കല്ലേറ്, ചെളിയെറിയൽ; മമതാ ബാനർജിയുടെ വാഹനത്തിന് നേരെ ആക്രമണം

കൊൽക്കത്ത: മുൻ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി സഞ്ചരിച്ച വാഹനത്തിന് നേരെ ആക്രമണം. നോർത്ത് 24 പർഗാനാസ് ജില്ലയിലെ ഹലിസാഹറിലാണ് സംഭവം. കസ്റ്റഡി മദനത്തിൽ കൊല്ലപ്പെട്ട പാർടി പ്രവർത്തകന്റെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു ആക്രമണമുണ്ടായതെന്ന് മമത ബാനർജി മാധ്യമങ്ങളോട് പറഞ്ഞു. അജ്ഞാതർ കാറിന് നേരെ ഇഷ്ടികയും കല്ലും എറിയുകയായിരുന്നു. താൻ കൊല്ലപ്പെടുമായിരുന്നെന്നും മമത പറഞ്ഞു.
മമത യാത്ര ചെയ്തിരുന്ന കാറിൽ ചെളി പുരട്ടിയതായും ഷൂസും വെള്ളക്കുപ്പികളും എറിഞ്ഞതായും മമത പറഞ്ഞു. കള്ളന്മാരെ ഓടിക്കണം എന്ന് ആക്രോശിച്ചാണ് അഞ്ജാതർ കാറിന് നേരെ പാഞ്ഞുകയറിയത്. പൊലീസിന്റെ സാന്നിധ്യത്തിലാണ് തനിക്ക് നേരെ ആക്രമണമുണ്ടായതെന്ന് മമത പറഞ്ഞു. ബിജെപി പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്നാണ് സൂചന. എന്നാൽ ആക്രമണത്തിൽ പങ്കുണ്ടെന്ന ആരോപണം ബിജെപി നിഷേധിച്ചു. ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി പൊലീസിനെ ഉപയോഗിച്ച് നാടകം നടത്തുകയാണെന്ന് ലോക്‌സഭാ എംപി കല്യാൺ ബാനർജിയും, രാജ്യസഭാ എംപി ഡോള സെന്നും പ്രതികരിച്ചു.
കഴിഞ്ഞ പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് വൻ പരാജയം നേരിട്ടിരുന്നു. പിന്നാലെ പാർടി പ്രവർത്തകർക്ക് നേരെയും നേതാക്കൾക്കെതിരെയും നിരവധി ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മമതയുടെ അനന്തരവനും തൃണമൂൽ എംപിയുമായ അഭിഷേക് ബാനർജിയെ സ്വന്തം മണ്ഡലത്തിൽവച്ച് ആക്രമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാർടി മുൻ അധ്യക്ഷ കൂടിയായ മമതയ്ക്ക നേരെയും ആക്രമണം നടക്കുന്നത്.
ബിജെപി അധികാരത്തിലെത്തിയ ശേഷം നിരവധി തൃണമൂൽ കൗൺസിലർമാർക്കെതിരെ പൊലീസ് നടപടികൾ റിപ്പോർട്ട് ചെയ്തിരുന്നു. പൊലീസ്, ഇ ഡി നടപടികൾ ഭയന്ന് നൂറ് കണക്കിന് കൗൺസിലർമാർ രാജിവച്ച് മറ്റ് പാർടികളിൽ ചേർന്നിരുന്നു. തൃണമൂൽ കോൺഗ്രസ് നേതാക്കളും മറ്റ് പാർടി പ്രവർത്തകരും എതിർ ചേരിയിലെത്തിരുന്നു. പിന്നീട് തൃണമൂൽ പിളരുകയും വിമത വിഭാഗത്തിന് പിന്തുണയേറുകയും ചെയ്തു. ഋതബ്രത ബാനർജി ബംഗാളിലെ പ്രതിപക്ഷനേതാവായി. 59 എംഎൽഎമാരുടെ പിന്തുണയാണ് ഋതബ്രതയ്ക്കുള്ളത്.









0 comments