ad
Deshabhimani

തിരുപരംകുണ്ട്രം വിധി: ഹൈക്കോടതിക്കെതിരെ മുൻ ജഡ്ജി ജസ്റ്റിസ് എസ്.എസ്. സുന്ദർ

Thirupparamkundram.jpg
വെബ് ഡെസ്ക്

Published on Jan 03, 2026, 10:33 AM | 1 min read

ചെന്നൈ: മധുര തിരുപരംകുണ്ട്രം മലയിലെ സിക്കന്ദർ ബാദുഷ ദർഗയ്ക്ക് സമീപമുള്ള ദീപസ്തംഭത്തിൽ കാർത്തിക വിളക്ക് തെളിയിക്കാൻ അനുമതി നൽകിയ മദ്രാസ് ഹൈക്കോടതി വിധി നിയമവിരുദ്ധമാണെന്ന് മുൻ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എസ്.എസ്. സുന്ദർ.


വിഷയത്തിൽ ക്രമസമാധാന പ്രശ്നങ്ങൾ പരിഗണിക്കാതെ കോടതി വിധി പുറപ്പെടുവിച്ചത് അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. തിടുക്കപ്പെട്ട് പുറപ്പെടുവിച്ച ഇത്തരമൊരു വിധി സംസ്ഥാനത്തുടനീളം സാമുദായിക സംഘർഷത്തിനും സമാധാനാന്തരീക്ഷം തകരുന്നതിനും കാരണമാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.


പ്രശ്നങ്ങൾ വസ്തുനിഷ്ഠമായി കണ്ട് പരിഹാരമുണ്ടാക്കുന്നതിന് പകരം ചില ജഡ്ജിമാർ പക്ഷം ചേർന്ന് തീരുമാനമെടുക്കുകയാണ്. തിരുപരംകുണ്ട്രം കുന്നിന് മുകളിൽ ഇത്തരമൊരു ആചാരമോ അനുഷ്ഠാനമോ നിലനിന്നിരുന്നില്ലെന്ന് വ്യക്തമായതാണ്.


ക്ഷേത്ര അധികൃതർ പോലും എതിർത്തിട്ടും പുതിയൊരു ആചാരം സൃഷ്ടിക്കാൻ കോടതി എങ്ങനെയാണ് അനുമതി നൽകുകയെന്നും എസ്.എസ്. സുന്ദർ ചോദിച്ചു. ദർഗയ്ക്ക് നടുവിലുള്ള ദീപത്തൂൺ ഹൈന്ദവ ആചാരങ്ങളുമായി ബന്ധപ്പെട്ടതല്ലെന്നും അത് ദിഗംബര ജൈന സന്യാസിമാർ ഉപയോഗിച്ചിരുന്ന സ്തംഭമാണെന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു.


പതിറ്റാണ്ടുകളായി സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ദീപമണ്ഡപത്തിലാണ് വിളക്ക് തെളിയിച്ചു വരുന്നത്. ഈ വസ്തുതകൾ അവഗണിച്ചാണ് ജസ്റ്റിസ് ജി.ആർ. സ്വാമിനാഥൻ ദർഗയ്ക്ക് സമീപം ദീപം തെളിയിക്കാൻ ഉത്തരവിട്ടത്.


ക്രമസമാധാന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ജസ്റ്റിസ് ജി.ആർ. സ്വാമിനാഥന്റെ വിധി നടപ്പാക്കാൻ തമിഴ്‌നാട് സർക്കാർ വിസമ്മതിച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home