'മിണ്ടരുത്'; ഗ്രൂപ്പ് പോര് പുറത്തറിയാതിരിക്കാൻ കോൺഗ്രസിൽ ഖാര്‍ഗെയുടെ 'നിശബ്ദതാ' നിർദേശം

ബംഗളൂരു: കർണാടക കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് പോരും കസേരക്കളിയും പരിധി ലംഘിച്ചതോടെ നേതാക്കളുടെ വായടപ്പിക്കാൻ ഹൈക്കമാൻഡ്. മുഖ്യമന്ത്രി പദത്തെച്ചൊല്ലി സിദ്ധരാമയ്യയും ഡി കെ ശിവകുമാറും തമ്മിൽ നടത്തുന്ന പോര് പാർട്ടിയെ പ്രതിരോധത്തിലാക്കിയതോടെയാണ് 'ആരും ഒന്നും മിണ്ടിപ്പോകരുത്' എന്ന വിചിത്ര നിർദ്ദേശവുമായി ഖർഗെയും സംഘവും രംഗത്തെത്തിയിരിക്കുന്നത്. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാര്‍ഗെയുടെ 'വായടക്കൽ' നിർദ്ദേശം നേതാക്കൾ കർശനമായി പാലിക്കണമെന്ന് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ തന്നെ നേരിട്ട് ആവശ്യപ്പെട്ടത് രാഷ്ട്രീയ വൃത്തങ്ങളിൽ പരിഹാസത്തിന് ഇടയാക്കിയിട്ടുണ്ട്.
പാർട്ടിക്കുള്ളിലെ തർക്കങ്ങൾ ജനാധിപത്യപരമായി പരിഹരിക്കാൻ കഴിയാത്ത കോൺഗ്രസ് നേതൃത്വം, വിവരങ്ങൾ പുറത്തറിയാതിരിക്കാൻ നേതാക്കളുടെ വായ മൂടിക്കെട്ടുന്നത് ഗതികേടാണെന്നാണ് വിലയിരുത്തപ്പെടുന്നത്. തനിക്ക് അനുകൂലമായോ പ്രതികൂലമായോ ആരും ഒന്നും പറയേണ്ടെന്ന് ശിവകുമാർ പറയുന്നത് ഗ്രൂപ്പ് പോര് കൈവിട്ടുപോകുമെന്ന ഭയം മൂലമാണ്. ഇതിനിടെ ശിവകുമാറിന് 90 എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് സത്യം വിളിച്ചുപറഞ്ഞ ഇക്ബാൽ ഹുസൈൻ എംഎൽഎയ്ക്ക് നോട്ടീസ് നൽകി വായടപ്പിക്കാൻ ശ്രമിക്കുമ്പോഴും, സിദ്ധരാമയ്യയ്ക്ക് വേണ്ടി വാദിക്കുന്ന മകൻ യതീന്ദ്രയ്ക്കെതിരെ ഹൈക്കമാൻഡ് മൗനം പാലിക്കുന്നത് കോൺഗ്രസിനുള്ളിലെ ഇരട്ടത്താപ്പിന് തെളിവാണ്.
അധികാരം ഉറപ്പിക്കാൻ ഡൽഹിയിൽ തിരക്കിട്ട ചർച്ചകൾ നടത്തുമ്പോഴും പുറത്ത് എല്ലാവരും മിണ്ടാതിരിക്കണമെന്ന് പറയുന്നത് അണികളെയും ജനങ്ങളെയും വിഡ്ഢികളാക്കുന്നതിന് തുല്യമാണ്. ജനങ്ങളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിന് പകരം സ്വന്തം അടി എങ്ങനെ മൂടിവെക്കാം എന്നതിലാണ് കർണാടകയിലെ ഭരണകക്ഷിയുടെ ശ്രദ്ധ മുഴുവൻ.










0 comments