ad
Deshabhimani

print edition ബംഗാളിൽ ബാബ്റി മാതൃകയിൽ മസ്ജിദ് ; ഇടപെടാനാകില്ലെന്ന് 
കല്‍ക്കട്ട ഹൈക്കോടതി

kolkata high court
വെബ് ഡെസ്ക്

Published on Dec 06, 2025, 04:09 AM | 1 min read


കൊല്‍ക്കത്ത

പശ്ചിമബംഗാളിലെ മുര്‍ഷിദാബാദിൽ ശനിയാഴ്‌ച തൃണമൂല്‍ എംഎൽഎ ഹുമയൂൺ കബീറിന്റെ നേതൃത്വത്തിൽ ബാബ്‍റി മസ്‍ജിദ് മാതൃകയിൽ നിര്‍മിക്കുന്ന പള്ളിയുടെ ശിലാസ്ഥാപനത്തിൽ ഇടപെടാൻ കല്‍ക്കട്ട ഹൈക്കോടതി വിസമ്മതിച്ചു. ക്രമസമാധാനം ഉറപ്പാക്കേണ്ട ചുമതല സംസ്ഥാന സര്‍ക്കാരിനാണെന്ന് ആക്‌ടിങ് ചീഫ് ജസ്റ്റിസ് സുജോയ് പോളിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് പറഞ്ഞു. ക്രമസമാധാന പ്രശ്നമുണ്ടാകാനിടയുള്ളതിനാൽ പള്ളി നിര്‍മാണത്തിന് സ്റ്റേ ആവശ്യപ്പെട്ടുള്ള പൊതുതാൽപ്പര്യ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.


ബാബ്‍റി മസ്‍ജിദ് സംഘപരിവാര്‍ തകര്‍ത്ത ഡിസംബര്‍ ആറിന് മുര്‍ഷിദാബാദിലെ ബെല്‍ദംഗയിൽ പള്ളിക്ക്‌ ശിലയിടുമെന്ന് ഹുമയൂൺ കബീര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെ ബിജെപി രംഗത്തുവന്നതോടെ മുൻമന്ത്രിയും എംഎൽഎയുമായ ഹുമയൂൺ കബീറിനെ തൃണമൂൽ കോൺഗ്രസ്‌ സസ്‍പെൻഡ്ചെയ്‌തു. അതേസമയം നിയമസഭാംഗത്വം രാജിവച്ച് പുതിയ പാര്‍ടി ഡിസംബര്‍ 22ന് പ്രഖ്യാപിക്കുമെന്ന് ഹുമയൂൺ കബീര്‍ പറഞ്ഞു. ശിലാസ്ഥാപന പരിപാടിയുമായി മുന്നോട്ടുപോകും.


തൃണമൂൽ ന്യൂനപക്ഷങ്ങളെ വിഡ്ഢികളാക്കുകയാണെന്നും ആര്‍എസ്എസുമായും ബിജെപിയുമായും തൃണമൂലിന് ധാരണയുണ്ടെന്നും കബീര്‍ പറഞ്ഞു. അനന്തരവന്‍ അഭിഷേക് ബാനര്‍ജിയെ വാഴിക്കാൻ മമത ശ്രമിക്കുകയാണെന്ന് പറഞ്ഞതിന് 2015ൽ തൃണമൂലിൽനിന്ന് ഹുമയൂണിനെ പുറത്താക്കിയിരുന്നു. പിന്നീട് കോൺഗ്രസിൽ ചേര്‍ന്നു. 2019 ലോക്‍സഭാ തെരഞ്ഞെടുപ്പിന് മുമ്പ്‌ ബിജെപിയിൽ ചേര്‍ന്ന് മുര്‍ഷിദാബാദിൽ മത്സരിച്ചു. 2021ൽ തൃണമൂലിലേക്ക് മടങ്ങി ഭരത്പുരിൽനിന്ന് നിയമസഭയിലെത്തി.

ബിജെപി പ്രതിഷേധ സാധ്യത കണക്കിലെടുത്ത് ബെല്‍ദംഗയില്‍‌ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home