print edition ഗോദി മീഡിയ കണ്ണടച്ചു: കണ്ണടയ്‌ക്കാതെ സമൂഹമാധ്യമങ്ങൾ

ന്യൂഡൽഹി: രാജ്യത്തെ വിദ്യാർഥികളുടെ പ്രക്ഷോഭത്തിന് നേർക്ക് ബിജെപി അനുകൂല ഗോദി മാധ്യമങ്ങൾ കണ്ണടയ്‌ക്കുകയോ ഏകപക്ഷീയ റിപ്പോർട്ടുകൾ നൽകുകയോ ചെയ്‌തപ്പോൾ കൂടെ നിന്നത് സമൂഹമാധ്യമങ്ങൾ. സമരവേദിയായ ജന്തർ മന്തറിൽ എത്തി സമരത്തിനെതിരെ വാർത്ത നൽകാൻ ശ്രമിച്ച മുഖ്യധാര ടിവി ചാനലുകൾ ചോദ്യശരങ്ങൾ നേരിട്ടു. പാർലമെന്റ് മാർച്ചിൽ പൊലീസ് ഭീകരത അരങ്ങേറുന്പോൾ മറ്റ് വാർത്തകൾ നൽകി അത് മറയ്‌ക്കാനും ഗോദി മാധ്യമങ്ങൾ ശ്രമിച്ചു.
സീ ന്യൂസ്, എൻഡിടിവി, എബിപി, റിപ്പബ്ലിക് ടിവി, ആജ് തക് തുടങ്ങിയ പ്രധാന ബിജെപി അനുകുല മാധ്യമങ്ങൾ സമരക്കാരെ കുറ്റപ്പെടുത്തിയും പൊലീസ് നടപടിയെ പിന്തുണച്ചുമാണ് വാർത്ത നൽകിയത്. സമരവേദിയിൽ ഇന്ത്യ ടുഡെ അക്കമുള്ള ചാനലുകളിൽ നിന്നുള്ളവരെ ‘ഗോദി മീഡിയ ഗോ ബാക്ക് ’ മുദ്രാവാക്യത്തോടെയാണ് സ്വീകരിച്ചത്. സമരവേദിക്ക് പുറത്തുപോകാനും ഇവരോട് ആവശ്യപ്പെട്ടു. എന്നാൽ വിദ്യാർഥികളോട് അനുഭാവം പുലർത്തുന്ന മാധ്യമങ്ങൾ, ഹിന്ദി, ഇംഗ്ലീഷ് യു ട്യൂബ് ചാനലുകൾ തുടങ്ങിയവയ്‌ക്ക് സ്ഥലമൊരുക്കാനും സമരക്കാർ തയ്യാറായി.
അന്താരാഷ്‌ട്ര മാധ്യമങ്ങളും വിദ്യർഥി അനുകൂല വാർത്തകളാണ് നൽകുന്നത്. അൽ ജസീറ, ബിബിസി, ഡി ഡബ്ലു തുടങ്ങിയ ചാനലുകളും പ്രക്ഷോഭത്തെ പിന്തുടരുന്നുണ്ട്.
ബിജെപിയുടെ ഡിജിറ്റൽ ആധിപത്യം പൊളിയുന്നു
നരേന്ദ്രമോദിയുടെ ട്രോളുകളും മീമുകളും മറ്റും നിർമിച്ച് യുവജനങ്ങളിൽ വൻ സ്വാധീനമുണ്ടാക്കിയ ബിജെപിക്ക് ഡിജിറ്റൽ അധിപത്യം പൊളിയുകയാണ്. ഫെയ്സ്‌ബുക്ക്, ഇൻസ്‌റ്റഗ്രാം, എക്‌സ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ ബിജെപി വിരുദ്ധ കണ്ടന്റുകൾക്കാണ് ഇപ്പോൾ പ്രിയം. ബിജെപി ഐടി സെൽ പടച്ചുവിടുന്ന പോസ്‌റ്റുകളെ തിരിച്ചറിഞ്ഞ് യുവജനങ്ങൾ നേരിട്ടുതുടങ്ങി. ഡൽഹിയിലേയ്‌ക്ക് പ്രക്ഷോഭകരെ എത്തിച്ചതിൽ പ്രധാന പങ്കുവഹിച്ചതും സമൂഹമാധ്യമങ്ങളാണ്.
തെരുവുകൾ വീണ്ടും പ്രക്ഷോഭസാഗരം
വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് ആഞ്ഞടിക്കുന്ന വിദ്യാർഥി–യുവജന പ്രക്ഷോഭം മോദി സർക്കാരിനെ പ്രതിരോധത്തിലാക്കുന്നു. മോദി പ്രധാനമന്ത്രിയായ ശേഷം ഡൽഹി സാക്ഷ്യം വഹിക്കുന്ന ഏറ്റവും വലിയ ജനകീയ മുന്നേറ്റമാണിത്. രണ്ടാം യുപിഎ സർക്കാരിനെ ഉലച്ച അഴിമതിവിരുദ്ധ പ്രക്ഷോഭ നാളുകളെ ഓർമിപ്പിക്കുന്ന വിധം ഡൽഹി തെരുവുകൾ വീണ്ടും ജനസാഗരമായി. ജന്തർ മന്തർ കേന്ദ്രീകരിച്ച് പാർലമെന്റ് മാർച്ചാണ് പ്രഖ്യാപിച്ചതെങ്കിലും, സർക്കാരിന്റെ സകല കണക്കുകൂട്ടല്‍ കാറ്റിൽപ്പറത്തി സമരം ഡൽഹിയുടെ ഹൃദയഭാഗങ്ങളിലേക്കെല്ലാം പടർന്നുപിടിക്കുകയാണ്.
പാർലമെന്റ് മാർച്ചിൽ പങ്കെടുക്കാനും സോനം വാങ്‌ചുക്കിന് ഐക്യദാർഢ്യം അറിയിക്കാനുമായി ഞായറാഴ്‌ച തന്നെ ജന്തർ മന്തറിലെ സമരവേദിയിലേക്ക് ആളുകളുടെ ഒഴുക്ക് തുടങ്ങി. ഞായർ രാത്രിയോടെ ജന്തർ മന്തർ സമരക്കാരാൽ നിറഞ്ഞു.
പാർലമെന്റിലേക്കുള്ള മാർച്ച് തടയാൻ ബാരിക്കേഡുകളും മറ്റും നിരത്തി പല തട്ടുകളായുള്ള സുരക്ഷാവിന്യാസമാണ് പൊലീസ് ഒരുക്കിയത്. എന്നാൽ തിങ്കളാഴ്‌ച രാവിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി പതിനായിരങ്ങൾ ഒഴുകിയെത്തിയതോടെ സുരക്ഷാഏജൻസികളുടെ ആസൂത്രണമെല്ലാം പാളി. ബാരിക്കേഡുകളും മറ്റും മറികടന്ന് പാർലമെന്റിലേക്ക് പ്രതിഷേധക്കാർ കുതിച്ചു. പാർലമെന്റ് വളയുന്ന സ്ഥിതിയെത്തിയതോടെ സർക്കാർ സംവിധാനങ്ങളാകെ വിറച്ചു. നേപ്പാളിലും ശ്രീലങ്കയിലും ബംഗ്ലാദേശിലും മറ്റും പ്രകടമായ യുവജനങ്ങളുടെ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിന് സമാനമായ സാഹചര്യമാണ് ഡൽഹിയിലും.
നാണംകെടുമെന്ന അവസ്ഥയിലാണ് സമരത്തെ അടിച്ചമർത്താൻ ഉന്നതങ്ങളിൽ നിന്ന് നിർദേശമുണ്ടായത്. തുടർന്ന് പൊലീസും കേന്ദ്രസേനയും ക്രൂരമായി പ്രതിഷേധക്കാരെ തല്ലിച്ചതച്ചു. കണ്ണീർ വാതകം തുടർച്ചയായി പ്രയോഗിച്ചു. ലാത്തിയടിയിൽ പ്രക്ഷോഭകർ ചിതറുമെന്ന സുരക്ഷാ ഏജൻസികളുടെ പ്രതീക്ഷയും പാളി.
ഗത്യന്തരമില്ലാതെയാണ് സമരക്കാരുമായി സർക്കാർ ചർച്ചയ്‌ക്ക് സന്നദ്ധമായത്. ഇതോടെ മണിക്കൂറുകൾ നീണ്ട സംഘർഷത്തിന് അൽപ്പം അയവുണ്ടായി. സംഘപരിവാറിന് ഏറെ പ്രിയപ്പെട്ട വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെ ഇനിയും എത്രനാൾ സർക്കാരിന് സംരക്ഷിക്കാനാകുമെന്ന ചോദ്യം ഉയർത്തിയാണ് സമരം താൽക്കാലികമായി അവസാനിച്ചത്.
അണിചേർന്ന് പ്രകാശ് രാജ്, ശബാന ആസ്‌മി
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയാവശ്യപ്പെട്ട് ഡൽഹിയിലെ യുവജന പ്രതിഷേധത്തിന്റെ മുന്നണിപ്പോരാളികളായി അഭിനേതാക്കളായ പ്രകാശ് രാജും ശബാന ആസ്‌മിയും. വിദ്യാർഥികളും യുവാക്കളും ജന്തർ മന്തറിൽനിന്ന് പാർലമെന്റിലേക്ക് മാർച്ച് ചെയ്തപ്പോൾ ഇരുവരും അണിചേര്‍ന്നു. പൊലീസും കേന്ദ്രസേനകളും ആവുന്നത്ര ശ്രമിച്ചിട്ടും രണ്ടുപേരെയും പിന്തിരിപ്പിക്കാനായില്ല.
പൊലീസ് ക്രൂരതയെ ധീരമായി നേരിട്ടവിദ്യാർഥികൾക്കും യുവാക്കൾക്കും അവര്‍ ധൈര്യം നൽകി. ലോറിയുടെ മുകളിലിരുന്ന് പ്രകാശ് രാജ് ഭരണഘടന ഉയർത്തിപ്പിടിച്ചു. സോനം വാങ്‌ചുക്കിന്റെ ഭാര്യ ഗീതാഞ്ജലി ആങ്‌മോയും സജീവമായി സമരത്തിൽ പങ്കാളിയായി. ഡൽഹി മുൻ മുഖ്യമന്ത്രി അതിഷി, മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എന്നിവരും ജന്തർ മന്തറിലെത്തി. ജമ്മു കശ്‌മീർ മുഖ്യമന്ത്രി ഒമർ അബ്‌ദുള്ളയും സ്ഥലത്തെത്തി. മലയാളി ടെലിവിഷൻ അവതാരകയായ രഞ്ജിനി ഹരിദാസ്, അഭിനേതാക്കളായ സിൽജ റോസ് ജോർജ്, നോയ്‌ല ഫ്രാൻസി, മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി തുടങ്ങിയവരും സമരത്തിനെത്തി.










0 comments