Deshabhimani

‘ഒരൊറ്റ ഏഷ്യ’; ഏഷ്യൻ ഗെയിംസ് മെഡലിലും ഐക്യത്തിന്റെ സന്ദേശം

Asian Games Medal
വെബ് ഡെസ്ക്

Published on Sep 19, 2026, 05:49 PM | 1 min read

ന​ഗോയ : ഏഷ്യയിലെ ഏറ്റവും വലിയ കായിക മാമാങ്കമായ ഏഷ്യൻ ​ഗെയിംസിന്റെ ഇരുപതാം പതിപ്പിന് ജപ്പാനിലെ ഐച്ചി-ന​ഗോയയിൽ തുടക്കമായി. ജപ്പാന്റെ കലാസാംസ്കാരിക ചരിത്രം വിളിച്ചോതുന്നതായിരുന്നു ഉദ്ഘാടന ചടങ്ങുകൾ. സാംസ്കാരിക പൈതൃകത്തിനൊപ്പം ആധുനിക രൂപം കൊണ്ടും ശ്രദ്ധേയമാകുകയാണ് ഏഷ്യൻ ​ഗെയിംസിന്റെ മെഡൽ. ഔദ്യോ​ഗിക മുദ്രാവാക്യമായ ഒരൊറ്റ ഏഷ്യയെന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് മെഡൽ ഡിസൈൻ ചെയ്തിരിക്കുന്നത്. പ്രശസ്ത ജാപ്പനീസ് ഡിസൈനർ ഡെയ്സുകെ ഷിബയാണ് മെഡലുകൾ രൂപകല്പന ചെയ്തിരിക്കുന്നത്.


ഒരു കായികതാരത്തിന്റെ യാത്ര വിജയത്തിലേക്ക് മാത്രമല്ല. പരാജയവും പോരാട്ടവും പരിക്കുകളും കഠിനാധ്വാനവുമൊക്കെ നിറഞ്ഞതാണെന്ന് അടയാളപ്പെടുത്തുന്നതാണ് മെഡലിന്റെ ഡിസൈൻ. പല കഷ്ണങ്ങളുടെ സമന്വയമാണ് മെഡലിലുള്ളത്. പല ഘട്ടങ്ങളിലൂടെ കടന്ന് നേട്ടത്തിലെത്തുന്ന കായികതാരങ്ങളുടെ അനുഭവങ്ങളാണ് മെഡലിലൂടെ പ്രതിഫലിക്കുന്നതെന്ന് രൂപകല്പന ചെയ്ത ഡെയ്സുകെ ഷിബ പറയുന്നു. അതിനൊപ്പം ഏഷ്യയിലെ വ്യത്യസ്തമാർന്ന സംസ്കാരങ്ങളുടെയും ഭാഷയുടെയും ഒത്തുചേരലായും ഈ ഡിസൈൻ മാറുന്നു.


പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യം കൊടുക്കുന്ന രാജ്യമാണ് ജപ്പാൻ. അതുകൊണ്ടു തന്നെ ജാപ്പനീസ് മുനിസിപ്പാലിറ്റികൾ ശേഖരിച്ച പഴയ ഇലക്ട്രോണിക് മാലിന്യങ്ങളിൽ നിന്ന് വേർതിരിച്ചെടുത്ത ലോഹമാണ് വ്യത്താകൃതിയിലുള്ള മെഡൽ നിർമാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. ഐച്ചിയുടെ ഔദ്യോഗിക പുഷ്പമായ കകിത്സുബാറ്റയുടെ രൂപമാണ് മെഡലിന്റെ റിബണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. തേയില ജാപ്പനീസ് സംസ്കാരത്തിന്റെ ഒരു ഭാ​ഗമാണ്. ഇതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഐച്ചിയിലെ പ്രശസ്തമായ ഹിനോക്കി മരം കൊണ്ടാണ് മെഡൽ പെട്ടി നിർമിച്ചിരിക്കുന്നത്.


ഏകദേശം 265 ഗ്രാം ഭാരമുള്ള വെള്ളിയിൽ 1 ഗ്രാം സ്വർണം പൂശിയതാണ് സ്വർണ മെഡൽ. ശുദ്ധമായ വെള്ളിയിൽ തീർത്ത ഏകദേശം 264 ഗ്രാം ഭാരമുള്ളവയാണ് വെള്ളി മെഡലുകൾ. ചെമ്പും സിങ്കും ചേർന്ന വെങ്കല മെഡലിന് ഏകദേശം 222 ഗ്രാം ഭാരമുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home