ബംഗളൂരുവിൽ മലയാളി വിദ്യാർഥിനിയെ പീഡിപ്പിച്ച് മലയാളി; കേസെടുക്കാതെ പൊലീസ്, അപമാനിച്ചു വിട്ടെന്നും ആരോപണം

പ്രതി ഹൈനസ് (Photo: Screengrab)
ബംഗളൂരു: ബംഗളൂരുവിൽ മലയാളിയായ പെൺകുട്ടി പീഡനത്തിന് ഇരയായതായി പരാതി. 20 കാരിയായ യുവതിയാണ് മറ്റൊരു മലയാളിയുടെ ക്രൂരതയ്ക്ക് ഇരയായത്. സംഭവത്തിൽ പ്രതിയായ വയനാട് സുൽത്താൻ ബത്തേരി സ്വദേശിയായ ഹൈനസിനെതിരെ പൊലീസ് കേസെടുത്തു. സമർദങ്ങൾക്ക് ഒടുവിലാണ് കേസെടുത്തതെന്നാണ് വിവരം. മെയ് 12 ന് സുഹൃത്തുക്കളുടെ താമസ സ്ഥലത്തുവെച്ചാണ് പെൺകുട്ടി അതിക്രമത്തിന് ഇരയായത്.
പെൺകുട്ടി പഠനത്തോടൊപ്പം സുഹൃത്തുക്കൾ നടത്തുന്ന കഫേയിൽ പാർട് ടൈം ജോലി ചെയ്തിരുന്നു. ശരീര സുഖമില്ലാതെ താമസ സ്ഥലത്ത് വിശ്രമിക്കുകയായിരുന്നു പെൺകുട്ടി. ഈ സമയം കയറി വന്ന ഹൈനസ് പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് സുഹൃത്തുക്കൾ പുറത്തുപോയ സമയത്തായിരുന്നു ഹൈനസിന്റെ ക്രൂരത. തുടർന്ന് അടുത്ത ദിവസം തന്നെ മഡിവാള പൊലീസ് സ്റ്റേഷനിൽ എത്തുകയും പരാതി നൽകുകയും ചെയ്തു. എന്നാൽ ആദ്യം പൊലീസ് പരാതി സ്വീകരിക്കാൻ തയ്യാറായിരുന്നില്ലെന്ന് പെൺകുട്ടി ആരോപിച്ചു. പരാതി നൽകാതിരിക്കാൻ പൊലീസ് ഉദ്യോഗസ്ഥർ ശ്രമിച്ചുവെന്നും അപമാനിച്ചാണ് വിട്ടതെന്നും ഇവർ വെളിപ്പെടുത്തി.
''മഡിവാള പോലീസിൽ ആദ്യം പരാതി കൊടുക്കാൻ പോയിട്ടും പോലീസുകാരിൽനിന്ന് ഒരു പിന്തുണയും സഹായവും കിട്ടിയില്ല. മൊഴിയെടുക്കാൻ വനിതാ പോലീസിനെ പോലും നൽകിയില്ല. വൈദ്യപരിശോധനയ്ക്ക് തയ്യാറാണെന്ന് പറഞ്ഞിട്ടും തയ്യാറായില്ല. 'വിർജിൻ' ആണോ എന്നൊക്കെ ചോദിച്ച് വ്യക്തിത്വത്തെ ചോദ്യംചെയ്യുന്ന വിധത്തിലാണ് പോലീസ് സംസാരിച്ചത്. അരുൺ എന്ന പോലീസ് ഓഫീസറാണ് ഇങ്ങനെയൊക്കെ പറഞ്ഞത്. വൈദ്യപരിശോധന നടത്താൻ കഴിയില്ലെന്നും പറഞ്ഞു.
മെയ് 13-ന് രാവിലെ പരാതി നൽകാനായി മഡിവാള സ്റ്റേഷനിലെത്തിയിട്ട് രാത്രി 12 മണിവരെ അവിടെ നിർത്തി. ഇതിനിടെ ഹൈനസ് ഒരു ഗുണ്ടാനേതാവിനൊപ്പം സ്റ്റേഷനിലെത്തി. പരാതിയുമായി മുന്നോട്ടുപോയാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. പൊലീസും പരാതി നൽകേണ്ടെന്നാണ് പറഞ്ഞത്. കേസുമായി മുന്നോട്ടുപോയാൽ അവർ കൊല്ലുമെന്നും പറഞ്ഞു. തുടർന്ന് പരാതി ഇല്ലെന്ന് നിർബന്ധിച്ച് എഴുതിവാങ്ങിച്ചു പെൺകുട്ടി പ്രതികരിച്ചു.
പൊലീസ് സ്‌റ്റേഷനിൽവെച്ചും പിന്നീട് താമസസ്ഥലത്ത് എത്തിയും ഹൈനസും ഗുണ്ടകളും ഭീഷണിപ്പെടുത്തിയതായും പെൺകുട്ടികളും സുഹൃത്തുക്കളും ആരോപിച്ചു. ഇതിന്റെ ദൃശ്യങ്ങളും ഇവർ പുറത്ത് വിട്ടു. ഇതിനുശേഷം ഹൈനസ് താമസസ്ഥലത്ത് എത്തി വീണ്ടും ഭീഷണിപ്പെടുത്തി. ഗുണ്ടകളുമായെത്തിയ ഇയാൾ ആക്രമിച്ച് പരിക്കേൽപ്പിച്ചു. ഇയാളെ ഭയന്ന് നിലവിൽ ഒളിച്ചുകഴിയേണ്ട സ്ഥിതിയാണെന്നും പരാതിക്കാരിയും സുഹൃത്തുക്കളും ആരോപിച്ചു.
മഡിവാള പോലീസ് കേസെടുക്കാൻ തയ്യാറാകാതിരുന്നതോടെ പെൺകുട്ടിയും സുഹൃത്തുക്കളും മേയ് 18-ന് ബെംഗളൂരു നോർത്ത് ഈസ്റ്റ് ഡിസിപിയെ സമീപിക്കുകയായിരുന്നു. തുടർന്ന് ഡിസിപിയുടെ നിർദേശപ്രകാരമാണ് മെയ് 18-ന് സംഭവത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. എന്നാൽ, ഹൈനസിനെ ഇതുവരെ പിടികൂടിയിട്ടില്ല.










0 comments