ad
Deshabhimani

മഹാരാഷ്ട്ര മുനിസിപ്പൽ തെരഞ്ഞെടപ്പ്, ശക്തികേന്ദ്രങ്ങൾ അടിയറവെച്ച് താക്കറേയും പവാറും കോൺഗ്രസും

mumbai result
വെബ് ഡെസ്ക്

Published on Jan 17, 2026, 02:56 PM | 2 min read

മുംബൈ: മഹാരാഷ്ട്ര മുനിസിപ്പൽ കോര്‍പ്പറേഷൻ തെരഞ്ഞെടുപ്പിൽ വര്‍ഷങ്ങളായി ഭരണം കയ്യടക്കി വെച്ചിരുന്ന തങ്ങളുടെ ശക്തി കേന്ദ്രങ്ങൾ കൂടി അടിയറവെച്ച് താക്കറേയും പവാറും കോൺഗ്രസും. പതിറ്റാണ്ടുകളായി തുടരുന്ന ഭരണപാടവവും പരിചയവും താനേ വോട്ടായി മാറുമെന്ന കാത്തിരിപ്പ് ഫലിച്ചില്ല.


29മുനിസിപ്പൽ കോർപ്പറേഷനുകളിലായി നടന്ന തെരഞ്ഞെടുപ്പിൽ ആകെ 2,869സീറ്റുകളിൽ 1,425സീറ്റുകൾ നേടി ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. രാജ്യം ഉറ്റു നോക്കിയ മുംബൈ മാഹാനഗരം ഉൾപ്പെടെ ഒരു ഡസനിലധികം നഗരസഭകൾ മുൻ ഭരണ സഖ്യത്തിന് നഷ്ടമായി. അവയെല്ലാം ബിജെപിക്ക് കൈമാറിയ പോലുള്ള സാഹചര്യമാണ്.


227അംഗങ്ങളുള്ള ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷനിൽ ബിജെപി മാത്രമായി 89സീറ്റുകൾ നേടി. മൂന്നു ദശകങ്ങളായി താക്കറേ കുടുംബം കൈവശം വെച്ചിരുന്ന രാജ്യത്തെ ധനസമ്പന്നമായ മഹാനഗരസഭയാണ് വിട്ടു കൊടുത്തത്.


ഇവിടെ ബിജെപിയുടെ സഖ്യകക്ഷിയായ ശിവസേനയ്ക്ക് 29സീറ്റുകൾ ലഭിച്ചപ്പോൾ,ഉദ്ധവ് താക്കറേ നയിക്കുന്ന ശിവസേന (യുബിടി) 65സീറ്റുകൾ നേടി.മഹാരാഷ്ട്ര നവനിർമ്മാണ സേനയ്ക്ക് ആറു സീറ്റുകളാണ് ലഭിച്ചത്. പിളര്‍പ്പും തമ്മിലടിയും അത്രമാത്രം വഷളായി തുടര്‍ന്നിട്ടും വോട്ടര്‍മാ‍ര്‍ പൂര്‍ണ്ണമായി കൈവിട്ടില്ല എന്നതാണ് പൂര്‍ണ്ണ ഫലം പുറത്തു വന്നപ്പോൾ ശിവസേനയ്ക്ക് ആശ്വാസമായി ബാക്കിയുള്ളത്


കോൺഗ്രസ്, വഞ്ചിത് ബഹുജൻ അഘാഡിയുമായി ചേർന്ന് മത്സരിച്ച് 24സീറ്റുകളിൽ ഒതുങ്ങി.എഐഎംഐഎം എട്ട് സീറ്റുകളും എൻസിപി മൂന്ന് സീറ്റുകളും സമാജ്‌വാദി പാർട്ടി രണ്ട് സീറ്റുകളും നേടി.എൻസിപി (എസ്.പി)ക്ക് ഒരു സീറ്റിൽ മാത്രമാണ് വിജയം നേടാനായത്.


നവി മുംബൈ,കല്യാൺ–ഡോംബിവലി,മീരാ–ഭായന്ദർ,നാസിക്,പൻവേൽ,പുണെ,പിംപ്രി–ചിഞ്ച്‌വാഡ്,സോളാപൂർ,ഛത്രപതി സംഭാജിനഗർ,നന്ദേഡ്,നാഗ്പൂർ എന്നീ നഗരസഭകളിൽ ബിജെപി ഏറ്റവും വലിയ കക്ഷിയാണ്.


പുണെയിലും പവാ‍ര്‍ വീണു

പുണെയിൽ പവാ‍ര്‍ കുടംബത്തിന്റെ മേൽക്കെെ തകര്‍ന്നു.ഇവിടെ ബിജെപി 119സീറ്റുകൾ നേടി.അജിത് പവാർ നയിക്കുന്ന എൻസിപി 27സീറ്റുകളോടെ രണ്ടാം സ്ഥാനത്തെത്തി.എൻസിപി (എസ്.പി)മൂന്ന് സീറ്റുകളും കോൺഗ്രസ് 15സീറ്റുകളും നേടി.


151അംഗങ്ങളുള്ള നാഗ്പൂർ മുനിസിപ്പൽ കോർപ്പറേഷനിൽ ബിജെപി 102സീറ്റുകൾ നേടി.കോൺഗ്രസ് 34സീറ്റുകളിൽ ഒതുങ്ങി.നാസിക്കിൽ ബിജെപി 72സീറ്റുകൾ നേടി.ശിവസേന 26,ശിവസേന (യുബിടി) 15,കോൺഗ്രസ് മൂന്ന്,എൻസിപി നാല് സീറ്റുകളാണ് നേടിയത്.


ഛത്രപതി സംഭാജിനഗറിൽ ബിജെപി 57സീറ്റുകൾ നേടി.ശിവസേനയ്ക്ക് 15സീറ്റുകളും കോൺഗ്രസിന് ഒരു സീറ്റും ലഭിച്ചു.എഐഎംഐഎം ഉൾപ്പെടെയുള്ള മറ്റ് കക്ഷികൾ 33സീറ്റുകൾ സ്വന്തമാക്കി.


കോൺഗ്രസ് ജാഗ്രത പുല‍ര്‍ത്തിയ ചില നഗരങ്ങളിൽ ശ്രദ്ധേയമായ നിലവാരം കാത്തു.ഭിവണ്ടിയിൽ 30സീറ്റുകളും ചന്ദ്രപുരിൽ 27സീറ്റുകളും ലാതൂരിൽ 43സീറ്റുകളും നേടി.


അവസാന കണക്ക്


അവസാന കണക്കുകൾ പ്രകാരം,ബിജെപി 1,425സീറ്റുകൾ നേടിയപ്പോൾ ശിവസേന 399,കോൺഗ്രസ് 324,എൻസിപി 167,ശിവസേന (യുബിടി) 155,എൻസിപി (എസ്.പി) 36,എംഎൻഎസ് 13,ബിഎസ്‌പി ആറു സീറ്റുകൾ നേടി.സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്ത മറ്റ് കക്ഷികൾ 129സീറ്റുകളും രജിസ്റ്റർ ചെയ്യാത്ത കക്ഷികൾ 196സീറ്റുകളും നേടി. 19സ്വതന്ത്രരും വിജയിച്ചു.


കോൺഗ്രസും എൻസിപി ശരദ് പവാര്‍ വിഭാഗവും ശിവസേന ഉദ്ധവ് താക്കറെ പക്ഷവും ചേര്‍ന്നുള്ള മഹാവികാസ് അഘാഡിയിൽ തുടക്കം തന്നെ ഭിന്നത പ്രകടമായിരുന്നു.


പോരാട്ടം നടന്നത്

മുംബൈ,നവി മുംബൈ,വസായ്–വിരാർ,കല്യാൺ–ഡോംബിവലി,കൊളാപ്പൂർ,നാഗ്പൂർ,സോളാപൂർ,അമ്രാവതി,അക്കോള,നാസിക്,പിംപ്രി,ചിഞ്ച്‌വാഡ്,പുണെ,ഉൾഹാസ്‌നഗർ,താനെ,ചന്ദ്രപുര്‍,പര്ഭാണി,മീരാ–ഭായന്ദർ,നന്ദേഡ്–വാഘാല,പൻവേൽ,ഭിവണ്ടി–നിസാംപൂർ,ലാതൂർ,മാലേഗാവ്,സംഗ്ലി–മിരാജ്–കുപ്‌വാഡ്,ജൽഗാവ്,അഹില്യാനഗർ,ധൂലെ,ജാൽന,ഇചൽകാരഞ്ചി എന്നിവിടങ്ങളിലായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്.


പഴയ കണക്ക്

2017-ൽ നടന്ന അവസാന ബിഎംസി തിരഞ്ഞെടുപ്പിൽ, അന്നത്തെ ഐക്യ ശിവസേന 84 സീറ്റുകൾ നേടി മുൻനിര പാർട്ടിയായി ഉയർന്നുവന്നു. ഭാരതീയ ജനതാ പാർട്ടി 82 സീറ്റുകൾ നേടി, തൊട്ടുപിന്നാലെ കോൺഗ്രസ് 31 സീറ്റുകൾ നേടി, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി 9 സീറ്റുകൾ നേടി, മഹാരാഷ്ട്ര നവനിർമ്മാൺ സേന 7 സീറ്റുകൾ നേടി, സമാജ്‌വാദി പാർട്ടി 6 സീറ്റുകൾ നേടി, സ്വതന്ത്രർ 5 സീറ്റുകൾ നേടി, ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്‌ലിമീൻ 2 സീറ്റുകൾ നേടി, അഖില ഭാരതീയ സേന 1 സീറ്റ് നേടി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home