ad
Deshabhimani

അവയവദാനത്തിനായി മനുഷ്യക്കടത്ത്, ഈ വർഷവും രണ്ട് പേരെ കയറ്റി അയച്ചതായി എൻഐഎ

org
വെബ് ഡെസ്ക്

Published on Dec 18, 2025, 11:07 AM | 2 min read

കൊച്ചി: അനധികൃത അവയവദാനത്തിനായി വിദേശ രാജ്യങ്ങളിലേക്ക് ആളുകളെ കടത്തുന്ന റാക്കറ്റ് ഈ വർഷവും ഒഡീഷയിൽ നിന്ന് രണ്ട് പേരെ താജിക്കിസ്ഥാനിലേക്ക് അയച്ചതായി ദേശീയ അന്വേഷണ ഏജൻസിയായ എൻ‌ഐ‌എ കോടതിയിൽ വെളിപ്പെടുത്തി.


രാജ്യാന്തര സംഘത്തിനെതിരെ കേരളത്തിൽ എൻഐഎ റജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം തുടരുകയാണ്. ഇതിന് ഇടയിലാണ്  സംഘത്തിന്റെ പ്രവർത്തനം തുടരുന്നതായുള്ള അന്വേഷക സംഘത്തിന്റെ തന്നെ കണ്ടെത്തൽ.


അവയവക്കടത്ത് റാക്കറ്റിലെ പാലാരിവട്ടം സ്വദേശിയായ ഒന്നാം പ്രതി മധു ജയകുമാറിനെ കൂടുതൽ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി (എൻ‌ഐ‌എ) കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് പുതിയ വിവരങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്.


നേരത്തെ ഇറാഖിലേക്കായിരുന്നു അധികം പേരെയും കടത്തിയിരുന്നത്. ഇപ്പോൾ താജിക്കിസ്ഥാനും ലക്ഷ്യ കേന്ദ്രമായി മാറിയിരിക്കുന്നു. എൻ ഐ എ രാജ്യാന്തര തലത്തിൽ അന്വേഷിക്കുന്ന കേസാണ്.


കേസ് തുടങ്ങിയത് 2024 ൽ


സംഘടിത അവയവക്കടത്ത് ശൃംഖലയുടെ ഭാഗമായ സാബിത്ത് എന്ന വ്യക്തിയെ 2024 മെയ് 18 ന് കൊച്ചി വിമാനത്താവളത്തിൽ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ പിടികൂടിയതോടെയാണ് കേസ് വെളിച്ചത്തുവന്നത്.


തുടർന്നുള്ള അന്വേഷണത്തിൽ വിജയവാഡ സ്വദേശിയായ ബെല്ലംകൊണ്ട റാം പ്രസാദും അറസ്റ്റിലായി. അവയവ ദാതാക്കളെയും സ്വീകർത്താക്കളെയും അനധികൃത അവയവമാറ്റത്തിനായി ഇറാനിലെ ആശുപത്രികളിലേക്ക് കൊണ്ടുപോകാൻ ഇവർ സൗകര്യമൊരുക്കിയതായി കണ്ടെത്തി.


ഒരു വർഷത്തിലേറെയായി ഒളിവിലായിരുന്ന കേസിലെ മുഖ്യ പ്രതി ജയകുമാർ ഈ വർഷം നവംബർ 7 ന് ന്യൂഡൽഹി വിമാനത്താവളത്തിൽ എത്തിയപ്പോൾ അറസ്റ്റിലായി.

 

ഇറാനിൽ വൃക്ക മാറ്റിവയ്ക്കൽ നടത്തിയ 27 സ്വീകർത്താക്കളുടെ പേരുകൾ ജയകുമാർ വെളിപ്പെടുത്തിയതായി എൻ‌ഐ‌എ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ  വ്യക്തമാക്കുന്നു. ചോദ്യം ചെയ്യലിനിടെ 11 ദാതാക്കളുടെ പേരുകളും വെളിപ്പെടുത്തിയതായും എൻ‌ഐ‌എ പറഞ്ഞു.


എന്നാൽ ഈ കേസ് രജിസ്റ്റർ ചെയ്തതിനുശേഷവും 2025 ൽ, ഒഡീഷയിൽ നിന്നുള്ള രണ്ട് പേരെ താജിക്കിസ്ഥാനിലേക്ക് എത്തിച്ചു. അവിടെ അവരുടെ വൃക്കകൾ പ്രതികൾ വഴി സമ്പന്നരായ സ്വീകർത്താക്കൾക്ക് മാറ്റിവച്ചു. എൻ ഐ എ  സത്യവാങ്മൂലത്തിൽ പറയുന്നു.


പൊതു പ്രവർത്തനത്തിന്റെ മുഖം


ജയകുമാർ സ്ഥാപിച്ച ഹെൽത്ത് ക്ലബ്ബായ സ്റ്റെമ്മ ക്ലബ്ബ് ഈ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് എല്ലാം മറയായി ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു.


സ്റ്റെമ്മ ക്ലബ്ബ് വഴിയും വിവിധ ബാങ്ക് അക്കൗണ്ടുകൾ വഴിയും വൃക്ക വ്യാപാരത്തിലൂടെ നേടിയ വലിയ തുക ബിറ്റ്കോയിനും യുഎസ്ഡിടിയും ആക്കി മാറ്റി. പ്രതി നടത്തിയ ഈ ബിറ്റ്കോയിൻ, യുഎസ്ഡിടി ഇടപാടുകളുടെ വിശദാംശങ്ങൾ സംബന്ധിച്ച് അന്വേഷണം തുടരുകയാണ്.


ഒന്നാം പ്രതിയായ ജയകുമാർ നിലവിൽ എൻ‌ഐ‌എ കസ്റ്റഡിയിലാണ്. വ്യാഴാഴ്ച രാവിലെ 11 മണിക്ക് ഇത് അവസാനിക്കും. പ്രതികളുടെ വെളിപ്പെടുത്തലുകളുടെ വെളിച്ചത്തിൽ കേസിന്റെ എല്ലാ വശങ്ങളും പുറത്തുകൊണ്ടുവരാൻ വിശദവും സമഗ്രവുമായ ചോദ്യം ചെയ്യൽ ആവശ്യമാണെന്ന് എൻ‌ഐ‌എ കോടതി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home