ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിൽ; കേദാർനാഥ് യാത്ര താൽക്കാലികമായി നിർത്തിവച്ചു

photo credit: ani
രുദ്രപ്രയാഗ്: ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിൽ. കേദാർനാഥിലേക്കുള്ള യാത്ര താൽക്കാലികമായി നിർത്തിവച്ചു. സോൻപ്രയാഗിനടുത്ത് മുൻകതിയയിലാണ് മണ്ണിടിച്ചിലുണ്ടായത്. മണ്ണിടിച്ചിൽ മൂലം റോഡ് പൂർണമായും തടസപ്പെട്ടതിനാൽ യാത്ര താൽക്കാലികമായി നിർത്തിവയ്ക്കാൻ അധികാരികൾ അറിയിച്ചതായി പൊലീസ് പറഞ്ഞു. ഗൗരികുണ്ഡിൽ നിന്ന് മടങ്ങുകയായിരുന്ന ചില തീർത്ഥാടകർ പ്രദേശത്ത് കുടുങ്ങിയിരുന്നെങ്കിലും സംസ്ഥാന ദുരന്ത നിവാരണ സേന (എസ്ഡിആർഎഫ്) അവരെ രക്ഷപ്പെടുത്തി സോൻപ്രയാഗിൽ സുരക്ഷിതമായി എത്തിച്ചു. മുൻകരുതലിന്റെ ഭാഗമായാണ് കേദാർനാഥിലേക്കുള്ള യാത്ര തൽക്കാലികമായി നിർത്തിവച്ചത്.
ഹരിദ്വാറിൽ കനത്ത മഴ തുടരുമെന്ന് ജില്ലാ മജിസ്‌ട്രേറ്റ് മയൂർ ദീക്ഷിത് അറിയിച്ചു. മലയോര ജില്ലകളിൽ ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഐഎംഡി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ചമോലി, രുദ്രപ്രയാഗ്, ഉത്തരകാശി, ബാഗേശ്വർ, പിത്തോറഗഡ് തുടങ്ങിയ പ്രദേശങ്ങളിലാണ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
വരും ദിവസങ്ങളിൽ മഴ കനക്കുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിട്ടുണ്ട്. ജൂലൈയിൽ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും സാധാരണയിൽ കൂടുതൽ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് കഴിഞ്ഞ ആഴ്ച പ്രവചിച്ചിരുന്നു. വെള്ളപ്പൊക്ക സാധ്യതയുള്ളതിനാൽ മധ്യേന്ത്യ, ഉത്തരാഖണ്ഡ്, ഹരിയാന എന്നിവിടങ്ങളിലെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ഐഎംഡി ആവശ്യപ്പെട്ടു. ഡൽഹിയിൽ തിങ്കളാഴ്ച രാവിലെ നേരിയ തോതിൽ മഴ ലഭിച്ചു. തുടർച്ചയായ മഴ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തിയിട്ടുണ്ട്.










0 comments