ഗ്രാനൈറ്റ് വ്യവസായ ഭീമൻ ആര്‍ വീരമണിയെ ചോദ്യം ചെയ്യുന്നു: കൂടുതൽ കുട്ടികൾ ഇരകളാക്കപ്പെട്ടതായി അന്വേഷക സംഘം

ചെന്നൈ: പ്രമുഖ ഗ്രാനൈറ്റ് വ്യവസായി ആര്‍ വീരമണി പ്രതിയായ കേസിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി അന്വേഷക സംഘം. രണ്ടു പതിറ്റാണ്ടായി ഇയാൾ തുടരുന്ന പീഡനങ്ങളടെ ചിത്രമാണ് തെളിയുന്നത്. ആത്മഹത്യ ചെയ്തവരും അല്ലാത്തവരുമായി കൂടുതൽ കുട്ടികൾ ഇരയാക്കപ്പെട്ടതായി പൊലീസ് സ്ഥിരീകരിച്ചു. 85 കാരനായ പ്രതി പോലീസ് കസ്റ്റഡിയിലാണ്.
കേസിൽ വീരമണിയെ കൂടാതെ ഇയാൾ തേനാംപേട്ടിൽ വാടകയ്ക്ക് എടുത്തിരുന്ന ഗസ്റ്റ് ഹൗസിന്റെ ദൈനംദിന ചുമതല വഹിച്ചിരുന്ന സ്ത്രീ ശാന്തി അവരുടെ ഭര്‍ത്താവ് മഹേന്ദ്ര സിംഹൻ എന്നിവരും അറസ്റ്റിലായിട്ടുണ്ട്. ഏകദേശം കാൽ നൂറ്റാണ്ട് മുൻപ് മുതൽ നടന്ന പീഡന വിവരങ്ങൾ യാദൃശ്ചികമായാണ് പുറത്തെത്തുന്നത്.
ദരിദ്ര പശ്ചാത്തലത്തിൽ നിന്നുള്ള പെൺകുട്ടികളെ ലക്ഷ്യമിട്ട് രണ്ടു പതിറ്റാണ്ടിൽ അധികമായി ഇയാൾ ലൈംഗിക ചൂഷണം തുടര്‍ന്നു വരികയായിരുന്നു. കൂടുതൽ ഇരകളുടെ മൊഴികൾ മദ്രാസ് ഹൈക്കോടതിക്ക് കീഴിലുള്ള പ്രത്യേക പോക്സോ കോടതിയിൽ സമര്‍പ്പിച്ചതായി പൊലീസ് അറിയിച്ചു.
തെളിവുകൾ മുന്നിൽ വന്നിട്ടും
പൊലീസ് അവസാനിപ്പിച്ച കേസ്
അതി സമ്പന്നനും ഉന്നത ബന്ധങ്ങളും സ്വാധീനവുമുള്ള വ്യക്തിയാണ് ആര്‍ വീരമണി. 2025 ഒക്ടോബറിൽ ഒരു ശിശുക്ഷേമ പ്രവര്‍ത്തകയ്ക്ക് അപരിചിത വ്യക്തിയിൽ നിന്നും ലഭിച്ച ഒരു പെൻ ഡ്രൈവും കത്തുമാണ് കേസിലേക്ക് വഴി തുറന്നത്. സെൻട്രൽ ക്രൈംബ്രാഞ്ചിന്റെ ആന്റി വൈസ് സ്ക്വാഡ് (Anti-Vice Squad - AVS) കേസ് ഏറ്റെടുത്ത് അന്വേഷിച്ചു. 2025 ഒക്ടോബർ 7-ന് എഫ് ഐ ആര്‍ രജിസ്റ്റർ ചെയ്തു.
തേനാംപേട്ടിലെ ഗസ്റ്റ് ഹൗസിൽ വെച്ച് പ്രായപൂര്‍ത്തിയാവാത്ത പെൺകുട്ടി പീഡനത്തിന് ഇരയാവുന്ന ദൃശ്യങ്ങളായിരുന്നു പെൻഡ്രൈവിൽ ഉണ്ടായിരുന്നത്. വീഡിയോ ചിത്രീകരിച്ചത് 2019 ലാണെന്ന് പൊലീസ് കണ്ടെത്തി. അന്ന് പെൺകുട്ടിക്ക് പ്രായപൂര്‍ത്തി ആയിരുന്നില്ലെന്നും തിരിച്ചറിഞ്ഞു. എന്നിട്ടും കേസ് മുന്നോട്ട് പോയില്ല. വീരമണി ശക്തനായി ജീവിച്ചിരിക്കുന്നുണ്ടായിരുന്നു.
ദൃശ്യങ്ങളിലുള്ള പെൺകുട്ടിയെ കണ്ടെത്താനോ വിലാസം കണ്ടെത്താനോ സാധിച്ചില്ലെന്ന് കാണിച്ചാണ് പൊലീസ് കേസ് അവസാനിപ്പിക്കാൻ (Closure Report) അപേക്ഷയുമായി പ്രത്യേക പോക്സോ കോടതിയെ സമീപിച്ചത്. എന്നാൽ, കൃത്യമായ തെളിവുകളും വീഡിയോയും കൈവശമുണ്ടായിട്ടും എന്തുകൊണ്ട് സ്ഥലമോ ആളുകളെയോ കണ്ടെത്താൻ സാധിച്ചില്ല എന്ന് പോക്സോ പ്രത്യേക കോടതി ചോദിച്ചു. പോലീസിന്റെ റിപ്പോർട്ട് തള്ളുകയും ശക്തമായ പുനരന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.
തെളിവ് ഗസ്റ്റ് ഹൗസ് കാവൽക്കാരിയുടെ
സന്ദേശത്തിൽ നിന്ന്
കേസിൽ രണ്ടാം പ്രതിയായ ഗസ്റ്റ് ഹൗസ് കാവൽക്കാരി ശാന്തി അയച്ച ഒരു ഡിജിറ്റൽ സന്ദേശം ഇതിനിടെ പൊലീസ് വേര്‍തിരിച്ചെടുത്തു. 2003 ൽ വീരമണിയുടെ പീഡനത്തിന് ഇരയായ പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തെ കുറിച്ചായിരുന്നു സന്ദേശത്തിലെ പരാമര്‍ശം. ഇതാണ് വര്‍ഷങ്ങളായി തുടരുന്ന ക്രൂര പീഡന പരമ്പരകളുടെ ഞെട്ടിക്കുന്ന വിവരങ്ങൾ ചുരുളഴിച്ചത്.
വീരമണിയും രണ്ട് കൂട്ടാളികളും കേസിൽ പ്രതികളാണ്. പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾക്ക് പുറമെ ഇൻഫർമേഷൻ ടെക്നോളജി (IT) ആക്ട് പ്രകാരവും എസ്.സി/എസ്.ടി (അതിക്രമങ്ങൾ തടയൽ) നിയമത്തിലെ വകുപ്പുകൾ പ്രകാരവും കേസ് എടുത്തിട്ടുണ്ട്.
വീരമണിയുടെ പ്രായാധിക്യവും മോശമായ ആരോഗ്യസ്ഥിതിയും കണക്കിലെടുത്ത് പുഴൽ സെൻട്രൽ ജയിൽ സമുച്ചയത്തിനുള്ളിൽ വെച്ചാണ് ചോദ്യം ചെയ്യൽ നടക്കുന്നത്. മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വീഡിയോയിൽ ചിത്രീകരിച്ചാണ് ചോദ്യം ചെയ്യൽ.
ഇന്ത്യയിലെ പ്രധാന ഗ്രാനൈറ്റ് കയറ്റുമതി സ്ഥാപനത്തിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമാണ് പ്രതി വീരമണി. ഗ്രാനൈറ്റ് വ്യവസായ രംഗത്തെ സംഭാവനകൾക്ക് കേന്ദ്ര സര്‍ക്കാര്‍ ബഹുമതികൾ വരെ ലഭിച്ചിട്ടുണ്ട്. കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന് കീഴിലുള്ള 'ബോർഡ് ഓഫ് ട്രേഡ്' (Board of Trade), 'ഗ്രാനൈറ്റ് ഡെവലപ്‌മെന്റ് കൗൺസിൽ' എന്നിവയിൽ അംഗമായി പ്രവർത്തിച്ചിട്ടുണ്ട്.








0 comments