കടന്നലാക്രമണത്തിൽ നിന്ന് കുഞ്ഞുങ്ങളെ രക്ഷിച്ചു; കുത്തേറ്റ അംഗൻവാടി ജീവനക്കാരിക്ക് ദാരുണാന്ത്യം

ഭോപ്പാൽ: അംഗൻവാടി പരിസരത്തുണ്ടായ അതിരൂക്ഷമായ കടന്നൽ ആക്രമണത്തിൽ നിന്ന് കുട്ടികളെ രക്ഷിക്കുന്നതിനിടെ നൂറിലധികം കുത്തുകളേറ്റ അംഗൻവാടി ജീവനക്കാരിക്ക് ദാരുണാന്ത്യം. മധ്യപ്രദേശിലെ നീമുച്ച് ജില്ലയിൽ കാഞ്ചൻ ഭായ് എന്ന 40-കാരിയാണ് കടന്നലുകളുടെ കുത്തേറ്റ് മരിച്ചത്.
തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. കുട്ടികൾ അംഗൻവാടിക്ക് പുറത്ത് കളിച്ചുകൊണ്ടിരിക്കെ സമീപത്തെ മരത്തിലുണ്ടായിരുന്ന കടന്നൽക്കൂട് ഇളകി കുട്ടികളെ ആക്രമിക്കുകയായിരുന്നു.
അപകടം തിരിച്ചറിഞ്ഞ കാഞ്ചൻ ഭായ് ഒട്ടും വൈകാതെ കുട്ടികൾക്ക് ചുറ്റും ഒരു കവചമായി നിൽക്കുകയും കൈയ്യിൽ കിട്ടിയ ടാർപോളിൻ ഷീറ്റുകളും പായകളും ഉപയോഗിച്ച് അവരെ പൊതിയുകയും ചെയ്തു.
കുട്ടികളെ സുരക്ഷിതമായ മുറിക്കുള്ളിലേക്ക് മാറ്റുന്നതിനിടെ കടന്നലുകൾ കാഞ്ചൻ ഭായിയെ ആഞ്ഞു കുത്തി. ഗുരുതരാവസ്ഥയിലായ കാഞ്ചൻ ഭായിയെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചൊവ്വാഴ്ച പുലർച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.
കാഞ്ചൻ ഭായിയുടെ സന്ദർഭോചിതമായ ഇടപെടൽ മൂലം കുട്ടികൾ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. തളർവാതം ബാധിച്ച് കിടപ്പിലായ ഭർത്താവും മൂന്ന് മക്കളുമടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു ഇവർ.
സ്വന്തം ജീവൻ പണയപ്പെടുത്തിയും മറ്റുള്ളവരുടെ ജീവൻ രക്ഷിച്ച കാഞ്ചൻ ഭായിയുടെ ധീരതയെ ഗ്രാമവാസികളും അധികൃതരും ആദരവോടെ സ്മരിക്കുകയാണ്. കുടുംബത്തിന് സാമ്പത്തിക സഹായം നൽകണമെന്ന് ഗ്രാമവാസികൾ സർക്കാരിനോട് ആവശ്യപ്പെട്ടു.










0 comments