ad
Deshabhimani

പോരാട്ടങ്ങൾക്ക് എന്നും പ്രചോദനമാണ് ആർ എന്‍ കെ: നല്ലകണ്ണിന്‍റെ നിര്യാണത്തില്‍ അനുശോചിച്ച് എം എ ബേബി

rnk baby
വെബ് ഡെസ്ക്

Published on Feb 25, 2026, 06:07 PM | 1 min read

തിരുവനന്തപുരം: മുതിർന്ന കമ്യൂണിസ്റ്റ് നേതാവ് സഖാവ് ആർ നല്ലകണ്ണിന്റെ നിര്യാണത്തിൽ അനുശോചിച്ച് സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി. ബ്രിട്ടീഷ് ഭരണത്തിനെതിരായ പോരാട്ടത്തിലൂടെ സമരജീവിതം ആരംഭിച്ച കമ്യൂണിസ്റ്റ് നേതാക്കളുടെ തലമുറയിലെ അവസാന കണ്ണിയായിരുന്നു സഖാവെന്ന് എം എ ബേബി തന്റെ കുറിപ്പിൽ അനുസ്മരിച്ചു.


ധീരതയും ത്യാഗവും തൊഴിലാളികളോടും കർഷകരോടും കർഷകത്തൊഴിലാളികളോടും സമൂഹത്തിലെ മർദ്ദിത വിഭാഗങ്ങളോടുമുള്ള അചഞ്ചലമായ പ്രതിബദ്ധതയും നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ ഒരു നൂറ്റാണ്ട് നീണ്ട ജീവിതം. അദ്ദേഹം അധികാരത്തെ വെല്ലുവിളിക്കുകയും തെരുവുകളിലും കോടതികളിലും നീതിക്കായി പോരാടുകയും ചെയ്തു. തടവിലാക്കപ്പെട്ട കാലത്ത്, ജയിലിനുള്ളിലെ സഹതടവുകാരുടെ അവകാശങ്ങൾക്കായി അദ്ദേഹം പോരാട്ടം നയിച്ചു.


ആർ എൻ കെ നമ്മുടെ പോരാട്ടങ്ങൾക്ക് എന്നും പ്രചോദനമായി തുടരും. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സഖാക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും എം എ ബേബി എക്സിൽ കുറിച്ചു.



101-ാം വയസ്സിൽ ചെന്നൈയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് സഖാവ് ആർ നല്ലകണ്ണ് അന്തരിച്ചത്. അണുബാധയെയും വൃക്കസംബന്ധമായ അസുഖങ്ങളെയും തുടർന്ന് ഈ മാസം ഒന്നാം തീയതി മുതൽ അദ്ദേഹം ചികിത്സയിലായിരുന്നു. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തി അദ്ദേഹത്തെ സന്ദർശിച്ചിരുന്നു.


15-ാം വയസ്സിൽ കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായ നല്ലകണ്ണ്, 13 വർഷം സി പി ഐ തമിഴ്നാട് സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിച്ചു. തൂത്തുക്കുടിയിലെ ശ്രീവൈകുണ്ഠത്ത് ജനിച്ച അദ്ദേഹം, തമിഴ്നാട്ടിൽ കർഷക പ്രസ്ഥാനങ്ങൾ കെട്ടിപ്പടുക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച നേതാവാണ്. ജാതി വിരുദ്ധ പോരാട്ടങ്ങളിലും സാമൂഹ്യനീതിക്കായുള്ള സമരങ്ങളിലും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ സ്വീകരിച്ച അദ്ദേഹം ലളിതജീവിതം കൊണ്ട് ജനകീയനായിരുന്നു. എട്ടു പതിറ്റാണ്ടിലേറെ നീണ്ട തന്റെ പൊതുജീവിതം പൂർണ്ണമായും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനായി സമർപ്പിച്ചാണ് ആ വിപ്ലവ ജീവിതം മടങ്ങുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home