ad
Deshabhimani

പ്രണയത്തിന് പ്രായമില്ല; വാലന്റൈൻസ് ദിനത്തിൽ 50 കഴിഞ്ഞവർക്കായി കൊൽക്കത്തയിൽ 'സ്വയംവരം'

swayamvar 50+
വെബ് ഡെസ്ക്

Published on Feb 04, 2026, 03:47 PM | 1 min read

കൊൽക്കത്ത: പ്രണയദിനമായ ഫെബ്രുവരി 14ന് കൊൽക്കത്തയിൽ ഭാഗ്യം പരീക്ഷിക്കാൻ ഒരുങ്ങുകയാണ് 50 കഴിഞ്ഞവർ. ഒറ്റപ്പെടലും ആരോഗ്യപ്രശ്നങ്ങളും വേട്ടയാടുന്ന വാർദ്ധക്യകാലത്ത് ഒരു കൂട്ട് ആഗ്രഹിക്കുന്ന മുതിർന്ന പൗരന്മാർക്കായി കൊൽക്കത്തയിലെ ഒരു സന്നദ്ധ സംഘടനയാണ് ഈ വ്യത്യസ്തമായ 'സ്വയംവരം' ഒരുക്കുന്നത്.


'ഠിക്കാന ഷിംല' എന്ന എൻജിഒയുടെ നേതൃത്വത്തിൽ മുതിർന്ന പൗരന്മാർക്കായി നടത്തുന്ന ഈ മാച്ച് മേക്കിംഗ് പരിപാടി 11-ാം വർഷത്തിലേക്ക് കടക്കുകയാണ്. ഇത്തവണ ഹൂഗ്ലി നദിക്കരയിലുള്ള ഒരു ഗാർഡൻ ഹൗസിലാണ് പരിപാടി നിശ്ചയിച്ചിരിക്കുന്നത്. 50 വയസ്സിന് മുകളിലുള്ള അവിവാഹിതർ, വിധവകൾ, വിവാഹമോചിതർ എന്നിവർക്കാണ് ഇതിൽ പങ്കെടുക്കാൻ അവസരം. ഇത്തവണ തിരഞ്ഞെടുക്കപ്പെട്ട 30 പുരുഷന്മാരും 30 സ്ത്രീകളും പ്രണയദിനത്തിൽ ഒന്നിച്ചിരുന്ന് സംസാരിക്കുകയും പാട്ടും നൃത്തവുമായി സമയം ചെലവഴിക്കുകയും ചെയ്യും.


'പ്രായാധിക്യം മൂലം ബന്ധുക്കളും കുടുംബാംഗങ്ങളും ഒപ്പമുണ്ടെങ്കിലും, മനസ്സ് തുറന്ന് സംസാരിക്കാൻ ഒരു കൂട്ടില്ലാത്തത് പലരെയും മാനസികമായി തളർത്തുന്നുണ്ട്. ആ വിടവ് നികത്താനാണ് ഞങ്ങൾ ഈ വേദി ഒരുക്കുന്നത്,'- എന്ന് സംഘടനയുടെ സ്ഥാപകൻ ഡോ. അമിതാഭ് ദേ സർക്കാർ പറയുന്നു. വിവാഹം മാത്രമല്ല ലക്ഷ്യം, നല്ലൊരു സൗഹൃദം കണ്ടെത്താനും ഈ പ്ലാറ്റ്‌ഫോം സഹായിക്കുന്നു.


"ഈ വയസ്സിൽ പ്രണയിക്കുന്നതോ കൂട്ട് തേടുന്നതോ ഒരു തെറ്റായി കാണുന്ന സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നത്. എന്നാൽ ഇവിടെ ഞങ്ങൾക്ക് സങ്കോചമില്ലാതെ സംസാരിക്കാം. ഇത് എന്നെ വീണ്ടും 18 വയസ്സുകാരനാക്കുന്നത് പോലെ തോന്നിപ്പിക്കുന്നു," കഴിഞ്ഞ വർഷം പങ്കെടുത്ത 62കാരൻ തന്റെ അനുഭവം പങ്കുവെച്ചു.


300 രൂപ ഫീസും സെൽഫ് ഡിക്ലറേഷൻ ഫോമും നൽകിയാണ് ഇവർ ഇതിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ പരിപാടിയുടെ എല്ലാ സ്ലോട്ടുകളും ഫുൾ ആയെന്നത് മുതിർന്നവരുടെ ഇടയിൽ ഇത്തരം വേദികൾക്കുള്ള വലിയ ആവശ്യകതയാണ് ചൂണ്ടിക്കാട്ടുന്നത് എന്നും ബന്ധപ്പെട്ടവർ പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home