ad
Deshabhimani

'ഏഷ്യയുടെ വാനമ്പാടി' ആശാ ഭോസ്‍ലെ അന്തരിച്ചു

asha bhosle

ആശാ ഭോസ്‌ലെ (Photo: Wikipedia)

വെബ് ഡെസ്ക്

Published on Apr 12, 2026, 12:59 PM | 2 min read

മുംബൈ: പ്രശസ്ത പിന്നണി ​ഗായിക ആശാ ഭോസ്‌ലെ (92) അന്തരിച്ചു. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലാണ് അന്ത്യം. ഹൃദയാഘാതത്തെയും ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളെയും തുടർന്ന് ശനിയാഴ്ചയാണ് ആശപത്രിയിൽ പ്രവേശിപ്പിച്ചത്. ആശാ ഭോസ്‌ലെയുടെ മൃതദേഹം നാളെ രാവിലെ 11 മണി മുതൽ ലോവർ പരേലിലെ വസതിയായ 'കാസ ഗ്രാൻഡെ'യിൽ പൊതുദർശനത്തിന് വെക്കുമെന്ന് മകൻ ആനന്ദ് ഭോസ്‌ലെ അറിയിച്ചു. തുടർന്ന് വൈകുന്നേരം 4 മണിക്ക് മുംബൈയിലെ ശിവാജി പാർക്കിൽ സംസ്കാര ചടങ്ങുകൾ നടക്കും.


1933 സെപ്റ്റംബർ 8-ന് മഹാരാഷ്ട്രയിലെ സാംഗ്ലിയിലാണ് ജനനം. പ്രശസ്ത സംഗീതജ്ഞൻ പണ്ഡിറ്റ് ദീനനാഥ് മങ്കേഷ്‌കറുടെ മകളാണ്. ഇന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്കരിന്റെ സഹോദരി ആണ്. ഒമ്പതാം വയസ്സിൽ പിതാവ് മരിച്ചതിനെ തുടർന്ന് കുടുംബം മുന്നോട്ട് കൊണ്ടുപോകാനായാണ് ആശാ ഭോസ്‍ലെ സഹോദരി ലതയ്‌ക്കൊപ്പം സിനിമയിൽ പാടാനും അഭിനയിക്കാനും തുടങ്ങിയത്. 1943-ൽ 'മജാ ബാൽ' എന്ന മറാത്തി ചിത്രത്തിലൂടെയാണ് അരങ്ങേറ്റം. 1948-ൽ 'ചുനരിയ'യിലൂടെ ഹിന്ദി സിനിമയിൽ തുടക്കം കുറിച്ചു.


എട്ട് പതിറ്റാണ്ടിലേറെ നീണ്ട സംഗീത യാത്രയിൽ വിവിധ ഭാഷകളിലായി 12,500-ലധികം ഗാനങ്ങൾ അവർ ആലപിച്ചിട്ടുണ്ട്. "അഭി ന ജാവോ ഛോദ് കർ", "ഇൻ അങ്കോൻ കി മസ്തി", "പിയാ തു അബ് തോ ആജാ" തുടങ്ങിയ വിഖ്യാത ഗാനങ്ങൾ ഇന്നും അനശ്വരമാണ്. 1977-ൽ പുറത്തിറങ്ങിയ 'സുജാത' എന്ന സിനിമയിൽ എം.എസ്. വിശ്വനാഥന്റെ സംഗീതത്തിൽ പാടിയ "സ്വയംവര ശുഭദിനം" ആണ് ആശാ ഭോസ്‌ലെ മലയാളത്തിൽ ആലപിച്ച ഒരേയൊരു ഗാനം.


ശാസ്ത്രീയ സംഗീതം, ഗസൽ, ഭജൻ, പോപ്പ്, ഖവാലി എന്നിങ്ങനെ എല്ലാ മേഖലകളിലും പ്രാവീണ്യം തെളിയിച്ചു. ഹിന്ദിക്ക് പുറമെ 20ലധികം ഭാഷകളിൽ പാടിയിട്ടുണ്ട്. ഒ പി നയ്യാർ, സച്ചിൻ ദേവ് ബർമ്മൻ, ആർ ഡി ബർമൻ തുടങ്ങിയ പ്രശസ്ത സംഗീത സംവിധായകരോടൊപ്പം അനശ്വരമായ നിരവധി ഗാനങ്ങളുടെ ഭാ​ഗമായി. ലോകത്ത് ഏറ്റവും കൂടുതൽ ഗാനങ്ങൾ റെക്കോർഡ് ചെയ്ത കലാകാരിയായി 2011-ൽ അംഗീകരിക്കപ്പെട്ടു. 2013-ൽ 'മായി' എന്ന ചിത്രത്തിലൂടെ 79-ാം വയസിൽ നായികയായി അരങ്ങേറ്റം കുറിച്ചു.


1981ൽ 'ഉംറാവോ ജാൻ' (ഗസലുകൾ), 1987ൽ 'ഇജാസത്ത്' എന്നീ ചിത്രങ്ങളിലെ ഗാനങ്ങൾക്ക് മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരങ്ങൾ ലഭിച്ചു. 2000ൽ ദാദാസാഹിബ് ഫാൽക്കെ അവാർഡ്, 2008ൽ പത്മവിഭൂഷൺ എന്നിവ നൽകി രാജ്യം ആദരിച്ചു. ഒമ്പത് ഫിലിംഫെയർ അവാർഡുകൾ (ലൈഫ് ടൈം അച്ചീവ്മെന്റ് ഉൾപ്പെടെ), രണ്ട് ഗ്രാമി നോമിനേഷനുകൾ എന്നിവ ലഭിച്ചിട്ടുണ്ട്.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home