'കുട്ടിക്കാലത്തെ അപമാനവും പരീക്ഷയിലെ തോൽവിയും'; കോടതി വളപ്പിൽ അഭിഭാഷകൻ ജീവനൊടുക്കി

കാൺപൂർ: കാൺപൂർ കോടതി വളപ്പിൽ അഭിഭാഷകൻ ജീവനൊടുക്കി. 24 കാരനായ പ്രിയാൻഷു ശ്രീവാസ്തവയാണ് കോടതി കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ നിന്ന് ചാടി മരിച്ചത്. മരണത്തിന് തൊട്ടുമുമ്പ് രണ്ട് പേജുള്ള ആത്മഹത്യാക്കുറിപ്പ് വാട്ട്‌സ്ആപ്പ് സ്റ്റാറ്റസായി അദ്ദേഹം പങ്കുവെച്ചിരുന്നു. പിതാവിന്റെ മോശം പോരുമാറ്റവും കുട്ടിക്കാലത്തുണ്ടായ മാനസിക ആഘാതങ്ങളുമാണ് തന്റെ തീരുമാനത്തിന് പിന്നിലെന്ന് പ്രിയാൻഷുവിന്റെ കുറിപ്പിൽ പറയുന്നു.
പ്രിയാൻഷുവിന്റെ ബാല്യകാലത്തിലുണ്ടായ ഒരു അനുഭവവും കുറിപ്പിലുണ്ട്. ആറ് വയസ്സുള്ളപ്പോൾ അനുവാദമില്ലാതെ മാമ്പഴ ജ്യൂസ് കുടിച്ചതിന് അച്ഛൻ വസ്ത്രമുരിഞ്ഞ് വീടിന് പുറത്താക്കിയ സംഭവം തന്നെ വല്ലാതെ ബാധിച്ചുവെന്നും, അത് ജീവിതകാലം മുഴുവൻ അപകർഷതാബോധത്തിന് കാരണമായെന്നുമാണ് കുറിപ്പിലെ വെളിപ്പെടുത്തൽ. ഇഷ്ടപ്പെട്ട വിഷയം പഠിക്കാൻ അനുവദിക്കാതെ അച്ഛൻ അദ്ദേഹത്തിന്റെ താല്പര്യങ്ങൾ അടിച്ചേൽപ്പിച്ചു. എൽഎൽബി പൂർത്തിയാക്കിയിട്ടും പരീക്ഷകളിൽ വിജയിക്കാൻ കഴിയാത്തതിലുള്ള നിരാശയും പ്രിയാൻഷു പങ്കുവെച്ചു.
മരണശേഷം അച്ഛൻ തന്റെ ശരീരത്തിൽ തൊടാൻ പോലും പാടില്ലെന്ന് പ്രിയാൻഷു കുറിച്ചു.അമ്മയെ ആരും ഉപദ്രവിക്കരുതെന്നും കുറിപ്പിലുണ്ട്. പ്രിയാൻഷുവിന്റെ മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്തു. കോടതിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. ആത്മഹത്യാക്കുറിപ്പിന്റെ ആധികാരികതയും പൊലീസ് പരിശോധിക്കുന്നുണ്ട്.
കുടുംബത്തിലെ ഉത്തരവാദിത്തങ്ങൾ വർദ്ധിച്ചതും പിതാവിന്റെ അനാരോഗ്യം മൂലമുള്ള സാമ്പത്തിക-മാനസിക ക്ലേശങ്ങളും പ്രിയാൻഷുവിനെ അലട്ടിയിരുന്നതായും മരണത്തിലേക്ക് നയിച്ച യഥാർഥ കാരണമെന്തെന്ന് അന്വേഷിച്ച് വരികയാണെന്നും പൊലീസ് പറഞ്ഞു.









0 comments