ വിമർശിച്ചെത്തിയത്. ഇതോടെ പ്രസ്താവനയിൽ വിശദീകരണവുമായി അവരെത്തി.


"ഞാൻ ദാവൂദ് ഇബ്രാഹിമിനെയല്ല, വിക്കി ഗോസ്വാമിയെയാണ് ഉദ്ദേശിച്ചത്. ദാവൂദ് തീർച്ചയായും ഒരു തീവ്രവാദിയാണ്." മുൻപ് മയക്കുമരുന്ന് കടത്ത് കേസിൽ അറസ്റ്റിലാവുകയും ജയിലിൽ കഴിയുകയും ചെയ്തിട്ടുള്ള ഗോസ്വാമിക്ക് മംമ്തയുമായി ബന്ധമുണ്ടായിരുന്നു.താൻ ദാവൂദിനെ കണ്ടിട്ടില്ലെന്നും അദ്ദേഹവുമായി ഒരു ബന്ധവുമില്ലെന്നും മംമ്ത ആവർത്തിച്ചു.


മൂന്ന് ദിവസത്തെ ആത്മീയ പര്യടനത്തിനായാണ് മംമ്ത കുൽക്കർണി ഗോരഖ്പൂരിലെത്തിയത്. ചൊവ്വാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ ദാവൂദ് ഇബ്രാഹിം "മുംബൈ സ്ഫോടനങ്ങൾ നടത്തിയിട്ടില്ലെന്നും അദ്ദേഹം ഒരു തീവ്രവാദിയല്ലെന്നും" പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്തു.


1990-കളുടെ തുടക്കത്തിലും മധ്യത്തിലും ബോളിവുഡിലെ സൂപ്പർഹിറ്റ് ചിത്രങ്ങളിലൂടെ ബോളിവുഡിൽ തിളങ്ങിനിന്ന നടിയായിരുന്നു മംമ്ത കുൽക്കർണി. 2002-ൽ അവർ അഭിനയം ഉപേക്ഷിച്ചു. 2016-ൽ 2000 കോടി രൂപയുടെ അന്താരാഷ്ട്ര മയക്കുമരുന്ന് കേസിൽ താനെ പോലീസ് പ്രതി ചേർത്തതോടെ അവർ വീണ്ടും വാർത്തകളിൽ ഇടംപിടിച്ചു. എന്നാൽ, 2024-ൽ ബോംബെ ഹൈക്കോടതി അവർക്കെതിരായ കുറ്റങ്ങൾ റദ്ദാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home