print edition ഉന്നാവോ ബലാത്സംഗ കേസില്‍ സെൻഗറിന് ജാമ്യം ; ഡൽഹി ഹൈക്കോടതിക്ക് പുറത്ത് പ്രതിഷേധം

ന്യൂഡൽഹി
ഉന്നാവോ ബലാത്സംഗക്കേസിൽ ബിജെപി മുൻ എംഎൽഎ കുൽദീപ് സിങ് സെൻഗറിന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം നൽകിയ ഡൽഹി ഹൈക്കോടതി വിധിക്കെതിരെ പ്രതിഷേധം ശക്തം. വെള്ളിയാഴ്‌ച കോടതിക്ക് പുറത്ത് അതിജീവിതയുടെ കുടുംബാംഗങ്ങളുൾപ്പെടെ നിരവധി സ്‌ത്രീകൾ പ്രതിഷേധിച്ചു. അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ ജനറൽ സെക്രട്ടറി മറിയം ധാവ്‌ളെ, മഹിളാ അസോസിയേഷൻ പ്രവർത്തകർ, സാമൂഹിക പ്രവർത്തക യോഗിത ഭയാന എന്നിവർ പ്രതിഷേധത്തിൽ പങ്കെടുത്തു. ബലാത്സംഗ കുറ്റവാളിയെ സംരക്ഷിക്കുന്നത് അവസാനിപ്പിക്കുക, അതിജീവിതയ്‌ക്ക് നീതി ഉറപ്പാക്കുക എന്നെഴുതിയ പ്ലക്കാർഡ് ഉയർത്തിയായിരുന്നു പ്രതിഷേധം.
ഹൈക്കോടതിയെ മുഴുവനായും താൻ കുറ്റപ്പെടുത്തുന്നില്ലെന്നും തങ്ങളുടെ വിശ്വാസം തകർത്തത് രണ്ട് ജഡ്‌ജിമാർ മാത്രമാണെന്നും അതിജീവിതയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു. കുടുംബത്തോടുള്ള അനീതിയാണിത്. ഹൈക്കോടതിയിലുള്ള വിശ്വാസം നഷ്ടപ്പട്ടതിനാൽ സുപ്രീംകോടതിയെ സമീപിക്കും. അവിടെനിന്നും നീതി ലഭിച്ചില്ലെങ്കിൽ തങ്ങൾ രാജ്യംവിട്ടുപോകുമെന്നും അവർ പറഞ്ഞു.
സുപ്രീംകോടതിയിൽ ഹർജി
കുൽദീപ് സിങ് സെൻഗറിന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം നൽകിയ ഡൽഹി ഹൈക്കോടതി വിധിക്കെതിരെ വനിതാ അഭിഭാഷകരായ അഞ്ജലി പട്ടേൽ, പൂജ ശിൽപ്‌കർ എന്നിവർ സുപ്രീംകോടതിയിൽ ഹർജി നൽകി. ജാമ്യം നൽകിയ വിധിയിലൂടെ ഹൈക്കോടതി ഗുരുതര പിഴവ് വരുത്തിയെന്ന് ഹർജിയിൽ പറഞ്ഞു. വിധിക്കെതിരെ സിബിഐ സുപ്രീംകോടതിയെ സമീപിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.










0 comments