മയക്കുമരുന്ന് നൽകി തട്ടിക്കൊണ്ട് പോയി; വിദ്യാർഥിക്ക് നിർബന്ധിത വിവാഹം, സംഭവം ബീഹാറിൽ

സമസ്തിപൂർ: വിദ്യാർഥിയെ മയക്കുമരുന്ന് നൽകി തട്ടിക്കൊണ്ടു പോയ ശേഷം നിർബന്ധിതമായി വിവാഹം കഴിപ്പിച്ചു. പതോരി പൊലീസ് സ്റ്റേഷൻ പരിധിയിലെ ചക്രജ് അലി ഗ്രാമവാസിയായ നിതീഷ് കുമാറിനെയാണ് തട്ടിക്കൊണ്ടുപോയത്. ഫെബ്രുവരി ഏഴിന് ലൈബ്രറിയിലേക്ക് പോകുമ്പോഴാണ് ഒരു കൂട്ടം ആളുകൾ ചേർന്ന് യുവാവിനെ തട്ടിക്കൊണ്ട് പോയത്. പാനീയത്തിൽ മയക്കുമരുന്ന് കലർത്തി ബോധരഹിതനാക്കിയ ശേഷം സമീപത്തെ ഗ്രാമത്തിലേക്ക് കൊണ്ടു പോവുകയായിരുന്നു.
തുടർന്ന് ശങ്കർ റായിയുടെ മകൾ ലക്ഷ്മി കുമാരിയെ നിർബന്ധിതമായി വിവാഹം കഴിപ്പിച്ചു. സഹായം അഭ്യർഥിക്കുന്നത് തടയാനായി ഇയാളെ ഒരു മുറിയിൽ പൂട്ടിയിട്ടു. രണ്ട് ദിവസത്തോളം യുവാവിനെ തടങ്കലിൽ വെച്ചതായും വിവാഹത്തിന് വഴങ്ങാൻ നിരന്തരം മയക്കുമരുന്ന് നൽകിയതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
തടങ്കലിൽ കഴിയവെ രഹസ്യമായി ചിത്രീകരിച്ച വീഡിയോയും വിവാഹത്തിന്റെ ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് സംഭവം പുറത്തറിഞ്ഞത്. വിവാഹത്തിന്റെ വീഡിയോയിൽ നിതീഷ് തീർത്തും അവശനായും മാല അണിയിക്കാൻ പോലുമാകാതെ തളർന്നിരിക്കുന്നതും കാണാനാവും. വീഡിയോ ശ്രദ്ധയില്‍പ്പെട്ട വീട്ടുകാർ ഉടൻ പൊലീസിൽ വിവരമറിയിക്കുകയും നിതീഷിനെ മോചിപ്പിക്കുകയും ചെയ്തു.
വീട്ടുകാർ നിശ്ചയിച്ചുറപ്പിച്ച വിവാഹമായിരുന്നു എന്നാണ് വധുവിന്റെ വീട്ടുകാരുടെ അവകാശ വാദം. കൂടുതൽ അന്വേഷണത്തിന് ശേഷം ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.










0 comments