പരിശീലന വിമാനം തകർന്നുവീണു; പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു

എ ഐ പ്രതീകാത്മക ചിത്രം
പൂനൈ: മഹാരാഷ്ട്രയിലെ പൂനൈയിൽ പരിശീലന വിമാനം തകർന്നുവീണു. ബാരാമതി വിമാനത്താവളത്തിന് സമീപം ചൊവ്വാഴ്ച രാവിലെ 8.50ഓടെയാണ് അപകടമുണ്ടായത്. റെഡ് ബേർഡ് ഏവിയേഷന്റെ ഉടമസ്ഥതയിലുള്ള പരിശീലന വിമാനമാണ് തകർന്നത്. വിമാനത്തിലുണ്ടായിരുന്ന ട്രെയിനി പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു.
വിമാനത്താവളത്തിന് സമീപമുള്ള ഗോജുബാവി ഗ്രാമത്തിന് മുകളിലൂടെ താഴ്ന്നു പറക്കുന്നതിനിടെ വിമാനത്തിന് സാങ്കേതിക തകരാർ അനുഭവപ്പെടുകയായിരുന്നുവെന്ന് പൂനൈ റൂറൽ പൊലീസ് സൂപ്രണ്ട് സന്ദീപ് സിംഗ് ഗിൽ പറഞ്ഞു. നിയന്ത്രണം നഷ്ടപ്പെട്ട വിമാനം തകർന്നുവീഴുന്നതിനിടെ സമീപത്തെ വൈദ്യുത തൂണിൽ ഇടിക്കുകയും പിന്നീട് നിലംപതിക്കുകയുമായിരുന്നുവെന്ന് ദൃക്‌സാക്ഷികളും മൊഴി നല്‍കി. ശക്തമായ ഇടിയിൽ വിമാനത്തിന് കേടുപാടുകൾ സംഭവിച്ചെങ്കിലും പൈലറ്റ് സുരക്ഷിതനാണ്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.










0 comments