'ബുൾഡോസർ ബുദ്ധി, വസ്തുതകൾ മനസിലാക്കൂ' യോഗിയോട് മഹുവ മൊയ്ത്ര

യോഗി ആദിത്യനാഥ് (ഇടത്), മഹുവ മൊയ്ത്ര (വലത്)
ന്യൂഡൽഹി: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സുഭാഷ് ചന്ദ്രബോസിൻ്റെ പ്രശസ്തമായ ഉദ്ധരണി സ്വാമി വിവേകാനന്ദന്റേതാണെന്ന് തെറ്റായി പറഞ്ഞതിനെ പരിഹസിച്ച് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര രംഗത്ത്. തിങ്കളാഴ്ച പശ്ചിമ ബംഗാളിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു യോഗിയുടെ പരാമർശം. യോഗിയെ "ബുൾഡോസർ ബുദ്ധി" എന്ന് വിശേഷിപ്പിച്ച മഹുവ, വസ്തുതകൾ ശരിയായി മനസ്സിലാക്കാൻ മെഹുവ യോഗിയോട് ആവശ്യപ്പെട്ടു.
"ഹലോ ബുൾഡോസർ ബുദ്ധി, നിങ്ങൾ വസ്തുതകൾ ശരിയായി മനസിലാക്കുക. നേതാജി സുഭാഷ് ബോസ് പറഞ്ഞു "നിങ്ങൾ രക്തം തരൂ, ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം" സ്വാമി വിവേകാനന്ദൻ അത് പറഞ്ഞിട്ടില്ല. ദയവായി ഫാന്റ കുടിക്കാൻ യുപിയിലേക്ക് മടങ്ങിപ്പോയി ബംഗാളിനെ വെറുതേ വിടൂ. താങ്കൾ ഒരു തമാശയാണ്," മഹുവ തന്റെ എക്സിൽ കുറിച്ചു.
യുപി മുഖ്യമന്ത്രിയുടെ വീഡിയോ തൃണമൂൽ കോൺഗ്രസിൻ്റെ ഔദ്യോഗിക ഹാൻഡിൽ പങ്കുവെച്ചിട്ടുണ്ട്. 'നിങ്ങൾ എനിക്ക് രക്തം തരൂ, ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം നൽകാം' എന്ന ഉദ്ധരണി സ്വാമി വിവേകാനന്ദന്റേതാണെന്ന് അദ്ദേഹം തെറ്റായി പറയുന്നത് ഇതിൽ കേൾക്കാം. ബിജെപിയുടെ ഞെട്ടിപ്പിക്കുന്ന അറിവില്ലായ്മയും ബംഗാളിൻ്റെ ചരിത്രത്തോടുള്ള അവഹേളനവുമാണ് ഈ അബദ്ധത്തിലൂടെ പുറത്തുവന്നിരിക്കുന്നതെന്ന് തൃണമൂൽ കോൺഗ്രസ് പറഞ്ഞു.










0 comments