ad
Deshabhimani

കേന്ദ്രവിഹിതം തുച്ഛമായ തുക തന്നെ; എന്നിട്ടും ഉച്ചഭക്ഷണ തൊഴിലാളികൾക്ക് ഉയർന്ന ഓണറേറിയം കേരളത്തിൽ

Mid Day Meals
വെബ് ഡെസ്ക്

Published on Mar 25, 2026, 08:11 PM | 1 min read

ന്യഡൽഹി: കേന്ദ്രസർക്കാർ സാമ്പത്തികമായി ഞെരുക്കുമ്പോഴും രാജ്യത്ത് ഉച്ചഭക്ഷണ പാചക തൊഴിലാളികൾക്ക് ഏറ്റവും ഉയർന്ന ഓണറേറിയം തുക നൽകുന്നത് കേരളത്തിൽ. രാജ്യസഭയിൽ ജോൺ ബ്രിട്ടാസ് എംപി ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര സർക്കാർ നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.


കുക്ക്‌ കം ഹെൽപ്പർമാർക്ക്‌ (സിസിഎച്ച്‌എം) പദ്ധതി മാർഗരേഖപ്രകാരം ആയിരം രൂപയാണ് നൽകുന്നത്. ഇതിൽ മിക്ക സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും 600 രൂപയാണ്‌ കേന്ദ്രം അനുവദിക്കുന്നത്‌. ബാക്കി 400 ര‍ൂപ അതത്‌ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുമാണ്‌ മുടക്കുന്നത്‌.


കേരളത്തിൽ, കേന്ദ്രവിഹിതത്തിന് പുറമെ പ്രതിമാസം 11,000 രൂപയാണ് അധിക ഓണറേറിയമായി നൽകുന്നത്. ഇതോടെ കേരളത്തിലെ തൊഴിലാളികൾക്ക് ലഭിക്കുന്ന ആകെ തുക 12,000 രൂപയാണ്. ഇത് രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളെക്കാളും ഉയർന്ന നിരക്കാണ്. തമിഴ്‌നാട് വിവിധ വിഭാഗങ്ങളിലായി 3,100 രൂപ മുതൽ 11,500 രൂപ വരെ അധിക ഓണറേറിയം നൽകുന്നുണ്ടെങ്കിലും, എല്ലാ തൊഴിലാളികൾക്കും സ്ഥിരമായി ഏറ്റവും ഉയർന്ന വേതനം ഉറപ്പാക്കുന്നത് കേരളം മാത്രമാണ്.


സംസ്ഥാനങ്ങളുടെ വാർഷിക പദ്ധതിയുടെയും ബജറ്റിന്റെയും അടിസ്ഥാനത്തിലാണ് ഈ കണക്കുകൾ തയ്യാറാക്കിയിരിക്കുന്നത്. എന്നാൽ കേരളത്തിലെ എൽഡിഎഫ് സർക്കാർ ഇതിനുശേഷവും വേതനത്തിൽ വർധനവ് വരുത്തിയിട്ടുണ്ട്. 2025ലെ വർധനവിന് പുറമെ, 2026–27 ബജറ്റിൽ പ്രതിദിനം 75 രൂപ കൂടി വർദ്ധിപ്പിച്ചു. ഇതോടെ 20 പ്രവൃത്തിദിവസങ്ങൾ കണക്കാക്കിയാൽ പ്രതിമാസ ഓണറേറിയം 13,500 രൂപയായി ഉയരും. ഇതിൽ സംസ്ഥാനത്തിന്റെ വിഹിതം മാത്രം 12,500 രൂപയോളമാണ്.


സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്ത്രീകളായ തൊഴിലാളികൾക്ക് അർഹമായ പ്രതിഫലവും തൊഴിൽ മാന്യതയും ഉറപ്പാക്കുന്നതിൽ കേരളം കാണിക്കുന്ന പ്രതിബദ്ധതയാണ് ഇത് കാണിക്കുന്നത്.


കേരളത്തിന്റെ ഉൾപ്പെടെ ആവർത്തിച്ചുള്ള അഭ്യർത്ഥനകൾ അവഗണിച്ച്, കേന്ദ്രസർക്കാർ 600 രൂപ വിഹിതം വർഷങ്ങളായി വർധിപ്പിച്ചിട്ടില്ല. തൊഴിലാളികൾക്ക് അർഹമായ വേതനം നൽകാനുള്ള ഉത്തരവാദിത്തം സംസ്ഥാനങ്ങളുടെ ചുമലിൽ കെട്ടിവെച്ച് കയ്യൊഴിയുകയാണ് കേന്ദ്രസർക്കാർ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home