ബ്ലൂബേർഡ് ഭ്രമണപഥത്തിൽ, ഗഗൻയാനിലേക്കുള്ള ആത്മവിശ്വാസത്തിന്റെ ചുവടെന്ന് ഐഎസ്ആർഒ

ശ്രീഹരിക്കോട്ട: ടവറുകൾ ഇല്ലാതെ മൊബൈൽ കണക്ടിവിറ്റി സാധ്യമാക്കുന്ന ബ്ലു ബേർഡ് ബ്ലോക്-2 ഉപഗ്രഹത്തെ ഐഎസ്ആർഓ വിജയകരമായി ഭ്രമണപഥത്തിൽ എത്തിച്ചു.
ഈ നിരയിലെ ഉപഗ്രഹങ്ങൾക്കൊപ്പം ലോകം കുതിച്ചു ചാട്ടത്തിന് ഒരുങ്ങുമ്പോൾ ഇന്ത്യയുടെ ബഹിരാകാശ എജൻസിയായ ഐഎസ്ആർഒ അതിന്റെ ചരിത്ര യാത്രയിലെ വിജയക്കുതിപ്പ് കൂടി അടയാളപ്പെടുത്തുകയാണ്.
എൽവിഎം3-എം6 റോക്കറ്റിൽ തൊടുത്ത ബ്ലൂബേർഡ് ബ്ലോക്ക്-2 എന്ന ഭാരം കൂടിയ ഉപഗ്രഹത്തെ വിജയകരമായി ഏറ്റവും കൃത്യതയോടെ ഭ്രമണപഥത്തിൽ എത്തിച്ചു. ചെറുതല്ല ഈ റോക്കറ്റും അത് നൽകിയ കൃത്യതയും.
അത് ഏറ്റെടുത്ത് നിർവ്വഹിച്ച ലക്ഷ്യവും വലുതാണ്. ഈ വിജയം മനുഷ്യ ബഹിരാകാശ യാത്രാ പദ്ധതിയിലുള്ള രാജ്യത്തിന്റെ തന്നെ ആത്മവിശ്വാസം വർദ്ധിപ്പിച്ചതായി ഐഎസ്ആർഒ ചെയർമാൻ വി നാരായണൻ പറയുന്നു.
Related News
ഇന്ത്യൻ ബഹിരാകാശയാത്രികരെ ഭ്രമണപഥത്തിലെത്തിച്ച് സുരക്ഷിതമായി ഭൂമിയിലേക്ക് തിരികെ കൊണ്ടുവരാനുള്ള ദൗത്യമായ ഗഗൻയാൻ പ്രോഗ്രാമിന് ഉപയോഗിക്കേണ്ട വിക്ഷേപണ വാഹനമായാണ് എൽവിഎം3 എന്ന റോക്കറ്റ് കരുതി വെച്ചിരിക്കുന്നത്. അതിന്റെ വിക്ഷേപണങ്ങളിൽ ഒരോന്നും ഓരോ വിജയക്കുതിപ്പാണ് ആടയാളപ്പെടുത്തുന്നത്.
"ഇന്ന്, ഇത് ഞങ്ങൾക്ക് വളരെ പ്രധാനപ്പെട്ട ഒരു ദൗത്യമാണ്. ഇന്ത്യയ്ക്കായുള്ള ഗഗൻയാൻ പ്രോഗ്രാമിനായി മനുഷ്യരെ അയക്കാനായി നിശ്ചയിച്ചതും ഉറപ്പുവരുത്തിയതുമായ വാഹനമാണിത്. തുടർച്ചയായി 9 വിജയകരമായ എൽവിഎം3 വിക്ഷേപണങ്ങൾ ഇതോടെ പൂർത്തിയാക്കി."
എൽവിഎം3- ഈ ദൗത്യം നിർവ്വഹിച്ചിരിക്കുന്നത്, ഇന്ത്യൻ മണ്ണിൽ ഇതുവരെ നേടിയിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച കൃത്യതയോടെ ആണെന്നും അദ്ദേഹം പറഞ്ഞു. LVM3 വാഹനം നൂറു ശതമാനം വിശ്വാസ്യത പ്രകടമാക്കി എന്നായിരുന്നു പ്രതികരണം.
ഇന്ത്യൻ മണ്ണിൽ നിന്ന്
ഏറ്റവും ഭാരമേറിയ ഉപഗ്രഹം
ഏകദേശം 6,000 കിലോഗ്രാം, കൃത്യമായി പറഞ്ഞാൽ 5,908 കിലോഗ്രാം. അതായത് ഇന്ത്യൻ മണ്ണിൽ നിന്ന് ഇതുവരെ വിക്ഷേപിച്ചതിൽ വച്ച് ഏറ്റവും ഭാരമേറിയ ഉപഗ്രഹം.
"ഞങ്ങൾ 520 കിലോമീറ്റർ വൃത്താകൃതിയിലുള്ള ഭ്രമണപഥമാണ് ലക്ഷ്യമിട്ടത്. ലക്ഷ്യത്തേക്കാൾ 1.5 കിലോമീറ്റർ കുറവുള്ള 518.5 കിലോമീറ്റർ ഉയരത്തിലാണ് ഉപഗ്രഹം സ്ഥാപിച്ചിരിക്കുന്നത്."
"ലോകത്ത് എവിടെയും നടത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച കൃത്യത ഉറപ്പാക്കിയ വിക്ഷേപണങ്ങളിൽ ഒന്നാണിത്. ഇന്ത്യൻ ലോഞ്ചറുകളിൽ നിന്ന് ഇതുവരെ നേടിയിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച കൃത്യതയുമാണിത്,"
"ഇന്ന്, ഞങ്ങൾ ചെയ്ത മെച്ചപ്പെടുത്തലുകളിൽ ഒന്ന് S200 സോളിഡ് മോട്ടോർ കൺട്രോൾ സിസ്റ്റമാണ്. ഇവ ലിഫ്റ്റ്-ഓഫിന് ത്രസ്റ്റ് നൽകുന്ന LVM3 റോക്കറ്റിന്റെ വശത്താണ് സ്ഥിതി ചെയ്യുന്നത്. മുമ്പ്, ഇലക്ട്രോ-ഹൈഡ്രോ ആക്യുവേറ്റർ ഉണ്ടായിരുന്നു. ഇത് S200-ൽ വളരെ സങ്കീർണ്ണമായ ഒരു സംവിധാനമാണ്.
ആദ്യമായി, വാഹനത്തിന്റെ പേലോഡ് ശേഷി ഏകദേശം 150 കിലോഗ്രാം വർദ്ധിപ്പിക്കുന്നതിന് ഇന്ത്യ വളരെ ഉയർന്ന ശക്തിയേറിയ ഇലക്ട്രോ-മെക്കാനിക്കൽ ആക്യുവേറ്റർ വികസിപ്പിച്ചെടുത്തിട്ടുണ്ട്,"
2026-27 കാലയളവിൽ ആഗോള കമ്പനികളിൽ പലതും പ്രതിവർഷം ആറ് LVM3 വിക്ഷേപണങ്ങൾ വരെ ആവശ്യപ്പെട്ട് രംഗത്ത് എത്തിയിട്ടുണ്ട്" എന്നും അറിയിച്ചു.
യുഎസ്എയിൽ സ്‌പേസ് മൊബൈലിന് വേണ്ടിയാണ് ബ്ലൂബേർഡ് ബ്ലോക്-2 ഐഎസ്ആർഓ ഏറ്റെടുത്ത് അയച്ചത്.










0 comments