print edition തീവ്രവലതുപക്ഷത്തെ ചെറുക്കണം

ന്യൂഡൽഹി: രാജ്യത്ത് തീവ്രവലതുപക്ഷത്തിന്റെ സമീപകാല വളർച്ചയെ മതനിരപേക്ഷ പ്രതിപക്ഷ പാർടികൾ യോജിച്ച് എതിർക്കണമെന്ന് സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി പറഞ്ഞു. ഭൂരിപക്ഷം വടക്കുകിഴക്കൻ സംസ്ഥാനങ്ങളും ബിജെപി നിയന്ത്രണത്തിലാക്കി.
ആദ്യമായി ബംഗാൾ പിടിച്ചെടുത്തു. അസം നിലനിർത്തി. പുതുച്ചേരിയിലും എൻഡിഎ ജയിച്ചു. ഇരുപതിലേറെ സംസ്ഥാനങ്ങളും ഏഴ് കേന്ദ്രഭരണ പ്രദേശങ്ങളും ബിജെപി തനിച്ചോ സഖ്യകക്ഷികളുമായി ചേർന്നോ ഭരിക്കുകയാണ്.
തെരഞ്ഞെടുപ്പ് കമീഷൻ ഉൾപ്പെടെ ഭരണഘടനാ സ്ഥാപനങ്ങളെ ഒന്നൊന്നായി നിയന്ത്രണത്തിലാക്കിയാണ് ബിജെപി സ്വാധീനം വ്യാപിപ്പിക്കുന്നത്. തെരഞ്ഞെടുപ്പ് കമീഷൻ ഏകപക്ഷീയമായി നടപ്പാക്കിയ എസ്‌ഐആർ ബിഹാറിലും ബംഗാളിലും ബിജെപിയുടെ ജയത്തിന് കാരണമായി. അസമിലും കശ്‌മീരിലും പുനർനിർണയത്തിലൂടെ നേട്ടമുണ്ടാക്കി.
തീവ്രവലതുപക്ഷത്തെ പ്രതിപക്ഷം യോജിച്ച് എതിർക്കേണ്ടതുണ്ട്. ദൗർഭാഗ്യവശാൽ മുഖ്യപ്രതിപക്ഷമായ കോൺഗ്രസ് മറ്റ് പ്രതിപക്ഷ പാർടികളോട് കാട്ടുന്ന ശത്രുതാമനോഭാവം ഇതിന് തടസ്സമാണ്. കേരളത്തിൽ സിപിഐ എമ്മും ബിജെപിയുമായി ധാരണയുണ്ടെന്ന പച്ചക്കള്ളം കോൺഗ്രസ് പ്രസിഡന്റും ലോക്‌സഭാ പ്രതിപക്ഷ നേതാവും അടക്കമുള്ളവർ പ്രചരിപ്പിച്ചു. ഇൗ സമീപനം അപലപനീയമാണ്.
ബിജെപിയെയും സംഘപരിവാറിനെയും മുന്നിൽനിന്ന് ചെറുക്കുന്ന പാർടിയാണ് സിപിഐ എം. രാഷ്‌ട്രീയത്തെക്കുറിച്ച് ചെറിയ ജ്‌ഞാനമുള്ളവർക്കുപോലും ഇത് മനസ്സിലാകും. സിപിഐ എം നേതാക്കളെ ബോധപൂർവം വ്യക്തിഹത്യ നടത്തുകയുംചെയ്‌തു.
ബിജെപിയെ ചെറുക്കുന്നതിൽ കോൺഗ്രസിന് വലിയ പങ്ക് വഹിക്കാനാകും. എന്നാൽ താൽകാലിക തെരഞ്ഞെടുപ്പ് നേട്ടങ്ങൾക്ക് വലിയ രാഷ്‌ട്രീയദൗത്യം കോൺഗ്രസ് മറക്കുകയാണ്. നിയമസഭകളിലേക്ക് ഇന്ത്യ കൂട്ടായ്‌മയിലെ കക്ഷികൾ തമ്മിൽ മത്സരമുണ്ടാകും.
അതൊരു സൗഹൃദപോരാട്ടമായി കാണുന്നതിനുപകരം തീർത്തും തരംതാഴ്‌ന്ന പ്രചാരണങ്ങളിലേക്ക് കോൺഗ്രസ് മാറി. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർടികൾ യോജിച്ചുനിന്നപ്പോൾ ബിജെപിക്ക് തിരിച്ചടിയുണ്ടായി. ബിജെപിക്കെതിരെ പരമാവധി മണ്ഡലങ്ങളിൽ ഒരൊറ്റ പ്രതിപക്ഷ സ്ഥാനാർഥിയെ നിർത്താൻ ശ്രമമുണ്ടാകണം. നാനൂറോളം മണ്ഡലങ്ങളിൽ ഇത് സാധ്യമാണ്– ബേബി പറഞ്ഞു.











0 comments