ad
Deshabhimani

മധ്യപ്രദേശ് ഇനി 'ചീറ്റ സംസ്ഥാനം'; കുനോയിൽ രണ്ട് ചീറ്റകളെ കൂടി തുറന്നുവിട്ടു

cheetah
വെബ് ഡെസ്ക്

Published on May 11, 2026, 12:59 PM | 1 min read

ഭോപ്പാൽ: മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിൽ രണ്ട് ചീറ്റകളെ കൂടി തുറന്നുവിട്ടു. ആഫ്രിക്കൻ രാജ്യമായ ബോട്സ്വാനയിൽ നിന്ന് രാജ്യത്ത് എത്തിച്ച്, ക്വാറന്റൈൻ കാലാവധി പൂർത്തിയാക്കിയ ചീറ്റകളെയാണ് കുനോയിൽ തുറന്നുവിട്ടത്. വിദേശത്തു നിന്ന് ചീറ്റകളെ എത്തിക്കുന്ന പദ്ധതി വൻ വിജയമാണെന്നും മധ്യപ്രദേശ് രാജ്യത്തെ 'ചീറ്റ സംസ്ഥാനം' എന്ന ഖ്യാതി നേടിയെന്നും മുഖ്യമന്ത്രി മോഹൻ യാദവ് പറഞ്ഞു.


കുനോ നദിക്കരയിലുള്ള പ്രദേശത്താണ് CCV-2, CCV-3 എന്നീ തിരിച്ചറിയൽ നമ്പറുകളുള്ള പെൺ ചീറ്റകളെ മുഖ്യമന്ത്രി തുറന്നുവിട്ടത്. പ്രൊജക്ട് ചീറ്റയുടെ ഭാ​ഗമായി ഫെബ്രുവരിയിലാണ് ബോട്സ്വാനയിൽ നിന്ന് ഇന്ത്യയിലേക്ക് ഒമ്പത് ചീറ്റകളെ എത്തിച്ചത്. ആറ് പെൺ ചീറ്റകളെയും മൂന്ന് ആൺ ചീറ്റകളെയുമാണ് എത്തിച്ചത്. വംശനാശഭീഷണി നേരിടുന്ന ചീറ്റകളെ സംസ്ഥാനത്ത് പുനഃസ്ഥാപിച്ച് അവയുടെ എണ്ണം വർധിപ്പിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. പുതിയ ചീറ്റകളുടെ വരവോടെ ഇന്ത്യയിലെ ആകെ ചീറ്റകളുടെ എണ്ണം 57 ആയി ഉയർന്നുവെന്ന് അധികൃതർ അറിയിച്ചു.


പ്രോജക്ട് ചീറ്റയുടെ ഭാ​ഗമായി 2022 സെപ്തംബർ 17ന് നമീബിയയിൽ നിന്ന് കൊണ്ടുവന്ന എട്ട് ചീറ്റകളെ മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ തുറന്നുവിട്ടിരുന്നു. പിന്നീട് 2023 ഫെബ്രുവരിയിൽ ദക്ഷിണാഫ്രിക്കയിൽ നിന്ന് 12 ചീറ്റകളെ കൂടി എത്തിച്ചു. കുനോയിലും മധ്യപ്രദേശിലെ മന്ദ്‌സൗർ, നീമുച്ച് ജില്ലകളുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഗാന്ധി സാഗർ വന്യജീവി സങ്കേതത്തിലുമാണ് ചീറ്റകളുള്ളത്. നമീബിയയിൽ നിന്നെത്തിച്ച പെൺചീറ്റകളായ ജ്വാല, ആശ, ​ക്ഷിണാഫ്രിക്കയിൽ ജനിച്ച ഗാമിനി, വീര, നിർവ, ഇന്ത്യയിൽ ജനിച്ച മുഖി എന്നിവ കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയിരുന്നു. കുനോയിൽ ഇതുവരെ 27 കുഞ്ഞുങ്ങൾ ജനിച്ചിട്ടുണ്ട്. പദ്ധതിയുടെ ഭാ​ഗമായി മൂന്നാം തവണയാണ് ആഫ്രിക്കയിൽ നിന്ന് ചീറ്റകളെ എത്തിച്ചത്.


1952-ലാണ് ഇന്ത്യയിൽ ചീറ്റകൾ വംശമറ്റതായി ഔദ്യോഗിക പ്രഖ്യാപനം വരുന്നത്. ഇവയെ വീണ്ടെടുക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണ് പ്രൊജക്ട് ചീറ്റ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home