തമിഴ്നാട്ടിലേത് പോലെ ബംഗാളില്‍ നടക്കില്ല
ആര്‍ എന്‍ രവി വെറുമൊരു ബിജെപി കേഡര്‍; കേന്ദ്രത്തിനെതിരെ വിമര്‍ശനവുമായി മമത ബാനര്‍ജി

മമത ബാനര്‍ജി
കൊല്‍കത്ത: പശ്ചിമ ബംഗാള്‍ ഗവര്‍ണറായി ആര്‍ എന്‍ രവിയെ നിയമിച്ചതില്‍ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി മമത ബാനര്‍ജി. ആര്‍ എന്‍ രവി ഒരു ബിജെപി കേഡര്‍ മാത്രമാണെന്നും രാജ്ഭവനെ രാഷ്ട്രീയ കേന്ദ്രമാക്കി മാറ്റാനാണ് കേന്ദ്ര സര്‍ക്കാരിന്‍റെ ശ്രമമെന്നും മമത ബാനര്‍ജി ആരോപിച്ചു.
ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് സി വി ആനന്ദബോസ് പെട്ടെന്ന് രാജി വെയ്ക്കാന്‍ കാരണം കേന്ദ്രത്തിന്‍റെ സമ്മര്‍ദ്ദമാണെന്നും മമത കൂട്ടിച്ചേര്‍ത്തു. 'ആനന്ദബോസിനെ എങ്ങനെയാണ് അവര്‍ പുറത്താക്കിയതെന്ന് എനിക്ക് വ്യക്തമായി അറിയാം. ബിജെപി നേതൃത്വം അദ്ദേഹത്തെ ഭീഷണിപ്പെടുത്തിയിരുന്നു. രാജ്ഭവന്‍ വഴി പണം വിതരണം ചെയ്യാനും അതിനെ ഒരു ബിജെപി ഓഫീസാക്കി മാറ്റാനുമാണ് അവര്‍ ശ്രമിക്കുന്നത്. എന്നാല്‍, ബിജെപിയുടെ തന്ത്രങ്ങളില്‍ എല്ലാവരും വീഴണമെന്നില്ല. ബംഗാള്‍ കുറച്ച് കടുപ്പമേറിയ സംസ്ഥാനമാണെന്ന് ഓര്‍ക്കണം', മമത ബാനര്‍ജി പറഞ്ഞു.
തമിഴ്നാട് ഗവര്‍ണറായിരിക്കെ ആര്‍ എന്‍ രവി സ്വീകരിച്ച നിലപാടുകളെയും മമത വിമര്‍ശിച്ചു. തമിഴ്നാട്ടില്‍ ചെയ്തത് പോലെ ബംഗാളില്‍ അത് തുടരാമെന്ന് ഒരിക്കലും വിചാരിക്കേണ്ടെന്ന് മമത ബാനര്‍ജി മുന്നറിയിപ്പ് നല്‍കി. നിരവധി തവണ സുപ്രീം കോടതിയില്‍ നിന്നും വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി വ്യക്തയാണ് ആര്‍ എന്‍ രവിയെന്നും ബിജെപിയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണ് ബംഗാളിലേക്ക് അയക്കുന്നതെന്നും മമത വ്യക്തമാക്കി. കേന്ദ്രത്തിന്‍റെ നിലപാടുകള്‍ തുഗ്ലക്കിനേക്കാള്‍ മോശമാണെന്ന് വിമര്‍ശിച്ച മുഖ്യമന്ത്രി, ഭീഷണിപ്പെടുത്തി കീഴ്പ്പെടുത്താന്‍ ശ്രമിച്ചാല്‍ ബിജെപിയുടെ പതനം ഉറപ്പാക്കുമെന്ന് മുന്നറിയിപ്പും നല്‍കി.
സി വി ആനന്ദബോസ് രാജി വെച്ചതിനെ തുടര്‍ന്നാണ് തമിഴ്നാട് ഗവര്‍ണറായിരുന്ന ആര്‍ എന്‍ രവിയെ പശ്ചിമ ബംഗാള്‍ ഗവര്‍ണറായി നിയമിച്ചത്. ആനന്ദബോസിന്‍റെ രാജി തന്നെ ഞെട്ടിച്ചുവെന്ന് കഴിഞ്ഞ ദിവസം മമത ബാനര്‍ജി പറഞ്ഞിരുന്നു.









0 comments