മാലിദ്വീപ് സ്പീഡ്ബോട്ട് അപകടം
മോട്ടോർ സ്പോർട് താരം ഹരി സിങ്ങിനായുള്ള തിരച്ചിൽ അവസാനിപ്പിച്ചു

കാണാതായ ഹരി സിങ് (വലത്)
ചണ്ഡീഗഡ്: മാലിദ്വീപ് സ്പീഡ്ബോട്ട് അപകടത്തിൽ കാണാതായ ഇന്ത്യൻ നാഷണൽ റാലി ചാമ്പ്യൻ ഹരി സിങ്ങിനായുള്ള തിരച്ചിൽ നിർത്തിവച്ചു. കഴിഞ്ഞയാഴ്ച വാവു അറ്റോളിലെ ഫെലിധൂ ദ്വീപിന് സമീപമുണ്ടായ അപകടത്തിലാണ് ഹരി സിങ്ങിനെ കാണാതായത്. ഒരാഴ്ച പിന്നിട്ടിട്ടും കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് ഇന്നലെ രാത്രിയോടെ തിരച്ചിൽ അവസാനിപ്പിക്കുന്നതെന്ന് മാലിദ്വീപ് നാഷണൽ ഡിഫൻസ് ഫോഴ്സ് അറിയിച്ചു.
മാർച്ച് 19ന് പുലർച്ചെ ഏഴ് യാത്രക്കാരുമായി പോയ സ്പീഡ് ബോട്ട് പ്രക്ഷുബ്ധമായ കടലിൽ മറിയുകയായിരുന്നു. ഹരി സിങ്ങിനൊപ്പം കാണാതായ മുൻ നാവിക ഉദ്യോഗസ്ഥൻ കമാൻഡർ മഹേഷ് രാമചന്ദ്രനെയും കണ്ടെത്താനായിട്ടില്ല. അപകടത്തിൽ പരിക്കേറ്റ പ്രമുഖ വ്യവസായിയും റെയ്മണ്ട് ഗ്രൂപ്പ് എംഡിയുമായ ഗൗതം സിംഘാനിയ നിലവിൽ മുംബൈയിൽ ചികിത്സയിലാണ്.
ചണ്ഡീഗഡ് സ്വദേശിയായ 59കാരൻ ഹരി സിങ് അഞ്ച് തവണ ഇന്ത്യൻ നാഷണൽ റാലി ചാമ്പ്യൻഷിപ്പ് നേടിയിട്ടുണ്ട്. 'ജിപ്‌സി കിംഗ്' എന്നറിയപ്പെട്ടിരുന്ന അദ്ദേഹം 1990കളിലും 2000ന്റെ തുടക്കത്തിലും ഇന്ത്യൻ മോട്ടോർ സ്പോർട്സ് രംഗത്തെ നിറഞ്ഞ സാന്നിധ്യമായിരുന്നു. അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ട ആദ്യ ഇന്ത്യൻ ഡ്രൈവർമാരിൽ ഒരാളാണ് ഹരി സിങ്. ഏഷ്യ സോൺ റാലി ചാമ്പ്യൻഷിപ്പിലും കിരീടം നേടിയിട്ടുണ്ട്. മത്സരരംഗത്തുനിന്ന് വിരമിച്ച ശേഷം ജെകെ ടയർ മോട്ടോർ സ്പോർട്സ് ഓപ്പറേഷൻസ് മേധാവിയായും മെഴ്‌സിഡസ് ബെൻസ് ഇന്ത്യയുടെ ചീഫ് ഇൻസ്ട്രക്ടറായും പ്രവർത്തിച്ചു വരികയായിരുന്നു.
മാലിദ്വീപ് സേനയെ സഹായിക്കുന്നതിനായി ഇന്ത്യൻ സർക്കാർ ഡോർണിയർ വിമാനവും അത്യാധുനിക ഹെലികോപ്റ്ററും വിട്ടുനൽകിയിരുന്നു. ഡ്രോണുകളും ലഘുവിമാനങ്ങളും ഉപയോഗിച്ച് 72 മണിക്കൂർ തിരച്ചിൽ തുടർന്നുവെങ്കിലും കടലിലെ പ്രതികൂല സാഹചര്യങ്ങൾ തിരിച്ചടിയായി. കെയോധൂവിന് രണ്ട് നോട്ടിക്കൽ മൈൽ അകലെയാണ് അപകടം നടന്നത്. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് മാലിദ്വീപ് അധികൃതർ വ്യക്തമാക്കി. സിമ്രാൻ കൗറാണ് ഹരി സിങ്ങിന്റെ ഭാര്യ. അസ്മത് കൗർ, മിവാൻ സിംഗ് എന്നിവർ മക്കളാണ്.










0 comments