ad
Deshabhimani

മഹാരാഷ്ട്രയിൽ വ്യാജമദ്യ ദുരന്തം; 14 മരണം; നിരവധി പേർ ഗുരുതരാവസ്ഥയിൽ

Maharashtra liquor.jpg

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on May 29, 2026, 12:55 PM | 1 min read

പുണെ: മഹാരാഷ്ട്രയിലെ പുണെയിലും ഇരട്ടനഗരമായ പിംപ്രി-ചിഞ്ച്‌വഡിലും വ്യാജമദ്യം കഴിച്ച് 14 പേർ മരിച്ചു. നിരവധി ആളുകൾ വിവിധ ആശുപത്രികളിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. വ്യാജ മദ്യത്തിന്റെ ഉറവിടം തേടി പൊലീസ്, എക്സൈസ്, ഫൊറൻസിക് സംഘങ്ങൾ സംയുക്തമായി വൻ പരിശോധന ആരംഭിച്ചു.


പിംപ്രി-ചിഞ്ച്‌വഡിലെ ഫുഗേവാഡി, ദാപോഡി മേഖലകളിലാണ് ദുരന്തത്തിന്റെ ആദ്യ ലക്ഷണം കണ്ടത്. ഇവിടെ കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ ഒമ്പത് പേർ മരണപ്പെട്ടു. ഇതിന് തൊട്ടുപിന്നാലെ പുണെയിലെ ഹഡ്പ്സർ, കാളെ പടൽ പ്രദേശങ്ങളിലും സമാന ലക്ഷണങ്ങളോടെ അഞ്ച് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്യുകയായിരുന്നു.


മദ്യപിച്ചതിന് പിന്നാലെ കടുത്ത തലകറക്കം, ശ്വാസതടസ്സം, ഛർദ്ദി, അസ്വസ്ഥത എന്നിവ അനുഭവപ്പെട്ടതിനെ തുടർന്ന് ഇവരെ ആശുപത്രികളിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് മെഡിക്കൽ സംഘം നൽകുന്ന സൂചന.


വ്യാജമദ്യ നിർമ്മാണത്തിന് ഉപയോഗിക്കുന്ന മാരക വിഷാംശമുള്ള ഇൻഡസ്ട്രിയൽ കെമിക്കലായ 'മെഥനോൾ' കൺട്രി മദ്യത്തിൽ കലർത്തിയതാണ് ദുരന്തത്തിന് കാരണമായതെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം.


ഏകദേശം 215 ലിറ്ററിലധികം മെഥനോൾ ഇത്തരത്തിൽ മദ്യ ശൃംഖലയിലേക്ക് എത്തിയതായി സംശയിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് പ്രമുഖ വ്യാജമദ്യ വ്യാപാരിയായ യോഗേഷ് വാങ്കഡെയെ എക്സൈസ് വകുപ്പ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളുടെ ഒളിത്താവളങ്ങളിൽ നിന്ന് വൻതോതിൽ രാസവസ്തുക്കളും വ്യാജമദ്യവും പിടിച്ചെടുത്തു.


അതേസമയം, പോസ്റ്റ്‌മോർട്ടം, ഫൊറൻസിക് റിപ്പോർട്ടുകൾ പൂർണ്ണമായി പുറത്തുവന്ന ശേഷമേ മരണകാരണം ഔദ്യോഗികമായി സ്ഥിരീകരിക്കാനാകൂ എന്ന് പിംപ്രി-ചിഞ്ച്‌വഡ് പൊലീസ് അറിയിച്ചു.


വ്യാജമദ്യ മാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ സർക്കാർ ഉന്നത ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. മേഖലയിൽ വൻതോതിൽ വ്യാജമദ്യ വിതരണം നടന്നിട്ടുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും വ്യാജമദ്യ കേന്ദ്രങ്ങളെക്കുറിച്ച് വിവരം നൽകണമെന്നും അധികൃതർ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home