print edition കോൺഗ്രസ് ഒറ്റയ്‍ക്ക് നിന്നു ; മുംബൈ ബിജെപി നേടി

ന്യൂഡൽഹി
ബ്രിഹൻ മുംബൈ മുൻസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ ഒറ്റയ്‍ക്ക് മത്സരിക്കാനുള്ള കോൺഗ്രസ് തീരുമാനം ഉറപ്പാക്കിയത് ബിജെപിയുടെ വിജയം. ഉദ്ധവ് താക്കറെ ശിവസേന, രാജ്‍താക്കറെ എംഎൻഎസ് സഖ്യത്തിനൊപ്പം നിൽക്കാതെ കോൺഗ്രസ് മത്സരിച്ചത് കുറഞ്ഞത് 32 വാര്‍ഡിൽ ബിജെപി, ഏക്‍നാഥ് ഷിൻഡെ ശിവസേന സഖ്യത്തിന്റെ ജയത്തിന് കാരണമായെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
അന്ധേരി വെസ്‌റ്റ് വാർഡിൽ ബിജെപിയുടെ രൂപേഷ് സവർക്കർ 538 വോട്ടിനാണ് ശിവസേന ഉദ്ധവ് വിഭാഗത്തിന്റെ ദേവേന്ദ്ര അംബേർക്കറെ തോൽപ്പിച്ചത്. 4,380 വോട്ട് നേടിയ കോൺഗ്രസിന്റെ പ്രിയങ്ക സനപ് ബിജെപി ജയം ഉറപ്പാക്കി. ഗഡ്‌കോപാർ വാർഡിൽ ജയിച്ച ബിജെപിയുടെ അശ്വിനി മാതേ 9,815 വോട്ടാണ് നേടിയത്. എംഎൻഎസിന്റെ വിജയ ഗീതയെക്ക് 6,793 വോട്ട് ലഭിച്ചപ്പോൾ കോൺഗ്രസിന്റെ തൃപ്‌തി മതേലേ 6,467 വോട്ട് നേടി ബിജെപിക്ക് വഴിവെട്ടി. ഇവിടെ വാര്‍ഡ് ഏഴിൽ 797 വോട്ടിനും 31ൽ 278, 106ൽ 164, 159ൽ 276, 190ൽ 121 വോട്ടിന്റെയും ഭൂരിപക്ഷത്തിനാണ് ബിജെപി സ്ഥാനാര്‍ഥികള്‍ ജയിച്ചത്.
ഇന്ത്യ കൂട്ടായ്‌മയിലെ പ്രധാനകക്ഷിയെന്ന നിലയിൽ മഹായുതി സഖ്യത്തെ ഏകോപിപ്പിച്ച് തെരഞ്ഞെടുപ്പ് നേരിടാൻ കോൺഗ്രസ് മെനക്കെടാത്തതാണ് ബിജെപിക്കും ഷിൻഡേ വിഭാഗത്തിനും സഹായകമായത്. ഇങ്ങനെ ബിജെപിക്ക് 21 വാര്‍ഡും ഷിൻഡെ ശിവസേനയ്ക്ക് 10 വാര്‍ഡുമാണ് കോൺഗ്രസ് താലത്തിൽവച്ച് നൽകിയത്. മുന്നണിയായി മത്സരിച്ചെങ്കിൽ ഫലം തീർച്ചയായും മറ്റൊരു വിധത്തിൽ ആകുമായിരുന്നെന്ന് മഹാരാഷ്ട്ര കോൺഗ്രസിന്റെ മുഖ്യവക്താവായ സച്ചിൻ സാവന്ദ് പറഞ്ഞു.
അതേസമയം ബിഎംസി തെരഞ്ഞെടുപ്പിൽ ബിജെപി 89 സീറ്റുമായി ഒറ്റകക്ഷിയായെങ്കിലും മേയര്‍ തെരഞ്ഞെടുപ്പിൽ ആകാംക്ഷ തുടരുകയാണ്. ഭൂരിപക്ഷത്തിന് 29 ശിവസേന ഷിൻഡെ കൗൺസിലര്‍മാരുടെ പിന്തുണ അനിവാര്യമാണ്. ഉദ്ധവ് താക്കറെ സഖ്യത്തിലേക്കുള്ള കൂറുമാറ്റം പേടിച്ച് ഷിൻഡെ ഈ കൗൺസിലര്‍മാരെ ആഡംബര ഹോട്ടലിലേക്ക് മാറ്റി.










0 comments