നീറ്റ് പരീക്ഷയിലെ അട്ടിമറി
സോനം വാങ്ചുകിന്റെ സത്യഗ്രഹം; ഐക്യദാർഢ്യവുമായി എം എ ബേബിയും ബൃന്ദാ കാരാട്ടും

കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വെക്കണമെന്നാവശ്യപ്പെട്ട് ജന്തർ മന്ദറിൽ നിരാഹാരം ഇരിക്കുന്ന സോനം വാങ്ചുകിനെ സിപിഐ എ ജനറൽ സെക്രട്ടറി എം എ ബേബി സന്ദർശിച്ചപ്പോൾ. ബൃന്ദ കാരാട്ട്, അഭിജിത്ത് ദീപ് കേ, അയ്ഷി ഘോഷ് എന്നിവർ സമീപം. (Photo: P V Sujith)
ന്യൂഡൽഹി: പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്‌ചുക് നടത്തുന്ന സത്യഗ്രഹത്തിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബിയും സിപിഐ എം നേതാവ് ബൃന്ദാ കാരാട്ടും. നീറ്റ് ഉൾപ്പെടെയുള്ള പ്രവേശന പരീക്ഷകളിലെയും സിബിഎസ്ഇ പരീക്ഷയിലെയും ക്രമക്കേടുകളിലും വീഴ്ചകളിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനിന്റെ രാജി ആവശ്യപ്പെട്ടാണ് ജന്തമന്തറിൽ സോനം വാങ്ചുക് നിരാഹാര സത്യാഗ്രഹം നടത്തുന്നത്.
നീറ്റ് പരീക്ഷയിലെ ക്രമക്കേടിനെ തുടർന്ന് നിരവധി വിദ്യാർഥികളുടെ ജീവൻ നഷ്ടപ്പെട്ടതായും അവരുടെ ഭാവി തുലാസിൽ ആക്കിയ മന്ത്രി ധർമ്മേന്ദ്ര പ്രധാനിന്റെ രാജിയും ആവശ്യപ്പെട്ട് കോക്രോച്ച് ജനാപാർടിയുടെ നേതൃത്വത്തിൽ ജൂൺ 20 മുതൽ ജന്ദർമന്തറിൽ പ്രതിഷേധം ആരംഭിച്ചിരുന്നു. കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ ശക്തമായി പ്രതിഷേധിക്കുന്ന സിജെപിക്ക് എല്ലാ പിന്തുണയും നൽകുമെന്ന് സോനം വാങ്ചുക് നേരത്തെ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് സിജെപിക്കൊപ്പം വാങ്ചുകു് വേദിയിൽ സത്യാഗ്രഹവുമായി എത്തിയത്.
ജന്തർമന്തറിൽ സോനം വാങ്ചുക് എത്തിയതോടെ പോരാട്ട വീര്യം വർധിച്ചതായി സ്ഥാപകൻ അഭിജിത് ദീപ്കെ പ്രതികരിച്ചിരുന്നു. പിന്നാലെയാണ് ഐക്യദാർഢ്യവുമായി എം എ ബേബിയും ബൃന്ദാ കാരാട്ടും എത്തിയത്. ബിജെപി സർക്കാർ നീറ്റ് പരീക്ഷ മുതൽ സിബിഎസ്ഇ പരീക്ഷ വരെ നടത്തുന്നതിൽ വരുത്തിയ അപഹാസ്യവും ഭയാനകവുമായ വീഴ്ചയും അതുമായി ബന്ധപ്പെട്ട് സംശയിക്കപ്പെടുന്ന അഴിമതിയും എല്ലാത്തിനും കാരണക്കാരനായ മന്ത്രി ധർമേന്ദ്ര പ്രധാൻ സ്ഥാനം ഒഴിയണമെന്നും ഈ മേഖലയിലുള്ള അഴിമതിക്ക് വിരാമമിടണമെന്നും എം എ ബേബി ആവശ്യപ്പെട്ടു.
സമരവേദിയിൽ എത്തി വാങ്ചുക്കിനെയും അഭിജിത്തിനെയും കണ്ട ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജന്തർമന്തറിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുള്ള സത്യഗ്രഹത്തിന് സിപിഐ എം പൂർണമായും യോജിക്കുന്നുവെന്നും സമരം നടക്കുവോളം കാലം പിന്തുണ നൽകുമെന്നും എം എ ബേബി കൂട്ടിച്ചേർത്തു. യുവജനങ്ങളും വിദ്യാർഥികളും ഉൾപ്പെടെ നൂറുകണക്കിന് ആളുകളാണ് വാങ്‌ചുകിന് പിന്തുണയുമായി സമരപ്പന്തലിൽ എത്തിയത്. പ്രമുഖ കർഷക നേതാക്കളും പ്രതിഷേധത്തിൽ പങ്കുചേർന്നിരുന്നു.











0 comments