print edition മഹാരാഷ്‌ട്രയിലും ബിജെപി കുതന്ത്രം

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: പണവും പദവിയും വാഗ്‌ദാനംചെയ്‌തും കേന്ദ്ര ഏജൻസികളെ കാണിച്ച് വിരട്ടിയും പ്രതിപക്ഷ കക്ഷികളെ പിളർത്തി പാർലമെന്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷമുറപ്പാക്കാനുള്ള നീക്കങ്ങൾ മഹാരാഷ്‌ട്രയിലേക്കും വ്യാപിപ്പിച്ച് ബിജെപി. മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ ശിവസേന ഉദ്ധവ് താക്കറെ പക്ഷത്തെ എംപിമാരെക്കൂടി എൻഡിഎയിൽ എത്തിക്കാനാണ് ശ്രമം. ‘ഓപറേഷൻ ടൈഗർ’ എന്ന് പേരിലുള്ള നീക്കം അവസാനഘട്ടത്തിലാണെന്ന് ഷിൻഡെ വിഭാഗം അറിയിച്ചു. ഉദ്ധവ് പക്ഷത്തെ നിരവധി എംപിമാർ എൻഡിഎയുമായി സഹകരിക്കാൻ തയ്യാറാണെന്നാണ് അവകാശവാദം.
‘ഓപറേഷൻ ടൈഗർ ’ റിപ്പോർട്ടുകൾ പുറത്തുവന്നതിനുപിന്നാലെ ഉദ്ധവ് താക്കറേ ഞായറാഴ്‌ച പാർടി പാർലമെന്ററി ബോർഡ് യോഗം വിളിച്ചുചേർത്തു. ലോക്‌സഭ, രാജ്യസഭ അംഗങ്ങളായ മുതിർന്ന നേതാക്കൾ പങ്കെടുത്തു. നേരത്തെ എഎപിയെയും തൃണമൂൽ കോൺഗ്രസിനെയും പിളർത്തി നിരവധി എംപിമാരെ എൻഡിഎ പക്ഷത്തെത്തിച്ചിരുന്നു. കൂറുമാറ്റ നിയമത്തിന്റെ തടസ്സം മറികടക്കാൻ പാർടികളിലെ മുന്നിൽ രണ്ട് അംഗങ്ങളെയും പ്രത്യേക ബ്ലോക്കുകളാക്കിയശേഷം പിന്തുണ ഉറപ്പാക്കുന്ന ശൈലിയാണ് പിന്തുടരുന്നത്.
ഭരണഘടന അട്ടിമറിക്കാനുള്ള നിയമനിർമാണങ്ങൾ പാസാക്കണമെങ്കിൽ ഇരുസഭകളിലും മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമുണ്ട്. 543 അംഗ ലോക്‌സഭയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉറപ്പാക്കാൻ 362 സീറ്റുകൾ വേണം. മൂന്ന് സീറ്റുകൾ ഒഴിവുള്ളത് പരിഗണിച്ചാൽ 360 അംഗങ്ങളെങ്കിലും വേണം. ലോക്‌സഭയിൽ എൻഡിഎയ്‌ക്ക് 292 അംഗങ്ങളാണുള്ളത്. തൃണമൂൽ കോൺഗ്രസ് വിട്ടെത്തിയ 20 വിമതരുടെകൂടി പിന്തുണയായാൽ 312. രാജ്യസഭയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉറപ്പിക്കാൻ 163 സീറ്റ് വേണം. എൻഡിഎയ്‌ക്ക് 148 അംഗങ്ങളാണുള്ളത്. ജാർഖണ്ഡ്, മിസോറം എന്നിവിടങ്ങളിൽനിന്നുള്ള മൂന്ന് സീറ്റുകളും പശ്‌ചിമബംഗാളിലെ മൂന്ന് സീറ്റുകളും എൻഡിഎ നേടാൻ സാധ്യതയുമുണ്ട്.










0 comments