print edition മഹാരാഷ്‌ട്രയിൽ വീണ്ടും ലോങ് മാർച്ച്

മുംബൈ : വിവിധ ജീവൽപ്രശ്നങ്ങൾക്ക് പരിഹാരം ആവശ്യപ്പെട്ട് അഖിലേന്ത്യ കിസാൻ സഭയുടെയും സിഐടിയുവിന്റെയും നേതൃത്വത്തിൽ കർഷകരും തൊഴിലാളികളും മഹാരാഷ്‌ട്രയിൽ വീണ്ടും ലോങ്‌മാർച്ച് നടത്തുന്നു. അഹല്യാനഗർ ജില്ലയിലെ അകോലെ താലൂക്കിലെ രാജൂരിൽ നിന്ന് ചൊവ്വാഴ്‌ച ആരംഭിച്ച മാർച്ച് അകോലെ, സംഗംനർ, ലോണി വഴി 148 കിലോമീറ്റർ കാൽനടയായി സഞ്ചരിച്ച് അഹല്യാനഗർ കലക്‌ടറേറ്റിൽ എത്തും. നാസിക്, താനെ -പാൽഘർ ലോങ് മാർച്ചുകളിലും 2023-ലെ അകോലെ- ലോണി ലോങ് മാർച്ചിലും അംഗീകരിച്ച ആവശ്യങ്ങൾ നടപ്പിലാക്കുക, നാസിക്-– പുണെ ഹൈസ്പീഡ് റെയിൽവേ സംബന്ധിച്ച് നൽകിയ ഉറപ്പുകൾ പാലിക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ.
ആയിരക്കണക്കിന് കർഷകരും തൊഴിലാളികളുമാണ് മാർച്ചിൽ അണിനിരക്കുന്നത്.
ലോങ് മാർച്ചിന്റെ പശ്ചാത്തലത്തിൽ അഡീഷണൽ കലക്ടർ ബാലാസാഹേബ് കോളെക്കർ, ജില്ലാ പോലീസ് മേധാവി, മറ്റ് ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിൽ അകോലെ തഹസിൽദാർ ഓഫീസിൽ മൂന്ന് മണിക്കൂർ നീണ്ട ചർച്ച നടന്നു. അംഗീകരിച്ച ആവശ്യങ്ങൾ നടപ്പിലാക്കുന്നതിൽ ജില്ലാ അധികാരികൾ അനുകൂലമായ നിലപാടാണ് സ്വീകരിച്ചതെങ്കിലും സംസ്ഥാനതലത്തിലുള്ള ആവശ്യങ്ങൾ ഇപ്പോഴും തീർപ്പുകൽപ്പിക്കാതെ തുടരുകയാണ്. ബന്ധപ്പെട്ട മന്ത്രിമാരുമായി ചർച്ച നടത്തേണ്ടതുണ്ട്. ഇതിൽ തീരുമാനം ആകുന്നതുവരെ സമരവുമായി മുന്നോട്ടുപേകാനാണ് കിസാൻ സഭയുടെയും സിഐടിയുവിന്റെയും പിന്തുണയ്‌ക്കുന്ന മറ്റ് സംഘടനകളുശടയും തീരുമാനം.











0 comments