12 ആവശ്യങ്ങൾ അംഗീകരിച്ചു , പാൽഘർ കലക്‌ടറേറ്റ് ഉപരോധം അവസാനിപ്പിച്ചു
print edition ലോങ്മാർച്ച് ഉജ്വല വിജയം ; മുട്ടുമടക്കി മഹാരാഷ്‌ട്രയിലെ ബിജെപി സർക്കാർ

ന്യൂഡൽഹി
മഹാരാഷ്‌ട്രയിൽ കേന്ദ്ര–സംസ്ഥാന ബിജെപി സർക്കാരിന്റെ ജനദ്രോഹ നയങ്ങൾ തിരുത്താൻ സിപിഐ എം നേതൃത്വത്തിൽ പതിനായിരങ്ങൾ അണിനിരന്ന ബഹുജനപ്രക്ഷോഭം പുതുചരിത്രം കുറിച്ചു. പാൽഘർ കലക്‌ടറേറ്റിന് മുന്നിലെ മണിക്കൂറുകൾ നീണ്ട ഉപരോധത്തിനൊടുവിൽ ബിജെപി സർക്കാർ മുട്ടുമടക്കി.
പ്രക്ഷോഭകർ ഉന്നയിച്ച 12 ആവശ്യങ്ങൾ അംഗീകരിക്കാമെന്ന് ജില്ലാ അധികൃതർ ഉറപ്പുനൽകി. അഖിലേന്ത്യ കിസാൻസഭ പ്രസിഡന്റ് അശോക് ധാവ്‌ളെ, വിനോദ് നിക്കോളെ എംഎൽഎ തുടങ്ങി നേതാക്കൾ ഉൾപ്പെട്ട പ്രതിനിധി സംഘമാണ് കലക്‌ടർ ഉൾപ്പടെയുള്ള അധികൃതരുമായി ബുധനാഴ്‌ച ചർച്ച നടത്തിയത്.

സിപിഐ എം നേതാക്കള്‍ പാൽഘര്‍ ജില്ലാ അധികൃതരുമായി ചര്‍ച്ച നടത്തുന്നു
വനാവകാശ നിയമം നടപ്പിലാക്കുന്നതിലെ തടസ്സം നീക്കുക, കൃഷിഭൂമി കൈമാറ്റം, ഡാമുകളിലെ വെള്ളത്തിൽ പ്രദേശവാസികൾക്ക് അവകാശം തുടങ്ങി 12 ആവശ്യങ്ങളാണ് അംഗീകരിച്ചത്. ഇതോടെയാണ് കലക്‌ട്രേറ്റ് ഉപരോധം അവസാനിപ്പിച്ചത്. നാസിക്കിലെ വിവിധ താലൂക്കുകളിൽ അഞ്ച് ദിവസമായി അനിശ്ചിതകാല റോഡ് ഉപരോധം നടക്കുകയാണ്. അടുത്തഘട്ട സമരപരിപാടികൾ പാർടി സംസ്ഥാന കമ്മിറ്റിയും കിസാൻ സഭയും തീരുമാനിക്കും.
ദഹാനു താലൂക്കിലെ ചരോട്ടിയിൽനിന്ന് 60 കിലോമീറ്റർ താണ്ടിയാണ് പാൽഘറിലേക്ക് പതിനായിരങ്ങൾ അണിനിരന്ന ബഹുജനമാർച്ച് സംഘടിപ്പിച്ചത്. ചൊവ്വാഴ്‌ച പാൽഘറിലെത്തിയ മാർച്ച് കലക്‌ടറേറ്റ് പരിസരത്ത് പ്രവേശിക്കാതിരിക്കാൻ അധികൃതർ എല്ലാ ഗേറ്റുകളും അടച്ചിട്ടു. ഇതോടെ ആയിരങ്ങൾ കലക്‌ടറേറ്റും പാൽഘർ– ബോയ്‌സർ ഹൈവേയും ഉപരോധിച്ചു. ഒരാളെയും കലക്‌ടറേറ്റിലേക്ക് കടക്കാൻ അനുവദിക്കില്ലെന്നും പ്രഖ്യാപിച്ചു. പ്രക്ഷോഭം മുംബൈയിലേക്ക് വ്യാപിപ്പിക്കുമെന്നും മുന്നറിയിപ്പ് നൽകി.
നേതാക്കളുടെ ആഹ്വാനത്തെ തുടർന്ന് ഗ്രാമങ്ങളിൽനിന്ന് കൂടുതൽ കർഷകരും തൊഴിലാളികളും പാൽഘറിലേക്ക് പ്രവഹിച്ചു. ഗത്യന്തരമില്ലായതോടെ ജില്ലാ അധികൃതർ നേതാക്കളുമായി മാരത്തൺ ചർച്ചകൾക്ക് തയ്യാറായി. പ്രതിഷേധം വിജയിച്ചതോടെ പാൽഘർ കലക്‌ടറേറ്റിന് മുന്നിൽ ആഹ്ലാദ പ്രകടനം നടത്തി.











0 comments