ad
Deshabhimani

print edition കരുത്തുപകർന്ന് ഇടതുപക്ഷം: പാറ്റപ്രതിഷേധം
17–ാം ദിവസത്തിലേക്ക്

CJP PROTEST SFI.JPG

സിജെപി സമരവേദിയിൽ എസ്എഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് ആദർശ് എം സജിയും ജോയിന്റ് സെക്രട്ടറി ഐഷി ഘോഷും എത്തിയപ്പോൾ

avatar
കെ പി അക്ഷയ്‌

Published on Jul 06, 2026, 12:00 AM | 2 min read

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസമന്ത്രിയുടെ രാജി ആവശ്യപ്പട്ട്‌ കോക്രോച്ച്‌ ജനതാ പാർടി ജന്തർമന്തറിൽ നടത്തുന്ന പ്രതിഷേധം 17–ാം ദിവസത്തിലെത്തിയപ്പോഴും പ്രക്ഷോഭത്തിന്റെ ആവശ്യം അംഗീകരിക്കാൻ തയ്യാറാകാതെ കേന്ദ്രസർക്കാർ. മുഖ്യപ്രതിപക്ഷമായ കോൺഗ്രസ്‌ പ്രതിഷേധത്തെ പാടെ അവഗണിച്ചമട്ടാണ്‌. ഇടതുപക്ഷ പാർടികളുടെയും വിദ്യാർഥി സംഘടനകളുടെയും സാന്നിധ്യമാണ്‌ സമരത്തിന്‌ കരുത്തേകുന്നത്‌.


സുപ്രീംകോടതി ചീഫ്‌ജസ്റ്റിസിന്റെ യുവാക്കളെ സംബന്ധിച്ച പരാമർശത്തെത്തുടർന്നാണ്‌ യുഎസിലെ ബോസ്റ്റണിൽ പഠിക്കുന്ന അഭിജീത് ദിപ്‌കെ കോക്രോച്ച്‌ ജനതാ പാർടി എന്ന സമൂഹമാധ്യമകൂട്ടായ്മ രൂപീകരിക്കുന്നത്‌.നീറ്റ്‌ ചോദ്യച്ചോർച്ച, സിബിഎസ്‌ഇ മൂല്യനിർണയത്തിലെ ക്രമക്കേട്‌ തുടങ്ങിയ യുവജനങ്ങളെ ബാധിക്കുന്ന വിഷയങ്ങള്‍ ഏറ്റെടുത്തു. ജൂൺ ആറിന്‌ ജന്തർമന്തറിൽ പ്രക്ഷോഭത്തിന്‌ ആഹ്വാനവുംചെയ്തു. എസ്‌എഫ്‌ഐ, ഐസ, എഐഎസ്‌എഫ്‌ ഉൾപ്പെടെയുള്ള ഇടതുപക്ഷ സംഘടനകളും സിജെപിയുടെ ക്ഷണപ്രകാരം ജന്തർമന്തറിലെത്തി. ജൂൺ 20ന്‌ അനിശ്ചിതകാല സമരമാരംഭിക്കുന്പോഴും ഇ‍ൗ സംഘടനകൾ ഒപ്പമുണ്ടായി.


സമൂഹമാധ്യമത്തിൽ 20 ലക്ഷത്തിലധികംപേരുടെ പിന്തുണയാർജിച്ച സിജെപിയിൽനിന്ന്‌ കോൺഗ്രസിനെയും എൻഎസ്‌യുഐയെയും അകറ്റുന്നത്‌ സങ്കുചിത രാഷ്‌ട്രീയ താൽപര്യങ്ങളാണ്‌. യുവജനപ്രക്ഷോഭം രാഷ്‌ട്രീയ ലാഭങ്ങൾക്ക്‌ തിരിച്ചടിയാവുമോ എന്നാണ്‌ കോൺഗ്രസിന്റെ ഭയം. സിജെപിക്ക്‌ ലഭിച്ച പിന്തുണ മോദിസർക്കാരിനെതിരായ ജനവികാരമാണെന്ന്‌ മനസ്സിലാക്കാനും കോൺഗ്രസ്‌ തയ്യാറായില്ല. സമരത്തിലെ എസ്‌എഫ്‌ഐയുടെ സാന്നിധ്യം തുടക്കംമുതൽ ശ്രദ്ധേയമാണ്‌. നീറ്റ്‌ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ രാജ്യവ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കുന്നതിനൊപ്പം സിജെപി പ്രതിഷേധത്തിലും എസ്‌എഫ്‌ഐ സജീവമായി. പുസ്‌തകങ്ങൾ വിതരണംചെയ്തും കലാപരിപാടികൾ സംഘടിപ്പിച്ചും സമരത്തിൽ പങ്കെടുക്കുന്നുണ്ട്‌. ‘സമരത്തിൽ പങ്കെടുക്കുന്നതിനോടൊപ്പം സമരത്തെ ഞങ്ങൾ സജീവമാക്കുകയും ചെയ്യുന്നു. വിദ്യാഭ്യാസ സംവിധാനത്തെ സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ എല്ലാവരേയും ഒരുമിപ്പിക്കാൻ ഇടതുപക്ഷ വിദ്യാർഥി സംഘടനകൾ എന്ന നിലയിൽ ഞങ്ങൾ തയ്യാറാണ്‌’ എസ്‌എഫ്‌ഐ അഖിലേന്ത്യാ ജോയിന്റ്‌ സെക്രട്ടറി ഐഷി ഘോഷ്‌ പറഞ്ഞു.


ലഡാക്ക് അവകാശ പ്രക്ഷോഭകനും പരിസ്ഥിതിവാദിയുമായ സോനം വാങ്‌ചുക്കിനോടൊപ്പം ഐസയുടെ പ്രവർത്തകരും നിരാഹാരമിരുന്നു. സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി, മുതിർന്ന നേതാവ്‌ ബൃന്ദ കാരട്ട്‌ എന്നിവരും ജന്തർമന്തറിലെത്തി ഐക്യദാർഢ്യമറിയിച്ചു. പൊതുജനങ്ങളുടെയും സാധാരണക്കാരുടെയും പിന്തുണയോടെ സമരം വിജയിക്കും. ഇവിടെ കൂടിയിരിക്കുന്ന നമ്മുടെയെല്ലാവരുടെയും ഭാഷ ഒന്നാണെന്നും അത് സമരത്തിന്റെ ഭാഷയാണെന്നുമാണ്‌ എം എ ബേബി ജന്തർമന്തറിലെ പ്രതിഷേധത്തെ അഭിവാദ്യംചെയ്ത്‌ പറഞ്ഞത്‌. സിപിഐ എം രാജ്യസഭാ കക്ഷി നേതാവ്‌ ജോൺ ബ്രിട്ടാസും അരുന്ധതി റോയ്‌യും സമരവേദി സന്ദർശിച്ചു. സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, സിപിഐ എംഎൽ ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ എന്നിവരും ഐക്യദാർഢ്യവുമായെത്തി.‍ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ജനറൽ സെക്രട്ടറി കനിനിക ഘോഷ് ബോസ്‌, വൈസ്‌ പ്രസിഡന്റ്‌ മറിയം ധാവ്‌ളെ, ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ്‌ എ എ റഹിം എംപി, ട്രഷറർ സഞ്ജീവ്‌ കുമാർ എന്നിവരും പ്രക്ഷോഭവേദിയിലെത്തി.


ആത്മഹത്യ ചെയ്ത 
വിദ്യാർഥിയുടെ പിതാവ്‌ സമരവേദിയിൽ


ജന്തർ മന്തറിലെ സിജെപി സമരവേദിയിലെത്തി പ്രവർത്തകരെയും സോനം വാങ്‌ചുക്കിനേയും സന്ദർശിച്ച്‌ നീറ്റ്‌ ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന്‌ ആത്മഹത്യ ചെയ്ത വിദ്യാർഥിയുടെ പിതാവ്‌. ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ ആത്മഹത്യ ചെയ്ത റിയ കുമാരി ഥാപ്പയുടെ പിതാവും മുൻ സൈനികനും കൂടിയായ രാജേഷ്‌ ഥാപ്പയാണ്‌ ജന്തർമന്തറിലെത്തിയത്‌. മകളുടെ മരണത്തിന്‌ കാരണം വിദ്യാഭ്യാസ സംവിധാനത്തിനുണ്ടായ പാളിച്ചയാണെന്നും ഇതിൽ കേന്ദ്ര സർക്കാർ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്നും ഥാപ്പ പറഞ്ഞു.







deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home