ബാഫ്‌റ്റയിൽ തിളങ്ങി മണിപ്പൂരി ചിത്രം ബൂങ്ങ്

ലണ്ടൻ: 2026-ലെ ബ്രിട്ടീഷ് അക്കാദമി ഫിലിം അവാർഡ്‌സിൽ (BAFTA)മികച്ച 'ചിൽഡ്രൻ ആൻഡ് ഫാമിലി ഫിലിം'വിഭാഗത്തിൽ മണിപ്പൂരി ചിത്രമായ 'ബൂങ്ങ്' (Boong) ന് തിളങ്ങുന്ന നേട്ടം. ഈ വർഷം ബാഫ്‌റ്റ നാമനിർദ്ദേശം ലഭിച്ച ഏക ഇന്ത്യൻ ചിത്രമാണ് ബൂങ്ങ്.
ലണ്ടനിലെ റോയൽ ഫെസ്റ്റിവൽ ഹാളിൽ നടന്ന ചടങ്ങിൽ നവാഗത സംവിധായിക ലക്ഷ്മിപ്രിയ ദേവി പുരസ്‌കാരം ഏറ്റുവാങ്ങി. സിനിമയ്ക്കൊപ്പം,മണിപ്പൂരിലെ നിലവിലെ വംശീയ സംഘർഷങ്ങളെക്കുറിച്ചും സമാധാനത്തിന്റെ ആവശ്യകതയെക്കുറിച്ചും അവർ നടത്തിയ പ്രസംഗം സദസ്സിന്റെ നോവും പ്രതീക്ഷയുമായി.
"ഇന്ത്യയിൽ വളരെയധികം അവഗണിക്കപ്പെട്ടതും പ്രതിനിധീകരിക്കപ്പെടാത്തതുമായ ഒരു പ്രദേശത്തുനിന്നാണ് ഈ ചിത്രം വരുന്നത്.മണിപ്പൂരിൽ സമാധാനം തിരിച്ചെത്താൻ ഞങ്ങൾ പ്രാർത്ഥിക്കുന്നു.സിനിമയിലെ ബാലതാരങ്ങൾ ഉൾപ്പെടെ പലായനം ചെയ്യേണ്ടി വന്ന എല്ലാ കുട്ടികൾക്കും അവരുടെ സന്തോഷവും നിഷ്കളങ്കതയും തിരികെ ലഭിക്കട്ടെ.മനുഷ്യത്വത്തിന്റെ ഏറ്റവും വലിയ ശക്തിയായ 'ക്ഷമ'യെ തകർക്കാൻ ഒരു സംഘർഷത്തിനും സാധിക്കില്ലെന്ന് ഞങ്ങൾ വിശ്വസിക്കട്ടെ." -ലക്ഷ്മിപ്രിയ ദേവി
2024-ലെ ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയിലായിരുന്നു ചിത്രത്തിന്റെ പ്രീമിയർ.തുടർന്ന് മുംബൈ (MAMI),മെൽബൺ തുടങ്ങി നിരവധി രാജ്യാന്തര വേദികളിൽ ചിത്രം പ്രദർശിപ്പിച്ചു. നിര്‍മ്മാണം നിര്‍വ്വഹിച്ചത് ഫർഹാൻ അക്തർ,റിതേഷ് സിദ്ധ്വാനി,വികേഷ് ഭൂട്ടാനി,അലൻ മക്അലക്സ്,ഷുജാത് സൗദാഗർ എന്നിവര്‍ ചേര്‍ന്നാണ്.
സിനിമ ഇപ്പോഴും കുടിൽ വ്യവസായം പോലെ തുടക്കത്തിന്റെ ദശയിൽ നിൽക്കുന്ന പ്രദേശമാണ് മണിപ്പൂര്‍.ചിത്രം 2025സെപ്റ്റംബറിൽ ഇന്ത്യയിൽ പരിമിതമായ തിയേറ്ററുകളിൽ റിലീസ് ചെയ്തു.
2023മെയ് മാസത്തിൽ മണിപ്പൂരിൽ വംശീയ കലാപം പൊട്ടിപ്പുറപ്പെടുന്നതിന് തൊട്ടുമുമ്പാണ് ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായത്.വടക്കുകിഴക്കൻ ഇന്ത്യയെക്കുറിച്ചും അവിടുത്തെ ജനങ്ങളെക്കുറിച്ചും കൂടുതൽ അടുത്തറിയാൻ അവസരം നൽകുന്ന ചിത്രമായി ബൂങ്ങ്.
ചിത്രത്തിന്റെ ഇതിവൃത്തം
ജോലി തേടി മ്യാൻമർ അതിർത്തിയിലുള്ള 'മോറെ' (Moreh)എന്ന സ്ഥലത്തേക്ക് പോയ തന്റെ അച്ഛനെക്കുറിച്ച് വർഷങ്ങളായി ഒരു വിവരവുമില്ല.തന്റെ അമ്മയ്ക്ക് നൽകാൻ കഴിയുന്ന ഏറ്റവും വലിയ സമ്മാനം അച്ഛനെ തിരികെ കൊണ്ടുവരിക എന്നതാണെന്ന് ബൂങ്ങ് വിശ്വസിക്കുന്നു. തന്റെ ഉറ്റ സുഹൃത്തായ രാജുവിനൊപ്പം അച്ഛനെ അന്വേഷിച്ച് അവൻ നടത്തുന്ന സാഹസികമായ യാത്ര തുടരുന്നു...

പുരസ്കാര മകിവിൽ വീണ്ടും
വൺ ബാറ്റിൽ അഫ്റ്റര്‍ അൻദര്‍
2026-ലെ ബാഫ്റ്റ (BAFTA) പുരസ്‌കാരങ്ങൾ ഫെബ്രുവരി 22-ന് ലണ്ടനിലെ റോയൽ ഫെസ്റ്റിവൽ ഹാളിൽ പ്രഖ്യാപിച്ചു. ലിയോണാർഡോ ഡികാപ്രിയോ നായകനായ 'വൺ ബാറ്റിൽ ആഫ്റ്റർ അനദർ' (One Battle After Another) ആറ് പുരസ്‌കാരങ്ങളുമായി മേളയിൽ ആധിപത്യം സ്ഥാപിച്ചു.
പ്രധാന പുരസ്‌കാരങ്ങൾ
മികച്ച ചിത്രം (Best Film): വൺ ബാറ്റിൽ ആഫ്റ്റർ അനദർ (One Battle After Another)
മികച്ച സംവിധായകൻ: പോൾ തോമസ് ആൻഡേഴ്സൺ (വൺ ബാറ്റിൽ ആഫ്റ്റർ അനദർ)
മികച്ച നായകൻ: റോബർട്ട് അരാമായോ (I Swear)
മികച്ച നടി: ജെസ്സി ബക്ലി (Hamnet)
മികച്ച സഹനടൻ: സീൻ പെൻ (വൺ ബാറ്റിൽ ആഫ്റ്റർ അനദർ)
മികച്ച സഹനടി: വുൻമി മൊസാക്കു (Sinners)
മറ്റ് പ്രധാന പുരസ്‌കാരങ്ങൾ
ഔട്ട്സ്റ്റാൻഡിംഗ് ബ്രിട്ടീഷ് ഫിലിം: ഹാംനെറ്റ് (Hamnet)
മികച്ച വിദേശഭാഷാ ചിത്രം: സെന്റിമെന്റൽ വാല്യൂ (Sentimental Value)
മികച്ച അനിമേഷൻ ചിത്രം: സൂടോപ്പിയ 2 (Zootopia 2)
മികച്ച ഡോക്യുമെന്ററി: മിസ്റ്റർ നോബഡി എഗെയ്ൻസ്റ്റ് പുടിൻ (Mr. Nobody Against Putin)
പ്രമുഖ ബോളിവുഡ് താരം ആലിയ ഭട്ട് പുരസ്‌കാര വേദിയിൽ സമ്മാന ദാതാവായി എത്തിയിരുന്നു. ബൂങ്ങിന്റെ നിര്‍മ്മാതാവ് ഫർഹാൻ അക്തർ പുരസ്‌കാര ചടങ്ങിൽ സംബന്ധിച്ചു.










0 comments